പെൺകുട്ടിക്ക് മറ്റൊരു ബന്ധമുള്ളതായി പ്രതിക്ക് സംശയം, കേസിൽ മറ്റാർക്കും പങ്കില്ല; കരുവാരക്കുണ്ട് കേസിൽ പൊലീസ്

പെൺകുട്ടി അവസാനമായി വീട്ടിലേക്ക് വിളിച്ചത് പ്രതിയുടെ ഫോണിൽ നിന്നും, ഈ ഫോൺ പൊലീസ് കണ്ടെത്തിയിട്ടുണ്ട്

പെൺകുട്ടിക്ക് മറ്റൊരു ബന്ധമുള്ളതായി പ്രതിക്ക് സംശയം, കേസിൽ മറ്റാർക്കും പങ്കില്ല; കരുവാരക്കുണ്ട് കേസിൽ പൊലീസ്
dot image

മലപ്പുറം: കരുവാരക്കുണ്ടിലെ 14കാരിയുടെ കൊലപാതകത്തില്‍ 16കാരനല്ലാതെ മറ്റാര്‍ക്കും പങ്കില്ലെന്ന് മലപ്പുറം എസ്പി ആര്‍ വിശ്വനാഥന്‍. പ്രണയവുമായി ബന്ധപ്പെട്ട അസ്വാരസ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും കേസില്‍ വിശദമായ അന്വേഷണം നടത്തി വരികയാണെന്നും എസ്പി ആര്‍ വിശ്വനാഥ് പ്രതികരിച്ചു. മാധ്യമങ്ങളോട് കേസിന്‍റെ വിശദാംശങ്ങള്‍ പങ്കുവെക്കുകയായിരുന്നു എസ്പി.

പെരിന്തല്‍മണ്ണ ഡിവൈഎസ്പിയുടെ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പതിനാറുകാരന്റെ മൊബൈല്‍ ഫോണ്‍ കോള്‍ ഉള്‍പ്പെടെയുള്ളവ പരിശോധിക്കാനുള്ള നീക്കങ്ങളും നടക്കുകയാണെന്നും ആർ വിശ്വനാഥൻ വ്യക്തമാക്കി.

Also Read:

പെണ്‍കുട്ടിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് പ്രതി സംശയിച്ചിരുന്നു. ഇതും കൊലപാതകത്തിന് കാരണമായി. പ്രതി ലഹരി ഉപയോഗിച്ചതായി മുന്‍പ് കേസുകളൊന്നുമില്ല. മൃതദേഹം കിട്ടിയ മേഖലയില്‍ വെച്ച് തന്നെയാണ് കൊലപാതകം നടന്നത്. കഴുത്ത് ഞെരിച്ചാണ് കൊലപാതകം നടത്തിയത്. കൈകാലുകള്‍ കൂട്ടിക്കെട്ടിയിരുന്നു. പ്രതിയുടെ ഫോണില്‍ നിന്നാണ് അവസാനമായി പെണ്‍കുട്ടി വീട്ടിലേക്ക് വിളിച്ചത്. ആ ഫോണ്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ടെന്നും പി ആര്‍ വിശ്വനാഥന്‍ പറഞ്ഞു.

പെണ്‍കുട്ടിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് കൊലപാതകം നടത്തിയതെന്ന് പ്രതി നേരത്തെ മൊഴി നല്‍കിയിരുന്നു. തന്നെ വഞ്ചിക്കുന്നതായി തോന്നിയപ്പോള്‍ കൊലപ്പെടുത്തിയതെന്നാണ് ആണ്‍കുട്ടിയുടെ മൊഴി. പ്രതി പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നതെന്ന് പൊലീസ് പറഞ്ഞിരുന്നു. പെണ്‍കുട്ടി പീഡനത്തിനിരയായിരുന്നുവെന്നും വിവരം അമ്മയെ അറിയിക്കുമെന്ന് പറഞ്ഞതോടെയാണ് കൊലപ്പെടുത്തിയതെന്നുമായിരുന്നു 16കാരന്‍ നേരത്തെ മൊഴി നല്‍കിയിരുന്നത്.

പെണ്‍കുട്ടിയെ കാണാതായത് മുതല്‍ പരസ്പര വിരുദ്ധമായ മൊഴിയാണ് 16കാരന്‍ നല്‍കികൊണ്ടിരിക്കുന്നത്. പെണ്‍കുട്ടിയെ കാണാതായ പരാതി വീട്ടുകാര്‍ നല്‍കിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ വ്യാഴാഴ്ച സ്‌കൂള്‍ ഗേറ്റുവരെ വിദ്യാര്‍ത്ഥിനി എത്തിയത് സിസിടിവി ദൃശ്യത്തിലൂടെ കണ്ടെത്തിയിരുന്നു. വൈകിട്ട് ആറുമണിയോടെ പെണ്‍കുട്ടി അമ്മയുടെ ഫോണിലേക്ക് മറ്റൊരു നമ്പറില്‍ നിന്ന് വിളിച്ചു. താന്‍ ഇപ്പോള്‍ വരുമെന്ന് പറയുകയും ചെയ്തിരുന്നു. സ്‌കൂള്‍ യൂണിഫോമിലായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തോളില്‍ സ്‌കൂള്‍ ബാഗും ഉണ്ടായിരുന്നു. കുട്ടിയുടെ കൈകള്‍ മുമ്പിലേക്ക് കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. വായില്‍ തുണി തിരുകി കഴുത്തില്‍ മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

അതേസമയം പ്രതി ലഹരിക്ക് അടിമയാണെന്ന് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു. ഇയാളുമായുള്ള ബന്ധത്തെ എതിര്‍ക്കുകയും നേരത്തെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നുവെന്നും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറഞ്ഞു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നടക്കും.

കുറ്റകൃത്യത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടാകാമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. എന്നാല്‍ മറ്റാര്‍ക്കും പങ്കില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഒറ്റയ്ക്ക് ഒരാള്‍ക്ക് ഇത് ചെയ്യാനാവില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. വിജനമായ ഇടത്തേക്ക് സ്ഥല പരിചയമുള്ള ആളുകളുടെ സഹായം ഇല്ലാതെ എത്താനാവില്ലെന്നും വിശദമായ അന്വേഷണം നടത്തണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം. ഇന്നലെ രാവിലെയാണ് 14കാരിയുടെ മൃതദേഹം റെയില്‍വെ ട്രാക്കിന് സമീപത്തുനിന്ന് കണ്ടെത്തിയത്. പാണ്ടിക്കാട് തൊടിയപ്പുലം റെയില്‍വെ ട്രാക്കിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. കരുവാരക്കുണ്ട് സ്വദേശിയുടെ മകളായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്.

Content Highlight; The accused suspects that the girl is having another affair, no one else is involved in the case; Police in Karuvarakkundu case

dot image
To advertise here,contact us
dot image