'പവര്‍ ഹൗസ്'ലൂടെ ലഹരിയിലേക്ക്, പിന്നെ വില്‍പ്പന, അഖില്‍നാഥിന്റെ അക്കൗണ്ടിലുണ്ടായ അരലക്ഷം രൂപ കണ്ടുകെട്ടി

ലഹരിക്കടത്തിലൂടെ സമ്പാദിക്കുന്ന സ്വത്തുക്കൾ കണ്ടുകെട്ടുന്ന നിയമത്തിലെ പ്രത്യേക വകുപ്പുകൾ ഉപയോഗിച്ചാണ് നീക്കം

'പവര്‍ ഹൗസ്'ലൂടെ ലഹരിയിലേക്ക്, പിന്നെ വില്‍പ്പന, അഖില്‍നാഥിന്റെ അക്കൗണ്ടിലുണ്ടായ അരലക്ഷം രൂപ കണ്ടുകെട്ടി
dot image

ആലപ്പുഴ: ജിംനേഷ്യത്തിന്റെ മറവിൽ ലഹരി വിൽപന നടത്തിയ കേസിൽ ഉടമയുടെ അക്കൗണ്ടിലെ അരലക്ഷം രൂപ കണ്ടുകെട്ടി. നൂറനാട് പാലമേൽ മുറിയിൽ കൈലാസം വീട്ടിൽ ജി അഖിൽ നാഥിന്റെ (31) അക്കൗണ്ടിലെയും ജിംനേഷ്യം അക്കൗണ്ടിലെയും തുകയാണ് കേന്ദ്ര ധനകാര്യമന്ത്രാലയത്തിന് കീഴിലുള്ള ട്രിബ്യൂണൽ കണ്ടുകെട്ടിയത്. ലഹരിക്കടത്തിലൂടെ സമ്പാദിക്കുന്ന സ്വത്തുക്കൾ കണ്ടുകെട്ടുന്ന നിയമത്തിലെ പ്രത്യേക വകുപ്പുകൾ ഉപയോഗിച്ചാണ് കേരള പൊലീസിന്റെ നീക്കം.

ജിംനേഷ്യത്തിലെത്തുന്ന യുവാക്കളെ വീട്ടിൽ നടത്തുന്ന പാർട്ടിയിലേക്ക് ക്ഷണിച്ച് രാസലഹരി നൽകും. ശേഷം ലഹരിക്ക് അടിമകളാകുന്നതോടെ ഇവരിൽനിന്ന് വൻ തുക ഈടാക്കി വില്പന നടത്തുകയായിരുന്നു അഖിൽ നാഥിന്റെ രീതി. 2019 മുതൽ പടനിലത്തും പിന്നീട് കുടശ്ശനാട്ടും ജിംനേഷ്യം നടത്തിവരികയാണ് അഖിൽനാഥ്. ഇയാളുടെ ഉടമസ്ഥതയിലുള്ള 'പവർ ഹൗസ്' എന്ന പേരിലുള്ള ജിംനേഷ്യത്തിന്റെ അക്കൗണ്ടിലെ പണമാണ് കണ്ടുകെട്ടിയത്.

ബെംഗളൂരുവിൽനിന്ന് എത്തിച്ച 50 ഗ്രാം എംഡിഎംഎയുമായി കഴിഞ്ഞ ഒക്ടോബറിൽ അഖിൽനാഥും സുഹൃത്തും ജിം ട്രെയ്‌നറുമായ വിൻരാജും പിടിയിലായതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇവർക്ക് ലഹരി എത്തിച്ച് നൽകിയ കാസർകോട് സ്വദേശികളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ ലഹരിഇടപാടിലെ മുഖ്യകണ്ണിയായ നൈജീരിയൻ സ്വദേശിയും കഴിഞ്ഞ ആഴ്ച പിടിയിലായിരുന്നു. അറസ്റ്റിലായ പ്രതികൾ ലഹരി വില്പനയിലൂടെ സമ്പാദിച്ച പണം അക്കൗണ്ടിലുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ചെന്നൈ ആസ്ഥാനമായുള്ള ട്രിബ്യൂണൽ പണം കണ്ടുകെട്ടാൻ ഉത്തരവിട്ടത്.

Content Highlights: money seized from the owner's account in a case of drug dealing under the guise of a gymnasium

dot image
To advertise here,contact us
dot image