

ന്യൂഡല്‍ഹി: കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപിയുടെ ഒരുക്കങ്ങൾ വിലയിരുത്തി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ. തിരുവനന്തപുരം കോർപറേഷൻ വിജയം മുൻനിർത്തി പ്രചാരണം മുന്നോട്ട് കൊണ്ടുപോകാൻ സംസ്ഥാന നേതൃത്വത്തിന് നിർദേശം നൽകി. തിരുവനന്തപുരം കോർപറേഷൻ വിജയത്തെയും വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനെയും തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തലസ്ഥാനത്തെത്തും. തിരുവനന്തപുരം കോർപറേഷൻ ബിജെപി കൈയ്യടക്കിയാൽ 45 ദിവസത്തിനകം നരേന്ദ്ര മോദി കേരളത്തിൽ എത്തുമെന്ന് ബിജെപി ആഹ്വാനം ചെയ്തിരുന്നു. നാളെ രാവിലെ 10.30ഓടെ മോദി തിരുവനന്തപുരത്ത് എത്തിചേരുന്നത്തോട് കൂടി ബിജെപിയുടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് തുടക്കം കുറിക്കും. തിരുവനന്തപുരം കോർപറേഷൻ വികസനത്തിൻ്റെ ബ്ലൂ പ്രിൻ്റും മോദി നാളെ അവതരിപ്പിക്കും.
ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തെ ലക്ഷ്യം വെച്ചുള്ള വമ്പൻ പദ്ധതികളാണ് ബിജെപി നടപ്പാക്കാൻ പോകുന്നത്. തിരുവനന്തപുരം ജില്ലയിൽ പരമാവധി സീറ്റുകൾ വിജയിക്കാനും തിരുവനന്തപുരം കോർപ്പറേഷനിലേക്ക് കൂടുതൽ കേന്ദ്ര പദ്ധതികൾ കൊണ്ടുവരാനും പദ്ധതിയുണ്ട്. എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യം തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഗുണകരമാകുമെന്നും ബിജെപി വിലയിരുത്തി മധ്യകേരളത്തിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിർദേശമുണ്ട്. നിയമസഭ തെരഞ്ഞെടുപ്പ് മുൻനിർത്തി പ്രത്യേക പ്രചരണ തന്ത്രങ്ങൾ ആവിഷ്കരിക്കാനും നീക്കം. പ്രധാന മന്ത്രി നരേന്ദ്ര മോദി നാളെ ബിജെപിയുടെ ആദ്യ സ്ഥാനാർത്തി പട്ടികയടക്കം പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Content Highlights: The BJP has intensified preparations for the Kerala Assembly elections, with the national president reviewing arrangements as Prime Minister Narendra Modi visits the state capital.