എന്‍ഡിഎയിലേക്ക് ഇല്ലെന്ന് ട്വന്‍റി 20 കൗണ്‍സിലര്‍; ഇടഞ്ഞുനില്‍ക്കുന്നവരെ കൂടെ ചേര്‍ക്കാന്‍ കോണ്‍ഗ്രസും ഇടതും

എന്‍ഡിഎയിലേക്ക് പോകാന്‍ തയ്യാറല്ലെന്ന് തൃക്കാക്കര നഗരസഭയിലെ ഏക ട്വന്റി 20 അംഗമായ റെനി തോമസ്

എന്‍ഡിഎയിലേക്ക് ഇല്ലെന്ന് ട്വന്‍റി 20 കൗണ്‍സിലര്‍; ഇടഞ്ഞുനില്‍ക്കുന്നവരെ കൂടെ ചേര്‍ക്കാന്‍ കോണ്‍ഗ്രസും ഇടതും
dot image

കൊച്ചി: എന്‍ഡിഎയില്‍ ചേര്‍ന്നതിന് പിന്നാലെ ട്വന്റി 20യില്‍ ഭിന്നത. ട്വന്റി 20 പാര്‍ട്ടി എന്‍ഡിഎയില്‍ അംഗമായത് അംഗീകരിക്കാനാവില്ലെന്ന് തൃക്കാക്കര നഗരസഭയിലെ ഏക ട്വന്റി 20 അംഗമായ റെനി തോമസ് പറഞ്ഞു. സ്വതന്ത്ര പാര്‍ട്ടിയെന്ന നിലയിലാണ് താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്നും അങ്ങനെയാണ് അംഗമായതെന്നും റെനി തോമസ് കൂട്ടിച്ചേര്‍ത്തു.

'ഞങ്ങളോട് ചോദിച്ചിട്ടല്ല പാര്‍ട്ടി തീരുമാനമെടുത്തത്. എന്‍ഡിഎയിലേക്ക് പോകാന്‍ ഞാന്‍ തയ്യാറല്ല. ഭാവി കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കും', റെനി തോമസ് വ്യക്തമാക്കി. നിലവില്‍ തെരഞ്ഞെടുക്കപ്പെട്ട നാല് പഞ്ചായത്തുകളിലെ പൂതൃക്കയില്‍ ട്വന്റി 20യുടെ ഭാവി അനിശ്ചിതത്വത്തിലാണ്. നറുക്കെടുപ്പിലൂടെയാണ് പൂതൃക്കയില്‍ ട്വന്റി 20 അധികാരത്തിലെത്തിയത്.

പൂതൃക്കയില്‍ ട്വന്റി 20ക്കും കോണ്‍ഗ്രസിനും ഏഴ് സീറ്റുകള്‍ വീതമായിരുന്നു ലഭിച്ചത്. എല്‍ഡിഎഫിന് രണ്ട് സീറ്റും. പിന്നാലെ നടത്തിയ നറുക്കെടുപ്പില്‍ ട്വന്റി 20ക്ക് ഭാഗ്യം തുണക്കുകയായിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ എന്‍ഡിഎക്കെതിരെ എല്‍ഡിഎഫും യുഡിഎഫും കൈക്കോര്‍ക്കാന്‍ തീരുമാനിച്ചാല്‍ ട്വന്റി 20ക്ക് ഭരണം നഷ്ടമാകും. കിഴക്കമ്പലം, തിരുവാണിയൂര്‍, ഐക്കരനാട് പഞ്ചായത്തുകളില്‍ നിലവില്‍ പേടിക്കാനുള്ള സാഹചര്യമില്ല.

തിരുവാണിയില്‍ ഒമ്പത് സീറ്റുകളാണ് ട്വന്റി 20 നേടിയത്. എല്‍ഡിഎഫിന് അഞ്ചും യുഡിഎഫിന് നാലും സീറ്റുമാണ് തിരുവാണിയില്‍ നേടാന്‍ സാധിച്ചത്. ഐക്കരനാട് പഞ്ചായത്തില്‍ ആകെയുള്ള 16 സീറ്റിലും ട്വന്റി ട്വന്റിയാണ് വിജയിച്ചത്. കിഴക്കമ്പലത്ത് 14 സീറ്റുകള്‍ ട്വന്റി 20 അധികാരത്തിലെത്തി. എന്‍ഡിഎയുമായി ചേര്‍ന്നത് അംഗീകരിക്കാന്‍ സാധിക്കാത്ത അംഗങ്ങള്‍ കൂട്ടമായി രാജിവെക്കുകയോ പാര്‍ട്ടി മാറുകയോ ചെയ്താല്‍ മാത്രമേ ഈ പഞ്ചായത്തുകളില്‍ ഭരണം നഷ്ടമാകുകയുള്ളു.

എന്നാല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന വടവുകോട്-പുത്തന്‍കുരിശ് പഞ്ചായത്തിന്റെ കാര്യവും അനിശ്ചിതത്വത്തിലാണ്. വടവുകോട്- പുത്തന്‍കുരിശില്‍ കോണ്‍ഗ്രസിന് ഭരണം ലഭിച്ചത് ട്വന്റി 20യുടെ പിന്തുണയിലാണ്. പുത്തന്‍കുരിശ് പഞ്ചായത്തില്‍ ഏഴ് സീറ്റ് കോണ്‍ഗ്രസിനും എട്ട് സീറ്റ് എല്‍ഡിഎഫിനും രണ്ട് സീറ്റ് ട്വന്റി 20ക്കുമായിരുന്നു ലഭിച്ചത്. ട്വന്റി 20യുടെ പിന്തുണയില്‍ ഭരണം കോണ്‍ഗ്രസിന് ലഭിക്കുകയായിരുന്നു. പുത്തന്‍കുരിശില്‍ കോണ്‍ഗ്രസിന്റെ തീരുമാനമെന്തെന്നത് നിര്‍ണായകമാണ്.

കഴിഞ്ഞ ദിവസം ട്വന്റി 20 അധ്യക്ഷന്‍ സാബു എം ജേക്കബും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരും കൂടി ട്വന്റി 20യുടെ എന്‍ഡിഎ പ്രവേശനം പ്രഖ്യാപിക്കുകയായിരുന്നു. ഇന്ന് തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന പരിപാടിയില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന, വികസനം കൊണ്ടുവരുന്ന പാര്‍ട്ടിയാണ് ട്വന്റി 20യെന്നും എന്‍ഡിഎയുടെ ഭാഗമാകുന്നതില്‍ വലിയ സന്തോഷമെന്നുമാണ് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത്.

Content Highlights: dispute in Sabu Jacob s Twenty 20 after joining NDA

dot image
To advertise here,contact us
dot image