

കോഴിക്കോട്: ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി ഷിംജിത മുസ്തഫയുടെ ഫോണ്‍ വിശദമായി പരിശോധിക്കാന്‍ പൊലീസ്. ദീപകിന്റെ വീഡിയോ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. ഷിംജിതയെ വിശദമായി ചോദ്യം ചെയ്യാന്‍ പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും.
കഴിഞ്ഞ തിങ്കളാഴ്ച തന്നെ ഷിംജിതയില്‍ നിന്നും പ്രാഥമികമായി മൊഴി രേഖപ്പെടുത്തിയിരുന്നു. അന്ന് തന്നെ ഷിംജിതയുടെ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഫോണില്‍ നിന്നും വിവാദമായ ദൃശ്യങ്ങള്‍ പൊലീസ് കണ്ടെടുത്തിരുന്നു. ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്താണ് പ്രചരിപ്പിച്ചതെന്നും പൊലീസ് കണ്ടെത്തിയിരുന്നു. കൂടുതല്‍ വ്യക്തതയ്ക്ക് വേണ്ടിയാണ് പൊലീസ് ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നത്.
അതേസമയം ഷിംജിത നേരത്തെ നല്‍കിയിരിക്കുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. എന്നാല്‍ ഷിംജിത കസ്റ്റഡിയില്‍ ആയിരിക്കുന്നതിനാല്‍ ആ അപേക്ഷ പരിഗണിക്കാതെ വിടാനുള്ള സാധ്യതയുമുണ്ട്. നിലവില്‍ ഷിംജിത പുതിയൊരു ജാമ്യ ഹര്‍ജി കുന്നമംഗലം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കുമെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്.
തനിക്ക് ബസ്സില്‍ വെച്ച് ലൈംഗിക അതിക്രമം നേരിട്ടു എന്നുള്ള മൊഴിയില്‍ ഷിംജിത ഉറച്ചു നില്‍ക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ഷിംജിതയെ പൊലീസ് അറസ്റ്റ് ചെയ്തത്. കുന്നമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് ഷിംജിതയെ റിമാന്‍ഡ് ചെയ്തു. ദീപകിന്റെ കുടുംബത്തിന്റെ പരാതിയിലാണ് ഷിംജിതയെ അറസ്റ്റ് ചെയ്തത്. വടകരയിലെ ബന്ധുവീട്ടില്‍ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മെഡിക്കല്‍ കോളേജ് പൊലീസ് ദീപക്കിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെയും സഹോദരന്റെയും അടക്കം മൊഴി രേഖപ്പെടുത്തിയിരുന്നു. ആരോപണം വ്യാജമാണെന്നും തനിക്ക് മനോവിഷമം ഉണ്ടായി എന്നും മകന്‍ സൂചിപ്പിച്ചിരുന്നുവെന്ന് ദീപക്കിന്റെ മാതാപിതാക്കള്‍ പൊലീസിന് മൊഴി നല്‍കി. ദീപക്കിന്റെ സുഹൃത്തിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു.
അതിക്രമം നടന്നുവെന്ന് ആരോപിക്കപ്പെട്ട ബസിലെ ജീവനക്കാരുടെ മൊഴിയും കഴിഞ്ഞ ദിവസം പൊലീസ് രേഖപ്പെടുത്തിയിരുന്നു. ബസിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചിരുന്നു. സംഭവ ദിവസം ആരും പരാതി പറഞ്ഞിട്ടില്ലെന്നായിരുന്നു ബസിലെ ജീവനക്കാര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞത്. പരാതി പറഞ്ഞിരുന്നുവെങ്കില്‍ പൊലീസില്‍ അറിയിക്കുമായിരുന്നുവെന്നും ബസ് ജീവനക്കാര്‍ വ്യക്തമാക്കിയിരുന്നു.
Content Highlights: As part of the Deepak death case investigation, police have started examining the mobile phone of the accused, Shimjitha