പാർട്ടിയിൽ ഇല്ലല്ലോയെന്ന് K C വേണുഗോപാൽ,വ്യക്തിപരമായ വിഷയമെന്ന് കുഞ്ഞാലിക്കുട്ടി; രാഹുൽ വിഷയത്തിൽ നേതാക്കൾ

'രാഹുലിന്റേത് ഇപ്പോൾ വ്യക്തിപരമായ വിഷയം മാത്രം, കോൺഗ്രസ് മറുപടി പറയേണ്ട കാര്യമില്ല'

പാർട്ടിയിൽ ഇല്ലല്ലോയെന്ന് K C വേണുഗോപാൽ,വ്യക്തിപരമായ വിഷയമെന്ന് കുഞ്ഞാലിക്കുട്ടി; രാഹുൽ വിഷയത്തിൽ നേതാക്കൾ
dot image

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റിൽ പ്രതികരിക്കാതെ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. രാഹുലിന്റെ രാജി ആവശ്യപ്പെടുമോ എന്ന ചോദ്യത്തിന് രാഹുൽ പാർട്ടിയിൽ ഇല്ലല്ലോ എന്നായിരുന്നു കെ സി വേണുഗോപാലിന്‍റെ പ്രതികരണം. രാഹുലിന് സംരക്ഷണം ഒരുക്കുന്നു എന്ന് എൽഡിഎഫിന് പറയാമല്ലോ, സത്യം അതൊന്നുമല്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിലിന്റെ കാര്യത്തിൽ കോൺഗ്രസ് ഉചിതമായ നടപടി സ്വീകരിച്ചുവെന്നും ഇനി കോൺഗ്രസ് മറുപടി പറയേണ്ട കാര്യമില്ലന്നുമാണ് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. രാഹുലിന്റേത് ഇപ്പോൾ വ്യക്തിപരമായ വിഷയം മാത്രമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്നലെ അർധരാത്രിയിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട്ടെ ഹോട്ടലിൽവെച്ച് രാത്രി 12.30നായിരുന്നു കസ്റ്റഡിയിലെടുക്കൽ, പിന്നാലെ പത്തനംതിട്ട എ ആർ ക്യാമ്പിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. രാഹുലിനെതിരായ മൂന്നാമത്തെ പരാതിയിലായിരുന്നു അറസ്റ്റ്. മറ്റ് രണ്ടു കേസുകളിലും കോടതി അറസ്റ്റ് തടഞ്ഞിരുന്നു.

രാഹുൽ മാങ്കൂട്ടത്തിൽ വിവാഹ വാ​ഗ്ദാനം നൽകി ക്രൂരമായി പീഡിപ്പിച്ചുവെന്നും ​ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചുവെന്നുമാണ് പരാതി. രാഹുൽ ക്രൂരമായ ലൈം​ഗിക വൈകൃതത്തിന് ഇരയാക്കുകയും മുഖത്തടിക്കുകയും തുപ്പുകയും ചെയ്തുവെന്ന് അതിജീവിത മൊഴി നൽകിയിട്ടുണ്ട്. ശരീരത്തിൽ പലയിടത്തും മുറിവുണ്ടാക്കി. മാതാപിതാക്കളെയും സഹോദരിയെയും അപായപ്പെടുത്തുമെന്ന് തന്നെ ഭയപ്പെടുത്തിയെന്നും യുവതി പൊലീസിന് നൽകിയ മൊഴിയിലുണ്ട്.

അതിജീവിതയെ സാമ്പത്തിക ചൂഷണം ചെയ്ത രാഹുൽ, യുവതിയിൽനിന്ന് ആഡംബര വസ്തുക്കൾ കൈക്കലാക്കുകയും സൗന്ദര്യ വർധക വത്സുക്കളടക്കം വാങ്ങിപ്പിക്കുകയും ചെയ്തു. ആദ്യ കൂടിക്കാഴ്ചയിൽ തന്നെ രാഹുൽ അതിക്രൂരമായി ബലാത്സംഗം ചെയ്തു. വിവാഹം കഴിക്കാമെന്ന വ്യാജേനയാണ് താനുമായി ബന്ധത്തിലായതെന്നും ഒരു കുഞ്ഞുണ്ടായാൽ വിവാഹം വളരെ വേഗത്തിൽ നടക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചുവെന്നും പരാതിക്കാരി മൊഴി നൽകിയിട്ടുണ്ട്. നേരിൽ കാണാൻ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി. റൂമിൽ എത്തിയ രാഹുൽ സംസാരിക്കാൻ പോലും നിൽക്കാതെ ശാരീരികമായി കടന്നാക്രമിച്ചുവെന്നും അതിക്രൂരമായ പീഡനമാണ് നേരിട്ടതെന്നുമാണ് യുവതിയുടെ മൊഴി.

Content Highlights : K C Venugopal and PK Kunhalikutty reacts on Rahul Mamkootathil arrest

dot image
To advertise here,contact us
dot image