CPIM നേതൃനിരയിലെ ചിലരുടെ ഗൂഢാലോചനകൾ എനിക്കെതിരെ ഉണ്ടായി, രാഷ്ട്രീയമായി ഒതുക്കാൻ ശ്രമിച്ചു; ഐഷ പോറ്റി

ഐഷ പോറ്റിക്ക് കൊട്ടാരക്കര കോൺഗ്രസ് ഭവനിൽ സ്വീകരണം

CPIM നേതൃനിരയിലെ ചിലരുടെ ഗൂഢാലോചനകൾ എനിക്കെതിരെ ഉണ്ടായി, രാഷ്ട്രീയമായി ഒതുക്കാൻ ശ്രമിച്ചു; ഐഷ പോറ്റി
dot image

കൊട്ടാരക്കര: ഇടതു മുന്നണി വിട്ട് കോൺഗ്രസിൽ ചേർന്ന മുൻ എംഎൽഎ ഐഷ പോറ്റിക്ക് കൊട്ടാരക്കര കോൺഗ്രസ് ഭവനിൽ സ്വീകരണം നൽകി. കോൺഗ്രസ് പ്രവർത്തക സമിതി അംഗം കൊടിക്കുന്നിൽ സുരേഷ് എം പി ഐഷ പോറ്റിയെ സ്വീകരിച്ചു.

ഇടതുപക്ഷത്തെ സാധാരണ പ്രവർത്തകരോട് ബഹുമാനമുണ്ടെന്നും അവരെ കുറ്റപ്പെടുത്താനില്ലെന്നും ഐഷ പോറ്റി പ്രസംഗത്തിൽ പറഞ്ഞു. എന്നാൽ സിപിഐഎം നേതൃനിരയിലെ ചിലരുടെ ഗൂഢാലോചനകൾ തനിക്കെതിരെ ഉണ്ടായിരുന്നുവന്നും തന്റെ പ്രവർത്തനങ്ങളെ അവഗണിക്കുകയും രാഷ്ട്രീയമായി ഒതുക്കാൻ ശ്രമിച്ചെന്നും ഐഷ പോറ്റി പറഞ്ഞു.

കൊട്ടാരക്കരയിലെ മുൻ എംഎൽഎ ആയിരുന്ന താൻ തുടങ്ങിവെച്ച വികസന പ്രവർത്തനങ്ങൾ പൂർത്തീകരിച്ചതിന്റെ ഉദ്ഘാടന ചടങ്ങുകളിൽ തന്റെ പേര് വെക്കാതെ ഉദ്യോഗസ്ഥരെ വിട്ട് ക്ഷണിക്കുന്ന പ്രവണതയുണ്ടായി. അത് ഏറെ വിഷമിപ്പിച്ചു. കൊട്ടാരക്കരയിൽ വിപ്ലവകരമായ വികസനം എത്തിക്കാൻ തനിക്ക് കഴിഞ്ഞെന്നും അവർ വ്യക്തമാക്കി.

മൂന്ന് പതിറ്റാണ്ടുകാലം സിപിഐഎമ്മിനൊപ്പം നിന്ന നേതാവാണ് ഐഷ പോറ്റി. മൂന്ന് തവണ കൊട്ടാരക്കര എംഎൽഎയായിരുന്നു. തുടർച്ചയായി രണ്ട് തവണ മത്സരിച്ച് ജയിച്ചവരെ മാറ്റി നിർത്താനുള്ള തീരുമാനം കർശനമായി നടപ്പാക്കാൻ തീരുമാനിച്ചതോടെ ഐഷ പോറ്റിക്ക് സീറ്റ് നിഷേധിക്കുകയായിരുന്നു. ഒന്നാം പിണറായി സർക്കാരിൽ മന്ത്രിപദവി ലഭിക്കുമെന്ന് കരുതിയിരുന്ന വനിതാ നേതാവായിരുന്നു ഐഷ പോറ്റി. എന്നാൽ അന്ന് പരിഗണിക്കപ്പെട്ടിരുന്നില്ല. പിന്നീട് സീറ്റ് ലഭിക്കാതെയും വന്നതോടെ പാർട്ടിയുമായി അകലുകയായിരുന്നു.

Content Highlights: Kottarakkara Congress Bhavan gives welcoming to former MLA Aisha Potty, who left the LDF and joined the Congress

dot image
To advertise here,contact us
dot image