സാബു RSS ഏജന്റായിരുന്നു; ട്വന്റി 20 അതിന്റെ ടൂളായിരുന്നു എന്ന് ഇപ്പോള്‍ വ്യക്തമായില്ലേ: എസ് സതീഷ്

വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്തില്‍ ട്വന്റി 20 കൂട്ടുകെട്ട് എന്നാണ് കോണ്‍ഗ്രസ് അവസാനിപ്പിക്കുന്നത് എന്നാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ചോദിച്ചത്

സാബു RSS ഏജന്റായിരുന്നു; ട്വന്റി 20 അതിന്റെ ടൂളായിരുന്നു എന്ന് ഇപ്പോള്‍ വ്യക്തമായില്ലേ: എസ് സതീഷ്
dot image

കൊച്ചി: ട്വന്റി 20യുടെ എന്‍ഡിഎ പ്രവേശനത്തില്‍ പ്രതികരിച്ച് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി എസ് സതീഷ്. സാബു എം ജേക്കബ് ആര്‍എസ്എസിന്റെ ഏജന്റായിരുന്നുവെന്ന് സതീഷ് പറഞ്ഞു. ട്വന്റി 20 അതിനുളള ടൂളായിരുന്നുവെന്ന് ഇപ്പോള്‍ വ്യക്തമായില്ലേ എന്നും അദ്ദേഹം ചോദിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു എസ് സതീഷിന്റെ പ്രതികരണം.

വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്തില്‍ ട്വന്റി 20 കൂട്ടുകെട്ട് എന്നാണ് കോണ്‍ഗ്രസ് അവസാനിപ്പിക്കുന്നത് എന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ചോദിച്ചു. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ട്വന്റി 20യുടെ രണ്ട് അംഗങ്ങള്‍ പിന്തുണച്ചതോടെയാണ് പുത്തുന്‍കുരിശ്ശ് പഞ്ചായത്തില്‍ പത്തുവര്‍ഷത്തിന് ശേഷം യുഡിഎഫ് ഭരണം പിടിച്ചത്. ട്വന്‍റി 20 എൻഡിഎയിൽ ചേർന്നതോടെ പിന്തുണ കോണ്‍ഗ്രസ് പിൻവലിക്കുമോയെന്നാണ് സിപിഐഎം നേതാക്കൾ ഉന്നയിക്കുന്ന ചോദ്യം.

നമ്മളാണ് ശരിയെന്ന് കാലം തെളിയിച്ചുവെന്ന് പി വി ശ്രീനിജിൻ എംഎൽഎയും പ്രതികരിച്ചു. ഇന്ന് ഉച്ചയോടെയാണ് ട്വന്റി 20യുടെ എൻഡിഎ പ്രവേശനം ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന പരിപാടിയില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന, വികസനം കൊണ്ടുവരുന്ന പാര്‍ട്ടിയാണ് ട്വന്റി 20യെന്നും എന്‍ഡിഎയുടെ ഭാഗമാകുന്നതില്‍ വലിയ സന്തോഷമെന്നുമാണ് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത്.

തദ്ദേശ തെരഞ്ഞെടുപ്പിൽ ട്വന്റി 20ക്ക് അടിപതറിയിരുന്നു. കുന്നത്തുനാട്ടിലും മഴുവന്നൂരും ട്വന്റി 20ക്ക് ഭരണം നഷ്ടമായിരുന്നു. ബ്ലോക്ക് പഞ്ചായത്തിലും ജില്ലാ പഞ്ചായത്തിലും ട്വന്റി20 നേരിട്ടത് കനത്ത തിരിച്ചടിയാണ്. ഭരിച്ചിരുന്ന നാല് പഞ്ചായത്തുകളിൽ ഐക്കരനാടും കിഴക്കമ്പലവും മാത്രമാണ് ഇക്കുറി ഒപ്പം നിന്നത്. കുന്നത്തുനാട്ടിലും മഴുവന്നൂരും ട്വന്റി20 നേരിട്ടത് കനത്ത പരാജയമാണ്. ഭരിച്ചിരുന്ന ഏക ബ്ലോക്ക് പഞ്ചായത്ത് ആയ വടവുകോടും ട്വന്റി20ക്ക് ഇത്തവണ നഷ്ടപ്പെട്ടിരുന്നു. അതിന് ശേഷമാണ് ട്വന്റി 20യുടെ നിര്‍ണായ തീരുമാനം.

Content Highlights: sabu m jacob was rss agent and twenty 20 was its tool says cpim ernakulam secretary s satheesh

dot image
To advertise here,contact us
dot image