

മലയാളത്തിലെ യുവ താരനിര അണിനിരന്ന സിനിമ ആയിരുന്നു ജാന്‍ എ മന്‍. ചിദംബരം ഒരുക്കിയ സിനിമയ്ക്ക് മികച്ച പ്രതികരണം ആയിരുന്നു ലഭിച്ചത്. ചിത്രത്തിലെ ഒരു രംഗത്തിൽ എയർപോർട്ടിൽ നിന്ന് വരുന്ന ബേസിൽ ജോസഫ് കയ്യിലിരുന്ന ട്രോളി കൊണ്ട് അർജുൻ അശോകന്റെ കാറിടിലിക്കുന്ന രംഗമുണ്ട്. ഈ സീനിനെക്കുറിച്ച് മനസുതുറക്കുകയാണ് നടൻ അർജുൻ അശോകൻ. ആ സീൻ പ്ലാൻഡ് അല്ലായിരുന്നു എന്നും ആ സീനിലെ ഞെട്ടൽ തന്റെ ഉള്ളിൽ നിന്ന് വന്നതാണെന്നുമാണ് അർജുൻ അശോകൻ പറഞ്ഞത്. രേഖ മേനോന് നൽകിയ അഭിമുഖത്തിലാണ് അർജുൻ അശോകൻ ഈ സീനിനെക്കുറിച്ച് മനസുതുറന്നത്.
'ജാനേമനിൽ ഉപയോഗിച്ചിരിക്കുന്നത് എന്റെ സ്വന്തം വണ്ടിയാണ്. ട്രോളി കൊണ്ടുവന്നു വണ്ടിയിൽ ഇടിക്കുമെന്ന് എന്നോട് പറഞ്ഞില്ല. ഒന്നാമത് ഞാൻ ബോണറ്റിന്റെ മുകളിൽ കാമറ വെച്ചിട്ട് അത് ചളുങ്ങിയിട്ട് അതിന്റെ ദേഷ്യത്തിൽ ഇരിക്കുകയാണ്. അച്ഛന്റെ വണ്ടി ആയിരുന്നു ആ ബിഎംഡബ്ല്യൂ. ഇതുവരെ അച്ഛനോട് അത് പറഞ്ഞിട്ടില്ല. ടയറിലാകും മുട്ടിക്കുന്നത് ഒരു റിയാക്ഷൻ കൊടുക്കണേ എന്നെ എന്നോട് പറഞ്ഞിരുന്നു. പക്ഷെ ബേസിലേട്ടൻ ട്രോളി കൊണ്ട് ഒറ്റ ഇടി, ഞാൻ ഞെട്ടിപ്പോയി. എന്റെ ഉള്ളിൽ നിന്ന് വന്ന ഞെട്ടലാണ് അത്', അർജുന്റെ വാക്കുകൾ.
2021 നവംബര്‍ റിലീസായ ജാന്‍ എ മന്‍ ഒരു ഫണ്‍ എന്റര്‍ടെയ്‌നറായിരുന്നു. വലിയ താരങ്ങളില്ലാതെ എത്തിയ ചിത്രം തിയേറ്ററുകളില്‍ വലിയ വിജയമാണ് സ്വന്തമാക്കിയത്. ബേസില്‍ ജോസഫ്, അർജുൻ അശോകന്‍, ബാലു വര്‍ഗ്ഗീസ്, ഗണപതി തുടങ്ങി വലിയ താരനിര തന്നെ സിനിമയിൽ അണിനിരന്നു. ചിദംബരം, ഗണപതി, സ്വപ്നേഷ് വരച്ചാൽ എന്നിവർ ചേർന്നാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത്. ലക്ഷ്മി വാര്യർ, ഗണേഷ് മേനോൻ, സജിത്ത് കൂക്കൽ, ഷോൺ ആൻ്റണി എന്നിവർ ചേർന്നാണ് സിനിമ നിർമിച്ചത്. ഛായാഗ്രഹണം വിഷ്ണു തണ്ടാശ്ശേരി, എഡിറ്റിംഗ് കിരൺ ദാസ്, സംഗീതം ബിജിബാൽ.
Content Highlights: Arjun Ashokan about a comic scene in Jan.E.Man