

കൊല്ലം: ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിനെതിരെ കേസ്. പണം നല്‍കിയിട്ടും ഫ്‌ളാറ്റ് കൈമാറിയില്ലെന്ന പരാതിയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസാണ് കേസ് എടുത്തത്. ഷിബു ബേബി ജോണിന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള ഭൂമിയില്‍ ഫ്‌ളാറ്റ് നിര്‍മിച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങിയെന്നാണ് പരാതി. കുമാരപുരം സ്വദേശി അലക്‌സ് നല്‍കിയ പരാതിയിലാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.
ഷിബു ബേബി ജോണിന്റെയും കുടുംബത്തിന്റെയും പേരില്‍ തിരുവനന്തപുരം കഴക്കൂട്ടം ചാക്ക ബൈപ്പാസില്‍ നാല്‍പത് സെന്റ് ഭൂമിയുണ്ട്. ഇവിടെ ഫ്‌ളാറ്റ് നിര്‍മിച്ച് വില്‍ക്കുന്നതിന് നിര്‍മാണ കമ്പനിയുമായി ധാരണയുണ്ടായിരുന്നു. 2020ല്‍ നിര്‍മാണ കമ്പനിക്ക് അലക്‌സ് രണ്ട് തവണയായി പതിനഞ്ച് ലക്ഷം രൂപ കൈമാറി. ഈ സമയം ഷിബു ബേബി ജോണുമുണ്ടായിരുന്നു. എന്നാല്‍ ഇത്രയും നാള്‍ കഴിഞ്ഞിട്ടും ഫ്‌ളാറ്റ് നിര്‍മാണം മുന്നോട്ടുപോയില്ല. തുടര്‍ന്ന് തട്ടിപ്പിനിരയായെന്ന് ചൂണ്ടിക്കാട്ടി അലക്‌സ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
അതേസമയം ഫ്‌ളാറ്റ് നിർമാണത്തിൻ്റെ പേരിൽ ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ലെന്ന് ഷിബു ബേബി ജോൺ പ്രതികരിച്ചു. കേസ് കെട്ടിച്ചമച്ചതാണെന്നും തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇങ്ങനെയൊക്കെ ഉണ്ടാകുമെന്നും ഷിബു ബേബി ജോൺ പറഞ്ഞു.
Content Highlights- Police have registered a case against Shibu Baby John following a complaint and further investigation is underway