അന്തിക്ക് പൗഡറിട്ട് വന്ന് ഓരോന്ന് പറയും,NSS-SNDPഐക്യത്തിനെതിരായ പരാമർശങ്ങളെ പുച്ഛിച്ച് തള്ളുന്നു;സുകുമാരൻ നായർ

വി ഡി സതീശൻ വലിയ ഉമ്മാക്കിയൊന്നും അല്ലെന്നും സുകുമാരൻ നായർ

അന്തിക്ക് പൗഡറിട്ട് വന്ന് ഓരോന്ന് പറയും,NSS-SNDPഐക്യത്തിനെതിരായ പരാമർശങ്ങളെ പുച്ഛിച്ച് തള്ളുന്നു;സുകുമാരൻ നായർ
dot image

കോട്ടയം: എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യത്തിനെതിരായ പരാമര്‍ശങ്ങളെ പുച്ഛിച്ച് തള്ളുന്നുവെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. അന്തിക്ക് പൗഡര്‍ ഇട്ട് ചിലര്‍ വന്ന് ഓരോന്ന് പറയുമെന്നും അതിനൊന്നും മറുപടി പറയാന്‍ ഇല്ലെന്നും അദ്ദേഹം ആരോപിച്ചു. എന്‍എസ്എസിന്റെ അടിസ്ഥാന മൂല്യങ്ങള്‍ നിലനിര്‍ത്തിയെ ഐക്യം ഉണ്ടാകൂവെന്നും അദ്ദേഹം വ്യക്തമാക്കി. എൻഎസ്എസുമായുള്ള ഐക്യത്തിന് എസ്എൻഡിപി യോഗം കൗൺസിലിൽ അംഗീകാരം നൽകിയെന്ന് വെള്ളാപ്പള്ളി നടേശൻ അറിയിച്ചതിന് പിന്നാലെയായിരുന്നു ജി സുകുമാരൻ നായരുടെയും പ്രതികരണം.

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെയും ജി സുകുമാരൻ നായർ പ്രതികരിച്ചു. വി ഡി സതീശൻ വലിയ ഉമ്മാക്കിയൊന്നും അല്ലെന്നും വെറുതെ കോൺഗ്രസുകാർ പറഞ്ഞ് പെരുപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'സതീശനെ വലുതാക്കി ഉയർത്തിക്കാണിക്കേണ്ട കാര്യം എന്താണ്? കെപിസിസി പ്രസിഡന്റിനെ അല്ലേ ഉയർത്തിക്കാണിക്കേണ്ടത്. ആരാ വർഗീയതയ്ക്ക് പോകുന്നത്? ഞങ്ങളാരും പോയിട്ടില്ല. പക്ഷേ, അവരെല്ലാം സൗകര്യം പോലെ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി വർഗീയത കാണിക്കുന്നു. കോൺഗ്രസിൽ നിന്ന് അനുനയനീക്കങ്ങളൊന്നും ഉണ്ടായിട്ടില്ല. സതീശന് ഇവിടെ വലിയ ഉമ്മാക്കി ഒന്നും അല്ലന്നെ, വെറുതെ കോൺഗ്രസുകാർ പറഞ്ഞ് പെരുപ്പിക്കുന്നതല്ലേ', സുകുമാരൻ നായർ കൂട്ടിച്ചേർത്തു.

'ഐക്യമെന്നത് ഉറപ്പാണ്. ഐക്യം എന്ന ആശയത്തോട് യോജിക്കുന്നത് വ്യക്തിപരമായാണ്. അവർ വരട്ടെ, അവർ വരുമ്പോൾ കാര്യങ്ങൾ സംസാരിച്ച് എങ്ങനെ വേണമെന്ന് തീരുമാനിക്കും. അവരുമായുള്ള ചർച്ച കഴിഞ്ഞിട്ട് എൻഎസ്എസ് ഡയറക്ടർ ബോർഡ് യോഗം വിളിച്ചുകൂട്ടി ഈ കാര്യങ്ങളെല്ലാം അവിടെ വിശദീകരിക്കും. അവിടെ തീരുമാനമെടുത്തിട്ട് പറയും', അദ്ദേഹം പറഞ്ഞു.

Content Highlights: NSS General Secretary G Sukumaran Nair welcomes the unity between NSS and SNDP

dot image
To advertise here,contact us
dot image