ദുരിതബാധിതർക്ക് വാടകയില്ല, ചികിത്സയില്ല; എകെജി സെന്ററിലിരുന്നുള്ള സോഷ്യൽമീഡിയ പ്രചാരണം പച്ചക്കള്ളം:വി ഡി സതീശൻ

100 വീടിനുള്ള തുക കര്‍ണ്ണാടക സര്‍ക്കാര്‍ കൊടുത്തില്ലേ. മുസ്‌ലിം ലീഗ് 100 വീടിന്റെ നിര്‍മ്മാണം ആരംഭിച്ചില്ലേ. ഞങ്ങള്‍ സ്ഥലം വാങ്ങി രജിസ്റ്റര്‍ ചെയ്തില്ലേ

ദുരിതബാധിതർക്ക് വാടകയില്ല, ചികിത്സയില്ല; എകെജി സെന്ററിലിരുന്നുള്ള സോഷ്യൽമീഡിയ പ്രചാരണം പച്ചക്കള്ളം:വി ഡി സതീശൻ
dot image

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മുന്‍പ് യുഡിഎഫിന്റെ അടിത്തറ വിപുലമായിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക് വരുമെന്ന് തങ്ങളാരും പറഞ്ഞിട്ടില്ല. വിസ്മയം സംഭവിക്കും. വ്യക്തികളോ സംഘടനകളോ വന്നേക്കാമെന്നും വി ഡി സതീശന്‍ പറഞ്ഞു.

വയനാട് മുണ്ടക്കൈ, ചൂരല്‍മല ദുരന്ത ബാധിതരെ സര്‍ക്കാര്‍ പ്രതിസന്ധിയിലാക്കുകയാണെന്നും പ്രതിപക്ഷത്തിനെതിരെ സിപിഐഎം നുണപ്രചാരണം നടത്തുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു. ദുരിത ബാധിതര്‍ക്ക് വാടക കൊടുക്കുന്നില്ല, പരിക്ക് പറ്റിയവര്‍ക്ക് ചികിത്സയില്ല. മുഖ്യമന്ത്രിയുടെ സിഎംഡിആര്‍എഫിലേക്ക് പൈസ കൊടുക്കരുതെന്ന് യുഡിഎഫ് പ്രചരിപ്പിക്കുന്നുവെന്നാണ് നിലവിലെ വ്യാജ പ്രചരണം. കള്ളത്തരം പറയുകയാണ്. താനുള്‍പ്പെടെയുള്ള ആളുകളും യുഡിഎഫ് എംഎല്‍എമാരും പൈസ കൊടുത്തിട്ടുണ്ട്. തങ്ങള്‍ തന്നെ 19 ലക്ഷത്തോളം രൂപ കൊടുത്തിട്ടുണ്ട്. പണം കൊടുത്ത് ഞങ്ങള്‍ മാതൃകകാണിക്കുകയായിരുന്നു. എകെജി സെന്ററിലിരുന്ന് സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിക്കുന്നതെല്ലാം പച്ചക്കള്ളമാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായി ഭൂമി കണ്ടുപിടിക്കാന്‍ സര്‍ക്കാര്‍ ഒരുകൊല്ലം പിടിച്ചു. വീട് വെയ്ക്കാന്‍ ആ സ്ഥലം ഞങ്ങള്‍ക്ക് തരില്ലെന്ന് പറഞ്ഞു. അപ്പോഴാണ് ഞങ്ങള്‍ സ്ഥലം കണ്ടുപിടിക്കാന്‍ പോയത്. നാല് മാസംകൊണ്ട് സ്ഥലം കണ്ടുപിടിച്ച് രജിസ്റ്റര്‍ ചെയ്തു. ഇതിനുള്ള ഫണ്ട് എന്റെയും കെപിസിസി പ്രസിഡന്റെയും ജോയിന്റ് അക്കൗണ്ടിലാണ്. എവിടെയും പോയിട്ടില്ല. നൂറ് വീടിനുള്ള തുക കര്‍ണ്ണാടക സര്‍ക്കാര്‍ കൊടുത്തില്ലേ. മുസ്‌ലിം ലീഗ് 100 വീടിന്റെ നിര്‍മ്മാണം ആരംഭിച്ചില്ലേ. ഞങ്ങള്‍ സ്ഥലം വാങ്ങി രജിസ്റ്റര്‍ ചെയ്തില്ലേ. സിപിഐഎമ്മിന്റെ പച്ചക്കള്ളം കേരളത്തില്‍ ഓടില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

2019 മുതല്‍ ശബരിമലയില്‍ നടന്ന സ്വര്‍ണക്കൊള്ളയിലും 2004 ല്‍ നടന്ന തട്ടിപ്പ് ശ്രമത്തിലും സിപിഐഎം നേതാക്കള്‍ ജയിലിലാണ്. അവരെ സര്‍ക്കാരും സിപിഐഎമ്മും സംരക്ഷിക്കുകയാണ്. അതിന് മറപടി പറയണം. വെള്ളം ചേര്‍ക്കാന്‍ നോക്കേണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു.

ഒരുഭാഗത്ത് മുഖ്യമന്ത്രി വിദ്വേഷ പ്രചാരകരെ പ്രോത്സാഹിപ്പിക്കുന്നു. അവര്‍ക്ക് പട്ടും വളയും കൊടുക്കുന്നു. ഇവര്‍ക്ക് പറയാന്‍ പറ്റാത്ത കാര്യങ്ങള്‍ അവരെക്കൊണ്ട് പറയിപ്പിക്കുന്നു. മറുഭാഗത്ത് മതേതരത്വത്തിന്റെ വക്താവായി മാറുന്നു. സംഘപരിവാറിന്റെ അതേപാതയിലാണ് കേരളത്തിലെ സിപിഐഎം. ജാതിമത ശക്തികള്‍ തമ്മിലുള്ള സംഘര്‍ഷം ഉണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതാണ് സംഘപരിവാര്‍ രീതി. അതേ രീതിയാണ് കേരളത്തിലെ സിപിഐഎമ്മിന്റേതെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു. കോടിക്കണക്കിന് രൂപ മുടങ്ങി കേരളം മുഴുവന്‍ ഹോര്‍ഡിങ്‌സ് വെച്ചിരിക്കുകയാണ്. ഞാനും നിങ്ങളും കൊടുക്കുന്ന നികുതിപ്പണം ഉപയോഗിച്ചാണ് സിപിഐഎമ്മിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം എന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Wayanad Disaster V D Satheesan against cm pinarayi vijayan and ldf govt over land issue

dot image
To advertise here,contact us
dot image