'നിവിൻ പോളിയാണ് ഹീറോ, പക്ഷെ ആ രീതിയിൽ ഈ ചിത്രത്തെ പ്രൊമോട്ട് ചെയ്യാനാകില്ല'; കാരണം വ്യക്തമാക്കി ലിസ്റ്റിൻ

"സിനിമയുടെ പ്രൊമോഷൻ ചെയ്യുന്നതിലും ഞങ്ങൾക്ക് പരിമിതികളുണ്ട്"

'നിവിൻ പോളിയാണ് ഹീറോ, പക്ഷെ ആ രീതിയിൽ ഈ ചിത്രത്തെ പ്രൊമോട്ട് ചെയ്യാനാകില്ല'; കാരണം വ്യക്തമാക്കി ലിസ്റ്റിൻ
dot image

നിവിൻ പോളി നായകനാകുന്ന ബേബി ഗേൾ എന്ന സിനിമ ജനുവരി 23ന് തിയേറ്ററുകളിലെത്താൻ ഒരുങ്ങുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് നടന്നു. ട്രാഫിക് പോലെ ഒരൊറ്റ ദിവസം നടക്കുന്ന കഥയാണ് ചിത്രം പറയുന്നതെന്ന് നിർമാതാവായ ലിസ്റ്റിൻ സ്റ്റീഫൻ ലോഞ്ചിൽ വെച്ച് പറഞ്ഞു.

നിവിൻ പോളിയാണ് സിനിമയുടെ ഹീറോ എങ്കിലും യഥാർത്ഥ ഹീറോ നാല് ദിവസം പ്രായമായ പെൺകുഞ്ഞാണെന്ന് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങൾക്കും വലിയ പ്രാധാന്യമാണ് ഉള്ളതെന്നും അതുകൊണ്ട് നിവിൻ പോളി ചിത്രമെന്ന നിലയിൽ പ്രൊമോട്ട് ചെയ്യാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'2010ൽ ട്രാഫിക് എന്ന സിനിമയിലൂടെയാണ് എന്റെ തുടക്കം. അത് എഴുതിയ ബോബി-സഞ്ജയ് ആണ് ട്രാഫിക്കും എഴുതിയിരിക്കുന്നത്. അവരുമായി തുടർന്നും സിനിമകൾ ചെയ്തു. ബേബി ഗേളിന്റെ കഥ പറഞ്ഞപ്പോൾ ട്രാഫിക് സിനിമയെ ഓർമപ്പെടുത്തുന്ന കണ്ടന്റായിരുന്നു അത്. ഈ സിനിമ ഒരു കൂട്ടായ്മയാണ്. ബേബി ഗേൾ സിനിമയിൽ ഒരു ഹീറോ ഉണ്ടെന്ന് പറയാനാകില്ല. ഈ ബേബി ഗേൾ തന്നെയാണ് സിനിമയുടെ ഹീറോ.

Baby Girl movie poster

സിനിമ ഏത് രീതിക്ക് മാർക്കറ്റ് ചെയ്യണമെന്നതിൽ ഞങ്ങളുടെ ടീം ബുദ്ധിമുട്ടി. നിവിനാണ് ഹീറോ എങ്കിലും അതിനെ പ്രൊജക്ട് ചെയ്ത് മാർക്കറ്റ് ചെയ്യാനാകില്ല. അങ്ങനെ ചെയ്താൽ പ്രേക്ഷകർക്ക് തെറ്റായ സന്ദേശം നൽകുന്നത് പോലെയാകും. ട്രാഫിക് പോലെ എല്ലാവർക്കും പ്രധാനപ്പെട്ട വേഷങ്ങളുള്ള ചിത്രമാണിത്. സിനിമയുടെ ടോട്ടലിറ്റിയെ ആണ് മാർക്കറ്റ് ചെയ്യാനാവുക. സിനിമയുടെ എല്ലാ പ്രൊമോഷൻ ചെയ്യുന്നതിലും ഞങ്ങൾക്ക് പരിമിതികളുണ്ട്. ഒരൊറ്റ ദിവസം നടക്കുന്ന കഥ പറയുന്നതുകൊണ്ടും അവയെല്ലാം കഥയിൽ നിർണായകമായതുകൊണ്ടും അവ വെളിപ്പെടുത്താൻ സാധിക്കില്ല. അതുകൊണ്ട് തന്നെ പാട്ടുകളും പുറത്തുവിടാനാകില്ല. ഈ സിനിമ ഇറങ്ങിക്കഴിയുമ്പോൾ മനസിലാകും എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നത് എന്ന്' ലിസ്റ്റിൻ പറഞ്ഞു.

നാല് ദിവസം പ്രായമായ കുഞ്ഞിനൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങൾ ലോഞ്ചിൽ വെച്ച് നിവിൻ പോളിയും പങ്കുവെച്ചിരുന്നു. നവജാത ശിശുക്കളെ എടുക്കാൻ തനിക്ക് വലിയ പേടിയാണെന്നും ഷൂട്ടിംഗ് സമയത്തും അങ്ങനെയായിരുന്നു എന്നും നിവിൻ പറഞ്ഞു. കുഞ്ഞും അമ്മയും ഷൂട്ടിങ്ങിനായി ഏറെ ബുദ്ധിമുട്ടിയുണ്ടെന്നും അത് ഈ സിനിമയോടും അതിന്റെ പ്രമേയത്തോടുമുള്ള അവരുടെ കമ്മിറ്റ്മെന്റാണ് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഇൻവെസ്റ്റിഗേഷൻ ത്രില്ലറിനൊപ്പം തീവ്രമായ അഭിനയ മുഹൂർത്തങ്ങളും ബേബി ഗേളിലുണ്ടെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ നടക്കുന്ന ഒരു കഥയാണ് ചിത്രം പറയുന്നതെന്നാണ് കരുതപ്പെടുന്നത്. റിയൽ ലൈഫ് സ്റ്റോറികളുടെ ഒരു കോമ്പോയാണ് ഈ ചിത്രമെന്ന് അണിയറ പ്രവർത്തകർ നേരത്തെ തന്നെ അറിയിച്ചിരുന്നു.

Baby Girl Movie poster

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ബേബി ഗേൾ മാജിക് ഫ്രെയിംസിന്റെ തന്നെ മറ്റൊരു സൂപ്പർ ഹിറ്റായി മാറിയ സുരേഷ് ഗോപി ചിത്രം ഗരുഡന്റെ സംവിധായകൻ അരുൺ വർമ്മയാണ് സംവിധാനം ചെയ്യുന്നത്. എക്കാലവും മലയാളി പ്രേക്ഷകർക്ക് സൂപ്പർഹിറ്റുകൾ മാത്രം സമ്മാനിച്ച ബോബി-സഞ്ജയ് തിരക്കഥ ഒരുക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മാജിക് ഫ്രെയിംസിനു വേണ്ടി ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.

Content Highlights: Producer Listin Stephen says they can't promote Baby Girl as a Nivin Pauly starring film as the movie is revolving around a baby girl. Doing otherwise might give wrong idea to the audience, he says. Listin also adds Baby Girl reminded him of Traffic where every character is important

dot image
To advertise here,contact us
dot image