

തിരുവനന്തപുരം: സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെ വിമര്‍ശിച്ച് സമസ്ത മുഖപത്രം. ഉത്തരേന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പയറ്റുന്ന പ്രചാരണ തന്ത്രമാണിതെന്ന് സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തില്‍ വിമര്‍ശിച്ചു. മലപ്പുറത്തും കാസര്‍കോടും ജയിച്ച സ്ഥാനാര്‍ത്ഥികളുടെ പേര് പരിശോധിക്കുമ്പോള്‍ കോട്ടയത്തെയും ആലപ്പുഴയിലെയും കണക്കുകള്‍ സജി ചെറിയാന്‍ പരിശോധിക്കണമെന്നും 'ഈ തീക്കളി, ചാമ്പലാക്കും മതേതര കേരളത്തെ' എന്ന തലക്കെട്ടോട് കൂടിയ മുഖപ്രസംഗത്തില്‍ വിമര്‍ശിച്ചു.
'മതവും സമുദായവും പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിച്ച് വോട്ട് നേടാമെന്നും ആ വോട്ടിലൂടെ അധികാരം നിലനിര്‍ത്താമെന്ന് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോ നേതാക്കളോ കരുതുന്നുണ്ടെങ്കില്‍ അതിന് മതേതര കേരളം കനത്ത വില കൊടുക്കേണ്ടി വരും. മലപ്പുറം ജില്ലാ പഞ്ചായത്തിലും കാസര്‍കോട് മുന്‍സിപ്പാലിറ്റിയിലും ജയിച്ചുവന്നവരുടെ പേരെടുത്ത് നോക്കൂ എന്ന് എങ്ങനെയാണ് ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു മന്ത്രിക്ക് മലയാളികളോട് പറയാന്‍ സാധിക്കുന്നത്', സുപ്രഭാതത്തില്‍ പറയുന്നു.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വാ തുറക്കുന്നതേ വര്‍ഗീയത വിളമ്പാനാണെന്ന് നമുക്കറിയാമെന്നും എന്നാല്‍ സജി ചെറിയാനെയും എ കെ ബാലനെയും പോലുള്ള സിപിഐഎം നേതാക്കള്‍ക്ക് ഇത്തരം വിഷം തീണ്ടല്‍ പരാമര്‍ശങ്ങള്‍ കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ കയറി നിന്ന് ഇത്രയും ഉച്ചത്തില്‍ പറയാന്‍ എവിടെ നിന്നാണ് ധൈര്യം വരുന്നതെന്നും മുഖപ്രസംഗത്തില്‍ ചോദിക്കുന്നു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഉത്തരേന്ത്യയില്‍ നരേന്ദ്ര മോദിയും അമിത് ഷായും ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ നേതാക്കളും ഇതേ പ്രചാരണവുമായാണ് വോട്ട് തേടിയിറങ്ങിയതെന്ന് ഓര്‍ക്കണം. തെരഞ്ഞെടുപ്പുകളില്‍ പതിവായി ജയിച്ചുവരുന്നുവരുടെ വേഷം നോക്കൂ എന്നാണ് മോദി മുമ്പ് പറഞ്ഞതെങ്കില്‍ ജയിച്ചുവരുന്നവരുടെ പേര് നോക്കൂ എന്നാണ് കേരളത്തിലെ സാംസ്‌കാരിക വകുപ്പ് മന്ത്രി ഇപ്പോള്‍ പച്ചയ്ക്ക് പറയുന്നതെന്നും വിമര്‍ശിച്ചു.
'കോട്ടയത്തും ഇടുക്കിയിലും പത്തനംതിട്ടയിലുമൊക്കെ ജയിച്ചുവരുന്നവരുടെ പേരിലെ മതം പരതാന്‍ എന്തുകൊണ്ട് സജി ചെറിയാന്‍ മടിക്കുന്നു. സിപിഐഎം നേതാക്കളില്‍ പലരും ഒരേ സ്വരത്തില്‍ തുടരെത്തുടരെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് യാദൃശ്ചികമല്ലെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്ക് ബോധ്യമാവും. ജനാധിപത്യരീതിയില്‍ മത്സരിച്ച് ജയിക്കുന്നതിലും തോല്‍ക്കുന്നതിലും ഒരന്തസുണ്ട്. അതിന് പകരം മതത്തെ മറയാക്കി രാഷ്ട്രീയ നേതൃത്വം നടത്തുന്ന നെറിക്കെട്ട പ്രചാരവേലകള്‍ മതേതര കേരളത്തോട് ചെയ്യുന്നത് കൊടുംപാതകമാണെന്ന് പറയാതെ വയ്യ. കേരളത്തില്‍ ഹിന്ദുത്വരാഷ്ട്രീയം വേരുറപ്പിക്കാന്‍ ശ്രമിച്ച കാലത്തൊക്കെ ജീവന്‍നല്‍കിയും അതിനെ ചെറുത്ത ചരിത്രമാണ് സിപിഐഎമ്മിനുണ്ടായിരുന്നത്. എന്നാല്‍, ആ പ്രതിരോധങ്ങളെ മുഴുവന്‍ റദ്ദുചെയ്യുന്ന നിലപാട് മാറ്റങ്ങള്‍ അടുത്തകാലത്തായി ഇടതുകേന്ദ്രങ്ങളില്‍ നിരന്തരം സംഭവിക്കുന്നത് ഭയാജനകമാണ്. സംഘപരിവാര്‍ നേതാക്കള്‍ വമിപ്പിക്കുന്ന അതേ വിദ്വേഷവാക്കുകള്‍ സിപിഐഎം നേതാക്കളില്‍ നിന്ന് സമുദായ നേതാക്കളില്‍ നിന്ന് കേള്‍ക്കേണ്ടി വരുന്നതും വല്ലാത്ത ദുര്യോഗമാണ്', സുപ്രഭാതത്തില്‍ വിമര്‍ശിക്കുന്നു.
വിഷലിപ്ത പരാമര്‍ശത്തിലൂടെ യാഥാര്‍ത്ഥ്യങ്ങളെ മണ്ണിട്ട് മൂടുന്നുവെന്നും മതിയായ ചികിത്സ നല്‍കേണ്ട വ്യാധിയാണിതെന്നും പരിഹാസമുണ്ട്. സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗത്തിന് പിന്നാലെയാണ് എന്‍എസ്എസ് - എസ്എന്‍ഡിപി നേതാക്കളുടെ വര്‍ഗീയ വൈരം വളര്‍ത്തുന്ന പ്രസ്താവനയെന്നും പിന്നാലെയാണ് സജി ചെറിയാന്റെ പ്രസ്താവന വരുന്നതും സുപ്രഭാതം ചൂണ്ടിക്കാട്ടി. ഇത് ആസൂത്രിതമാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
Content Highlights: Samastha-affiliated paper Suprabhatham has come out strongly against Kerala minister Saji Cherian, criticising his statements as hatred-filled