ദേഹാസ്വാസ്ഥ്യം; തന്ത്രി കണ്ഠരര് രാജീവര് ഐസിയുവിൽ

ഇന്ന് രാവിലെയാണ് തന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്

ദേഹാസ്വാസ്ഥ്യം; തന്ത്രി കണ്ഠരര് രാജീവര് ഐസിയുവിൽ
dot image

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിലായ തന്ത്രി കണ്ഠരര് രാജീവരെ

തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിലേക്ക് മാറ്റി.മെഡിക്കൽ കോളേജിലെ എംഐസിയു ഒന്നിലേക്കാണ് തന്ത്രിയെ മാറ്റിയത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിന് പിന്നാലെയാണ് തന്ത്രിയെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുവന്നത്. കൂടുതൽ പരിശോധനകൾക്കായി തന്ത്രിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു.

ഇന്ന് രാവിലെയാണ് തന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ജയിലിൽ ഭക്ഷണം നൽകാനെത്തിയ ഉദ്യോഗസ്ഥരോട് തനിക്ക് തലകറക്കമുണ്ടെന്ന് തന്ത്രി അറിയിക്കുകയായിരുന്നു. തുടർന്ന് അദ്ദേഹത്തെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അവിടെനിന്ന് തന്ത്രിയുടെ ഇസിജി അടക്കമുള്ളവ പരിശോധിച്ചു. ഹൃദയസംബന്ധമായ പ്രശനങ്ങൾ അറിയാനുള്ള ഡ്രോപ്പ് ടെസ്റ്റും നടത്തി.

എന്നാൽ ഫലം വന്നപ്പോൾ ഡ്രോപ്പ് ടെസ്റ്റിൽ ഡോക്ടർമാർ ചില പ്രശ്നങ്ങൾ കണ്ടെത്തി. ഇതിൽ കൂടുതൽ പരിശോധനകൾ നടത്താനായാണ് തന്ത്രിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. മെഡിക്കൽ കോളേജിലെ കാർഡിഗോളജി വിഭാഗം മേധാവി തന്ത്രിയെ പരിശോധിച്ചു. കൂടുതൽ പരിശോധനകൾക്കും നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തന്ത്രിയെ ഐസിയുവിലേക്ക് മാറ്റിയത്.

ശബരിമല കട്ടിളപ്പാളിയിലെ സ്വർണം കടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ ജനുവരി ഒൻപതിനാണ് എസ്ഐടി തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ക്ഷേത്രത്തിലെ സ്വര്‍ണപ്പാള്ളികള്‍ പുറത്തേക്ക് കൊണ്ടുപോകാന്‍ ഒത്താശചെയ്ത് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്നും തട്ടിപ്പിന് മൗനാനുവാദം നല്‍കി ഗൂഢാലോചനയില്‍ പങ്കാളിയായെന്നുമാണ് അറസ്റ്റ് റിപ്പോര്‍ട്ടിലും റിമാന്‍ഡ് റിപ്പോര്‍ട്ടിലുമായി പറയുന്നത്. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, പൊതുസ്വത്തിന്റെ അപഹരണവും ദുരുപയോഗവും തുടങ്ങിയ കുറ്റങ്ങളാണ് രാജീവരർക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ പതിമൂന്നാം പ്രതിയാണ് കണ്ഠരര് രാജീവര്.

തന്ത്രിയുടെ അറസ്റ്റിൽ സംശയം പ്രകടിപ്പിച്ച് ബിജെപി നേതാക്കൾ രംഗത്തെത്തിയിരുന്നു. ബിജെപി നേതാക്കൾ ആലപ്പുഴയിലെ തന്ത്രിയുടെ വീട്ടിലെത്തുകയായിരുന്നു. ആലപ്പുഴ സൗത്ത് ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രാവിലെ രാജീവരുടെ ചെങ്ങന്നൂരിലുള്ള വീട്ടിലെത്തിയത്. പിന്നാലെ കുടുംബാംഗങ്ങളുമായി ബിജെപി നേതാക്കള്‍ സംസാരിച്ചു. തന്ത്രിയുടെ തിടുക്കപ്പെട്ടുള്ള അറസ്റ്റിൽ സംശയമുണ്ടെന്നും കെ രാധാകൃഷ്ണനും വി എൻ വാസവനും കടകംപള്ളി സുരേന്ദ്രനും ഇല്ലാത്ത എന്ത് ബാധ്യതയാണ് തന്ത്രിക്കുള്ളതെന്നും സന്ദീപ് വാചസ്പതി കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചിരുന്നു.

Content Highlights: Kandararu rajeevaru admitted to ICU at thiruvananthapuram medical college

dot image
To advertise here,contact us
dot image