മദ്യപിച്ചില്ലെങ്കിലും കിക്ക് ആകുന്നവരുണ്ട്; ആരാണവര്‍?

ചിലരുടെ ശരീരം സ്വന്തമായി മദ്യം ഉത്പാദിപ്പിക്കുകയും അവര്‍ക്ക് മദ്യത്തിന്റെ ലഹരി അറിയാനും കഴിയും

മദ്യപിച്ചില്ലെങ്കിലും കിക്ക് ആകുന്നവരുണ്ട്; ആരാണവര്‍?
dot image

മദ്യപിച്ചില്ലെങ്കിലും ചില ആളുകളുടെ ശരീരം സ്വന്തമായി മദ്യം ഉത്പാദിപ്പിക്കുമത്രേ? കേട്ടിട്ട് അത്ഭുതം തോന്നുന്നുണ്ട് അല്ലേ?. മദ്യപിക്കാതെ എങ്ങനെയാണ് ഫിറ്റായ അവസ്ഥയുണ്ടാകുന്നത്. ഈ അവസ്ഥയെയാണ് 'ഓട്ടോ ബ്രുവറി സിഡ്രോം' (ABS) എന്ന് പറയുന്നത്. നേച്ചര്‍ മൈക്രോബയോളജി ജേണലിലാണ് ഇതേക്കുറിച്ചുളള പഠനം പ്രസിദ്ധീകരിച്ചത്.

auto brewery syndrome

മദ്യം കഴിക്കാത്തവരില്‍ മദ്യത്തിന്റെ ലഹരിക്ക് കാരണമാകുന്ന അപൂര്‍വ്വ അവസ്ഥയാണ് ഓട്ടോ ബ്രൂവറി സിന്‍ഡ്രോം. ഇത് ഗട്ട് ഫെര്‍മെന്റേഷന്‍ സിന്‍ഡ്രോം (GFS) എന്നും അറിയപ്പെടുന്നു. കുടലിലെ സൂക്ഷ്മാണുക്കള്‍ എത്തനോള്‍ ഉത്പാദിപ്പിക്കാനായി നാം കഴിക്കുന്ന പഞ്ചസാരയെ പുളിപ്പിക്കുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. നമ്മുടെയെല്ലാം കുടലുകളില്‍ ധാരാളം സൂക്ഷ്മാണുക്കള്‍ വസിക്കുന്നുണ്ട്. സാധാരണയായി അവ നിരുപദ്രവകരാണ്. മദ്യം ഉത്പാദിപ്പിക്കുന്ന ബാക്ടീരിയകളും സാക്കറോമൈസിസ് സെറിവിസിയ (ബ്രൂവേഴ്‌സ് യീസ്റ്റ്) പോലുള്ള ഫംഗസുകളും ഒരു സാധാരണ കുടല്‍ മൈക്രോബയോമിന്റെ ഭാഗമാണ്. അവ നമ്മളില്‍ എല്ലാവരിലും ചെറിയ അളവില്‍ എത്തനോള്‍ ഉത്പാദിപ്പിക്കുന്നു. സാധാരണയായി ഈ എത്തനോള്‍ നമ്മുടെ രക്തപ്രവാഹത്തില്‍ എത്തുന്നതിനുമുമ്പ് അത് വൃത്തിയാക്കപ്പെടാറുണ്ട്. എന്നാല്‍ ഓട്ടോ ബ്രൂവറി സിന്‍ഡ്രോം ഉളള ആളുകളില്‍ ഈ സൂക്ഷ്മാണുക്കള്‍ ശരീരത്തിന് ശുദ്ധീകരിക്കാന്‍ കഴിയാത്ത ഉയര്‍ന്ന നിരക്കില്‍ എത്തനോള്‍ ഉത്പാദിപ്പിക്കുന്നു. ഇങ്ങനെ സംഭവിക്കുമ്പോള്‍ രക്തത്തിലെ മദ്യത്തിന്റെ അളവ് ലഹരിയുടെ അളവിലേക്ക് ഉയരാന്‍ കാരണമാകുന്നു.

