'അടുത്തിരിക്കേണ്ടവരാണ് നമ്മള്‍' ജോസുമായി സ്വകാര്യ സംഭാഷണം നടന്നിട്ടുണ്ട്: മുന്നണി പ്രവേശനത്തോട് സണ്ണി ജോസഫ്

'രാഷ്ട്രീയ തീരുമാനം എടുക്കാന്‍ ബാധ്യസ്ഥരാണ്. അവര്‍ പ്രവര്‍ത്തിക്കുന്ന മേഖലകളിലെ ജനവിഭാഗം യുഡിഎഫിന് ഒപ്പമാണ്'

'അടുത്തിരിക്കേണ്ടവരാണ് നമ്മള്‍' ജോസുമായി സ്വകാര്യ സംഭാഷണം നടന്നിട്ടുണ്ട്: മുന്നണി പ്രവേശനത്തോട് സണ്ണി ജോസഫ്
dot image

കൊച്ചി: കേരള കോണ്‍ഗ്രസ് എം യുഡിഎഫിലേക്ക് വരുമെന്ന പ്രതീക്ഷ കൈവിടാതെ കോണ്‍ഗ്രസ്. മുന്നണിയിലേക്ക് തിരിച്ചുവരുന്നത് സംബന്ധിച്ച് സ്വകാര്യസംഭാഷണം നടന്നിട്ടുണ്ടാവാമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ഒരു ചടങ്ങില്‍ താനും മാണി ഗ്രൂപ്പ് ചെയര്‍മാന്‍ ജോസ് കെ മാണിയും അടുത്തടുത്തായിരുന്നു ഇരുന്നത്. 'അടുത്തിരിക്കേണ്ടവരാണ് നമ്മള്‍' എന്ന് തമാശ രൂപേണ പറഞ്ഞിരുന്നുവെന്നും റിപ്പോര്‍ട്ടര്‍ ടിവിയുടെ 'നേരോ നേതാവേ' എന്ന പ്രത്യേക അഭിമുഖ പരിപാടിയില്‍ റിപ്പോർട്ടർ ടി വി എക്സിക്യൂട്ടീവ് എഡിറ്റർ സ്മൃതി പരുത്തിക്കാടിനോട് സണ്ണി എം ജോസഫ് വെളിപ്പെടുത്തി.

'സ്വകാര്യ സംഭാഷണങ്ങള്‍ നടന്നിട്ടുണ്ടാവാം. തിരുവനന്തപുരത്തെ ഒരു പരിപാടിയില്‍ ഞാനും ജോസ് കെ മാണിയും അടുത്തടുത്താണ് ഇരുന്നത്. ഞങ്ങള്‍ അടുത്തിരിക്കേണ്ടവരാണെന്ന് തമാശയായി പറഞ്ഞിട്ടുണ്ടാവാം. അതിലപ്പുറം ഉണ്ടായിട്ടില്ല. രാഷ്ട്രീയ ചര്‍ച്ചകളിലേക്ക് പോയിട്ടില്ല. ജോസ് കെ മാണി കോണ്‍ഗ്രസിലേക്ക് വരണമെന്ന് ആഗ്രഹിക്കുന്നവരും ഉണ്ടാകാം. യുഡിഎഫിനൊപ്പം വരണമെന്ന് ആഗ്രഹിക്കുന്നവരും ഉണ്ടാകാം. രാഷ്ട്രീയ നിലപാട് എടുത്തിട്ടില്ല. അവരുടെ ഹൈപ്പവര്‍ കമ്മിറ്റിയില്‍ കേരളകോണ്‍ഗ്രസ് എം ഇക്കാര്യം ചര്‍ച്ച ചെയ്തുവെന്നാണ് മനസ്സിലാക്കുന്നത്. അതില്‍ രാഷ്ട്രീയ തീരുമാനം എടുക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്. അവര്‍ പ്രവര്‍ത്തിക്കുന്ന മേഖലകളിലെ ജനവിഭാഗം യുഡിഎഫിന് ഒപ്പമാണെന്ന് വ്യക്തമാക്കപ്പെട്ട കാര്യമാണ്', സണ്ണി ജോസഫ് പറഞ്ഞു.

കേരള കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനം സംബന്ധിച്ച് യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് ആധികാരികമായി തനിക്ക് പറയാന്‍ കഴിയുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞു. യുഡിഎഫിലേക്ക് വരാന്‍ സാധിക്കുന്നവര്‍ വരട്ടെ. ഒരാളെപ്പോലും സമ്മര്‍ദ്ദം ചെലുത്തി മുന്നണിയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കില്ല. ഒരു വിസ്മയത്തെക്കുറിച്ചും പറഞ്ഞിട്ടില്ല. പ്രതിപക്ഷ നേതാവ് പറഞ്ഞിട്ടുണ്ടെങ്കില്‍ അദ്ദേഹത്തോട് ചോദിക്കകയെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. നാളത്തെ കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന് ശേഷം അത്ഭുതങ്ങള്‍ സംഭവിക്കാമെന്നാണ് കെ മുരളീധരന്‍ പ്രതികരിച്ചത്.

Content Highlights: Congress Sunny Joseph Share Hope of Kerala Congress jose Joining UDF

dot image
To advertise here,contact us
dot image