

തിരുവനന്തപുരം: മദ്യപിച്ച് നടപടി നേരിട്ടതിന് പിന്നാലെ കെഎസ്ആർടിസിയിൽനിന്ന് പുറത്തുപോയ, ഗുരുതര വീഴ്ച വരുത്താത്ത ഡ്രൈവർമാരെ തിരിച്ചെടുക്കുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. ഡ്രൈവർമാരെ കിട്ടാനില്ലാത്തതിനാലാണ് ഈ നീക്കമെന്ന് മന്ത്രി പറഞ്ഞു. നടപടി നേരിട്ട് 650ഓളം ഡ്രൈവർമാരാണ് പുറത്തുള്ളതെന്നും അതിൽ പ്രശ്‌നക്കാരല്ലാത്ത, അപകടങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ലാത്ത 500 ഓളം പേരെ തിരിച്ചെടുക്കാൻ നിർദേശം നൽകിയെന്നും മന്ത്രി വ്യക്തമാക്കി.
ഒരു തവണത്തേക്ക് ക്ഷമിക്കുന്നുവെന്ന് പറഞ്ഞ മന്ത്രി, തിരിച്ചെടുക്കുന്നവരിൽ നിന്നും 5000 രൂപ ഫൈൻ ഈടാക്കുമെന്നും പറഞ്ഞു. ഇവർക്ക് ഇനി ഒരു അവസരം ഉണ്ടാകില്ലെന്നും ആവർത്തിച്ചാൽ വീണ്ടും ഫൈൻ വാങ്ങി പുറത്താക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം കെഎസ്ആർടിസി ബസിനുള്ളിൽ റീൽ ചിത്രീകരണം വേണ്ടെന്ന് മന്ത്രി നേരത്തെ റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു. മോശമായ സ്പർശനമോ പ്രശ്‌നങ്ങളോ ഉണ്ടായാൽ പരാതി നൽകാനായി വീഡിയോകൾ ചിത്രീകരിക്കാം. അല്ലാതെ അത് സമൂഹമാധ്യമത്തിൽ പങ്കുവെച്ച് വ്യക്തികളുടെ അഭിമാനം ചോദ്യം ചെയ്യുന്നത് ശരിയല്ലെന്നായിരുന്നു ഗണേഷ് കുമാർ പറഞ്ഞത്. ബസിനുള്ളിൽ വെച്ച് ലൈംഗികാതിക്രമം നേരിട്ടെന്ന ആരോപണത്തിന് പിന്നാലെ ജീവനൊടുക്കിയ ദീപക് മോശമായി പെരുമാറിയെന്ന് താൻ കരുതുന്നില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.
Content Highlights: minister kb ganeshkumar said that drivers who were removed from KSRTC after facing action for drunkenness, but who had not committed serious lapses, will be reinstated