പൊന്നമ്പലമേട്ടിൽ മകരജ്യോതി ദൃശ്യമായി; മകരവിളക്ക് തെളിയിച്ചു

പൊന്നമ്പലമേട്ടിൽ മകരജ്യോതി ദൃശ്യമായത് കാണാൻ പതിനായിക്കണക്കിന് ഭക്തരാണ് സന്നിധാനത്ത് എത്തിച്ചേർന്നത്

പൊന്നമ്പലമേട്ടിൽ മകരജ്യോതി ദൃശ്യമായി; മകരവിളക്ക് തെളിയിച്ചു
dot image

പമ്പ: ശബരിമലയിൽ മകരജ്യോതി ദൃശ്യമായി. ദീപാരാധനയ്ക്ക് ശേഷമാണ് മകരജ്യോതി ദൃശ്യമായത്. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പ സ്വാമിയെക്കാണാന്‍ വൻ ഭക്തജനത്തിരക്കാണ് ശബരിമലയിൽ അനുഭവപ്പെട്ടത്.

പൊന്നമ്പലമേട്ടിൽ മകരജ്യോതി ദൃശ്യമായത് കാണാൻ പതിനായിക്കണക്കിന് ഭക്തരാണ് സന്നിധാനത്ത് എത്തിച്ചേർന്നത്. അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണ ഘോഷയാത്ര മകരജ്യോതി ദൃശ്യമാകുന്നതിന് മുൻപ് സന്നിധാനത്ത് എത്തിച്ചേ‍ർന്നു. തന്ത്രിയും മേൽശാന്തിയും ചേർന്ന് തിരുവാഭരണ പേടകം ഏറ്റുവാങ്ങി. തുട‍ർന്ന് സോപാനത്തെത്തിച്ച് അയ്യപ്പന് തിരുവാഭരണം ചാർത്തി. തുടർന്ന് നടയടച്ച് ദീപാരാധന നടന്നു. മകരജ്യോതി ദൃശ്യമായതോടെയാണ് നടതുറന്നത്.

 ശബരിമലയെ ഭക്തി സാന്ദ്രമാക്കിയാണ് തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തേക്ക് എത്തിയത്. അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണങ്ങളുമായി പന്തളത്ത് നിന്നും പുറപ്പെട്ട ഘോഷയാത്ര വൈകിട്ട് 6.24നാണ് സന്നിധാനത്തെത്തിയത്. തിങ്കളാഴ്ചയാണ് പന്തളത്ത് നിന്നും തിരുവാഭരണ ഘോഷയാത്ര പുറപ്പെട്ടത്. സന്നിധാനത്തെത്തിയ തിരുവാഭരണ ഘോഷയാത്രയെ ദേവസ്വം മന്ത്രി വി എൻ വാസവൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ, തന്ത്രി കണ്‌ഠര് മഹേഷ് മോഹനര്, മേൽശാന്തി ഇ ഡി പ്രസാദ് നമ്പൂതിരി, ദേവസ്വം അംഗങ്ങൾ എന്നിവർ ചേർന്നാണ് സ്വീകരിച്ചത്.

മകരവിളക്ക് ദർശിക്കുന്നതിനായി പൊന്നമ്പലമേട് കാണാവുന്ന സ്ഥലങ്ങളിലെല്ലാം തീർഥാടകർ തമ്പടിച്ചിരുന്നു. ഏതാണ്ട് രണ്ട് ലക്ഷത്തിലധികം തീർഥാടകർ സന്നിധാനത്ത് എത്തിയതായാണ് കണക്കാക്കുന്നത്. അപകടങ്ങൾ ഒഴിവാക്കാൻ കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരുന്നത്. തീർഥാടകരുടെ മടക്കയാത്രയ്ക്കായി കെഎസ്ആർടിസി ബസുകൾ ക്രമീകരിച്ചിട്ടുണ്ട്.

ജനുവരി 17-ാം തീയതി വരെ തിരുവാഭരണം ചാർത്തി അയ്യപ്പനെ ദർശിക്കാം. 18-ാം തീയതി വരെയാണ് നെയ്യഭിഷേകം. 18 ന് മണിമണ്ഡപത്തിൽ നിന്ന് ശരംകുത്തിയിലേക്കുള്ള എഴുന്നള്ളത്ത് നടക്കും. 19ന് രാത്രി നടയടയ്ക്കും വരെ ദർശനമുണ്ടാകും. ജനുവരി 20 ന് പുലർച്ചെയാണ് തിരുവാഭരണ പേടകം പന്തളത്തേയ്ക്ക് മടങ്ങുക.

Content Highlights: Makarajyothi Visible at Ponnambalamedu: Devotees Witness Makaravilakku at Sabarimala 2026

dot image
To advertise here,contact us
dot image