സോണിയയുടെ വീട്ടിൽ പോറ്റി എങ്ങനെ കയറി എന്ന ചോദ്യം ഉയർന്നതോടെ പോറ്റി എന്ന വാക്ക് മിണ്ടുന്നില്ല: എം ബി രാജേഷ്

ശബരിമല സ്വര്‍ണക്കൊള്ള ആരോപണം വീണ്ടും ഉയര്‍ത്താന്‍ കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് മന്ത്രി എം ബി രാജേഷ്

സോണിയയുടെ വീട്ടിൽ പോറ്റി എങ്ങനെ കയറി എന്ന ചോദ്യം ഉയർന്നതോടെ പോറ്റി എന്ന വാക്ക് മിണ്ടുന്നില്ല: എം ബി രാജേഷ്
dot image

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള ആരോപണം വീണ്ടും ഉയര്‍ത്താന്‍ കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് മന്ത്രി എം ബി രാജേഷ്. ആരോപണങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് പിന്നാക്കം പോകുന്നത് എന്തുകൊണ്ടാണെന്ന് മന്ത്രി ചോദിച്ചു. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയില്‍ കയറിയപ്പോള്‍ കെ സി വേണുഗോപാല്‍ ആയിരുന്നു ദേവസ്വം മന്ത്രിയെന്നും എം ബി രാജേഷ് ചൂണ്ടിക്കാട്ടി.

'ശബരിമലയിലെ വിഷയം ഇപ്പോള്‍ യുഡിഎഫ് ഉയര്‍ത്തുന്നില്ലല്ലോ?. അവര്‍ എന്തുകൊണ്ടാണ് അതില്‍ നിന്ന് പിന്നാക്കം പോയതെന്നാണ് ഞങ്ങള്‍ ചോദിക്കുന്നത്. പോറ്റിയേ കേറ്റിയേ എന്നായിരുന്നു അവരുടെ പാട്ട്. ഇപ്പോള്‍ അവര്‍ അത് പാടുന്നില്ല. പോറ്റി ശബരിമലയില്‍ കയറിയത് 2004ലാണ്. അന്നത്തെ ദേവസ്വം വകുപ്പ് മന്ത്രി കെ സി വേണുഗോപാല്‍ ആണ്', എം ബി രാജേഷ് പറഞ്ഞു.

അതീവ സുരക്ഷേ മേഖലയിലുള്ള സോണിയ ഗാന്ധിയുടെ വീട്ടില്‍ പോറ്റി എങ്ങനെ കയറി എന്നുള്ള ചോദ്യം ഉയര്‍ന്നതോടെ കോണ്‍ഗ്രസുകാര്‍ പോറ്റി എന്ന വാക്ക് ഉപയോഗിക്കുന്നില്ലെന്നും എം ബി രാജേഷ് പറഞ്ഞു. പോറ്റി ഒരു എല്‍ഡിഎഫ് നേതാവിന്റെയും വീട്ടില്‍ കയറിയിട്ടില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഹൈക്കോടതിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലും മേല്‍നോട്ടത്തിലും നടക്കുന്ന എസ്‌ഐടി അന്വേഷണത്തില്‍ വരെ ആരോപണം ഉയര്‍ന്നു. എന്നാല്‍ ആ ആരോപണങ്ങള്‍ തീര്‍ത്തും തെറ്റാണെന്ന് ഹൈക്കോടതി തന്നെ പറഞ്ഞു. കോണ്‍ഗ്രസിന്റെ പരിഭ്രമം എന്തുകൊണ്ടാണെന്ന് ഇപ്പോള്‍ വ്യക്തമായെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതിനിടെ മന്ത്രി എംബി രാജേഷിന് മറുപടിയുമായി മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തി. ശബരിമല സ്വര്‍ണപ്പാളി വിവാദം മന്ത്രിമാര്‍ക്ക് വര്‍ത്തമാനം പറഞ്ഞു തീര്‍ക്കാനാവില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. വെറുതെ ഓരോ പ്രസ്താവന ഇറക്കുകയാണ്. കഴുകി കളയാന്‍ പറ്റാത്ത അഴുക്ക് പോലെയായി ശബരിമല വിഷയം. ശബരിമലയില്‍ ഇത്രെയെങ്കില്‍ ബാക്കി സ്ഥലങ്ങളില്‍ എത്ര നടന്നിട്ട് ഉണ്ടാവുമെന്ന ചോദ്യമാണ് ആളുകള്‍ ചോദിക്കുന്നത്. എല്ലാം തന്ത്രിയില്‍ കേന്ദ്രീകരിച്ചിട്ട് കാര്യമില്ല. ശബരിമലയില്‍ വന്‍ തോതിലുള്ള അഴിമതിയാണ് നടന്നത്. വലിയ ഐസ് മലയുടെ അറ്റം മാത്രമാണ് പുറത്തുവന്നത്, ഇനിയും നിരവധി കാര്യങ്ങള്‍ പുറത്തു വരാനുണ്ട്. എസ്‌ഐടി ഓരോ കാര്യങ്ങള്‍ കോടതിയെ അറിയിക്കുമ്പോഴാണ് പുറംലോകവും അക്കാര്യം അറിയുന്നത്. ജനങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത രീതിയിലുള്ള തട്ടിപ്പാണ് നടന്നത്. ഇവയില്‍ നിന്ന് സര്‍ക്കാരിന് കര കയറാന്‍ പറ്റുമെന്ന് തോന്നുന്നില്ല. ശബരിമല അഴിമതി പോലൊന്ന് ഇന്ത്യ രാജ്യത്തു നടന്നിട്ട് ഉണ്ടാവില്ല. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അഴിമതിയെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലും ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ശബരിമല സ്വര്‍ണക്കൊള്ള യുഡിഎഫ് വലിയ രീതിയിലുള്ള പ്രചരണായുധമാക്കിയിരുന്നു. ശബരിമല സ്വര്‍ണക്കൊള്ളയുടെ പശ്ചാത്തലത്തില്‍ യുഡിഎഫ് ഒരുക്കിയ 'പോറ്റിയേ കേറ്റിയേ' എന്ന പ്രചാരണ ഗാനം വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. സിപിഐഎമ്മിനെ നേരിട്ട് ഉന്നംവെച്ചായിരുന്നു ആ ഗാനം. ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമുള്ള സോണിയ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ചിത്രം പുറത്തുവന്നതോടെ സിപിഐഎം അത് ഏറ്റെടുത്തു. പോറ്റിയെങ്ങനെ സോണിയയുടെ അരികിലെത്തി എന്നായിരുന്നു സിപിഐഎം നേതാക്കള്‍ പ്രധാനമായും ഉയര്‍ത്തിയ ചോദ്യം.

Content Highlights- CPI(M) leader and minister M B Rajesh against congress over sabarimala gold theft case

dot image
To advertise here,contact us
dot image