

തിരുവനന്തപുരം: ആളില്ലാത്ത വീട് കുത്തിത്തുറന്ന് 15 പവൻ മോഷ്ടിച്ച കള്ളൻ 10 പവൻ അവിടെവെച്ച് മറന്നു. പിൻവാതിൽ വഴി രക്ഷപ്പെടുന്നതിനിടെ അടുക്കളയിലാണ് കള്ളൻ സ്വണ്ണം മറന്നുവെച്ചത്. മാറനല്ലൂരിലാണ് സംഭവം.
ഊരൂട്ടമ്പലം ഗോവിന്ദമംഗലം കട്ടറക്കുഴി നന്ദാവനത്തിൽ വർക്‌ഷോപ്പ് ജീവനക്കാരൻ പ്രതാപചന്ദ്രൻനായരുടെ വീട്ടിലാണ് മോഷണം നടന്നത്. മക്കൾ പഠിക്കുന്ന സ്കൂളിലെ വാർഷിക ആഘോഷത്തിൽ പങ്കെടുക്കാൻ പോയപ്പോഴാണ് മോഷണം നടന്നത്. തിരികെ രാത്രി 9 മണിയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോൾ പിൻവാതിൽ തുറന്നു കിടക്കുന്നത് കണ്ടു. മോഷണം നടന്നതായി സംശയം തോന്നി നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 15 പവൻ സ്വർണവും ഒരുലക്ഷം രൂപയും നഷ്ടപ്പെട്ടതായി മനസിലായത്.
സ്ഥിരമായി ഉപയോഗിക്കുന്ന ആഭരണങ്ങൾ അലമാരയിൽ ഒരിടത്തും പത്തുപവൻ തുണിയിൽ കെട്ടി മറ്റൊരിടത്തുമാണ് സൂക്ഷിച്ചിരുന്നത്. മോഷ്ടാവ് ആഭരണം മുഴുവൻ എടുത്തെങ്കിലും തുണിയിൽ കെട്ടിയ പത്തുപവൻ അടുക്കളയിലെ സ്ലാബിൽ വെച്ചിരിക്കുകയായിരുന്നു. മോഷ്ടാവ് വീടിന്റെ പിൻവശത്തുകൂടി കടക്കാൻ ശ്രമിച്ചപ്പോൾ വെച്ച് മറന്നതാകാം എന്നാണ് കരുതുന്നത്.
വീട്ടുകാർ മാറനല്ലൂർ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് നായയും വിരലടയാള വിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തി. സ്ഥിരമായി മോഷണം നടക്കുന്ന ഒരു സ്ഥലമായി മാറനല്ലൂർ മാറിയിരിക്കുകയാണ്. കഴിഞ്ഞ നാലുമാസങ്ങൾക്കിടയിൽ ഒരു കോടിയിലധികം രൂപയുടെ മോഷണമാണ് ഈ പ്രദേശത്ത് നടന്നത്. എന്നാൽ ഇതുവരെ ഒരു പ്രതിയെപ്പോലും കണ്ടെത്താൻ പൊലീസിനായിട്ടില്ല.
Content Highlight: Thief breaks into a house in Maranalloor and steals 15 sovereigns. But left 10 sovereigns in the kitchen. Police had already started an investigation as there is a continued theft in the area.