

കൊല്ലം: പത്തനാപുരത്ത് പൊലീസ് വാഹനം ഇടിച്ച് തകർത്ത ശേഷം കടന്നു കളഞ്ഞ സംഭവത്തിൽ പിടവൂർ സ്വദേശി ദേവൻ എന്ന സജീവിനെ പിടികൂടി. തമിഴ്‌നാട്ടിലെ തെങ്കാശിയിൽ നിന്നാണ് സജീവിനെ പിടികൂടിയത്. പിടിക്കപ്പെടാതിരിക്കുക എന്ന ലക്ഷ്യത്തോടെ മുടിയും മീശയും താടിയും വെട്ടിയ ശേഷമാണ് സജീവ് തമിഴ് നാട്ടിലേക്ക് കടന്നത്. പൊലീസിനെ അക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച സജീവിനെ സാഹസികമായാണ് പൊലീസ് പിടികൂടിയത്. സജീവ് മൊബൈൽ ഫോൺ ഉപയോഗിക്കാത്തത് അന്വേഷണത്തിൽ പൊലീസിന് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. പത്തനാപുരം സി ഐ ബിജു ആർ, എസ് ഐ ഷാനവാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സജീവിനെ പിടികൂടിയത്.
ക്ഷേത്രോത്സവ ഒരുക്കത്തിനിടെ തിങ്കളാഴ്ച രാത്രി പത്ത് മണിക്ക് സജീവൻ തന്റെ ജീപ്പിൽ നായയുമായെത്തിയതിന് പിന്നാലെയാണ് തർക്കത്തിന് തുടക്കമിട്ടത്. വളർത്തുനായയുമായി എത്തിയ സജീവൻ പ്രശ്‌നമുണ്ടാക്കുന്നത് അവിടെയുള്ളവർ ചോദ്യം ചെയ്തു. ഇതോടെ ഇയാൾ അസഭ്യവർഷം നടത്തി. പിന്നാലെ ക്ഷേത്രം ഭാരവാഹികൾ പത്തനാപുരം പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സജീവിനോട് നായയെ വാഹനത്തിൽ കയറ്റി സ്ഥലംവിടാൻ ആവശ്യപ്പെടുകയും വാഹനം പുറത്തേക്ക് മാറ്റുകയും ചെയ്തു.
കുറച്ച് കഴിഞ്ഞ് മാരകായുധങ്ങളുമായി ഇയാൾ വീണ്ടുമെത്തി. സമീപത്തെ പുരയിടത്തിൽ നിർത്തിയിട്ടിരുന്ന രണ്ട് വാഹനങ്ങൾ തകർത്ത സജീവൻ തന്റെ ജീപ്പ് എടുത്ത് പോകാൻ ശ്രമിക്കുന്നതിനിടെ പൊലീസ് എത്തി. ജീപ്പുമായി പുറത്തുപോകാൻ വഴി ഇല്ലാതിരുന്നതോടെ സജീവൻ തന്റെ ജീപ്പ് കൊണ്ട് പൊലീസ് ജീപ്പിൽ ഇടിക്കുകയും പിന്നിലേക്ക് തള്ളിമാറ്റുകയുമായിരുന്നു. സംഭവത്തിൽ പൊലീസ് വാഹനം തകരുകയും വാഹനത്തിലുണ്ടായിരുന്ന പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Content Highlights: The accused who damaged a police vehicle in Pathanapuram and then fled has been arrested