auto brewery syndrome

അപൂര്‍വ്വ രോഗം

ഓട്ടോ-ബ്രൂവറി സിന്‍ഡ്രോം ബാധിച്ചതായി രേഖപ്പെടുത്തിയിട്ടുള്ള കേസുകള്‍ നൂറില്‍ താഴെ മാത്രമാണ്. ഈ അവസ്ഥയെക്കുറിച്ചുള്ള അവബോധം കുറവായതിനാല്‍ രോഗികള്‍ക്കും അവരുടെ കൂടെയുള്ളവര്‍ക്കും രോഗം തിരിച്ചറിയാന്‍ പ്രയാസമാണ്. രോഗനിര്‍ണയം നടത്താനും പ്രയാസമായിരിക്കും.

പുതിയ പഠനത്തില്‍ കണ്ടെത്തിയത്

കുടലിലെ ഈസ്റ്റിന്റെ സാന്നിധ്യം അമിതമാകുന്നതാണ് ഓട്ടോ ബ്രൂവറി സിന്‍ഡ്രോമിന് കാരണമാകുന്നതെന്നായിരുന്നു ഇതുവരെ കരുതിയിരുന്നത്. കാന്‍ഡിഡ ആല്‍ബിക്കന്‍സ്, കാന്‍ഡിഡ ഗ്ലബ്രാറ്റ, ടോറുലോപ്‌സിസ് ഗ്ലബ്രാറ്റ പോലെയുള്ള യീസ്റ്റുകള്‍ ഈ അവസ്ഥയുണ്ടാക്കാം. ABS രോഗികളില്‍ നിന്നും രോഗമില്ലാത്ത അവരുടെ കുടുംബാംഗങ്ങളില്‍ നിന്നും കുടല്‍ ബാക്ടീരിയകള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്. ABS രോഗികളുടെ മലം പരിശോധിച്ചപ്പോള്‍ മറ്റുള്ളവരേക്കാള്‍ കൂടുതല്‍ എഥനോളിന്റെ അളവ് കണ്ടെത്തി. മാത്രമല്ല ക്ലെബ്‌സിയല്ല ന്യുമോണിയ, എസ്‌ഷെറിച്ച കോളി എന്നിങ്ങനെ ചില ബാക്ടീരിയകളെയും കണ്ടെത്തുകയുണ്ടായി. ഈ ബാക്ടീരിയകളാണ് ABS രോഗികളില്‍ ഫെര്‍മെന്റേഷന് കാരണമാകുന്നതെന്നാണ് കരുതുന്നത്.

auto brewery syndrome

കുടലിലെ ബാക്ടീരിയകളുടെ സന്തുലിതാവസ്ഥയ്ക്ക് രോഗവുമായി അടുത്ത ബന്ധമാണ് ഉള്ളത്. ഈ സന്തുലിതാവസ്ഥ തടസ്സപ്പെടുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. ഒരു രോഗിക്ക് ഫെക്കല്‍ മൈക്രോബയോട്ട ട്രാന്‍സ്പ്ലാന്റ് ചികിത്സ നടത്തിയപ്പോള്‍ രോഗത്തില്‍ കാര്യമായ പുരോഗതി ഉണ്ടായതായി കണ്ടെത്തി. പിന്നീട് ഒന്നര വര്‍ഷത്തോളം രോഗലക്ഷണങ്ങള്‍ ഉണ്ടായില്ല. ഇത് രോഗനിര്‍ണയത്തിലും ചികിത്സയിലും വഴിത്തിരിവായാണ് കാണുന്നത്.

Content Highlights :Auto brewery syndrome is a rare condition that causes alcohol intoxication in people who don't drink alcohol.

dot image
To advertise here,contact us
dot image