

പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരെ പരാതി നല്‍കിയ അതിജീവിതമാരെ വീണ്ടും അധിക്ഷേപിച്ച് മഹിളാ കോണ്‍ഗ്രസ് നേതാവ് ബിന്ദു ബിനു. 'ഭർതൃമതികൾക്ക് മാത്രമുണ്ടാകുന്ന വൈകൃത രോഗം' എന്നാണ് അവർ ഫേസ്ബുക്കില്‍ കുറിച്ചത്. മൂന്നാമത്തെ ബലാത്സംഗപരാതിയിൽ അതീവരഹസ്യമായി രാഹുലിനെ എസ്‌ഐടി അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മഹിള കോൺഗ്രസ് നേതാവ് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടുകൊണ്ട് എംഎല്‍എയ്ക്ക് പിന്തുണയുമായി രംഗത്ത് വന്നത്. രാഹുലിനെതിരെ ആദ്യത്തെ അതിജീവിത പരാതിയുമായി എത്തിയപ്പോഴും ഭർതൃമതിയായ ഇരയുടെ ത്വര കൊള്ളാം എന്ന വിവാദ പരാമർശവുമായി മഹിള കോൺഗ്രസ് നേതാവ് മുന്നോട്ട് വന്നിരുന്നു.
പത്തനംത്തിട്ട കോൺഗ്രസിലെ രാഹുൽ അനുഭാവികൾ ഇതാദ്യമായല്ല അതിജീവിതകളെ കടന്നാക്രമിക്കുന്നത്. ഇതിന് മുൻപും അതിജീവിതകൾക്കെതിരെ ഇത്തരത്തിലുള്ള സൈബർ ആക്രമണം ഉണ്ടായിരുന്നു. കോൺഗ്രസ് നേതാവിൻ്റെ നേരത്തേയുള്ള പോസ്റ്റിന് നേരെ വ്യാപക പ്രതിഷേധവും ഉയർന്നിരുന്നു. എന്നാൽ പറഞ്ഞ കാര്യത്തിൽ നിന്ന് പിന്നോട്ടില്ലെന്നയിരുന്നു മഹിള കോൺഗ്രസ് നേതാവിന്‍റെ പ്രതികരണം. 'എന്റെ അഭിപ്രായങ്ങൾ വ്യക്തിപരമാണ്, രാഷ്ട്രീയപരമല്ല, അഭിപ്രായ സ്വാതന്ത്ര്യം പോലുമില്ലാത്ത നാടായി മാറിയോ കേരളം' എന്നായിരുന്നു ബിന്ദു ബിനുവിൻ്റെ പ്രതികരണം.
മൂന്നാമത്തെ ബലാത്സംഗപരാതിയിൽ അതീവരഹസ്യമായാണ് രാഹുലിനെ എസ്‌ഐടി പൂട്ടിയത്. ഇന്നലെ ഉച്ച മുതല്‍ രാഹുല്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഒടുവിൽ അർധരാത്രി 12.30 ഓടെ പാലക്കാട്ടെ ഹോട്ടലിൽ നിന്നും കസ്റ്റഡിയിൽ എടുത്ത് ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. ദേഹോപദ്രവം, സാമ്പത്തിക ചൂഷണം, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം അടക്കമുള്ള ആരോപണങ്ങളാണ് രാഹുലിനെതിരായ പരാതിയിലുള്ളത്. എന്നാല്‍ പത്തനംതിട്ട എആർ ക്യാമ്പിലെ ചോദ്യം ചെയ്യലില്‍ രാഹുല്‍ എല്ലാം നിഷേധിച്ചു. ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണ് യുവതിയുമായി ഉണ്ടായതെന്ന് രാഹുല്‍ ചോദ്യം ചെയ്യലില്‍ ആവര്‍ത്തിച്ചു.
അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നടത്തിയത് ക്രൂരമായ ലൈംഗികാക്രമണമാണെന്ന മൊഴിയാണ് അതിജീവിത പൊലീസിന് നൽകിയിരിക്കുന്നത്. രാഹുൽ യുവതിയെ ക്രൂരമായ ലൈംഗിക വൈകൃതത്തിന് ഇരയാക്കുകയും മുഖത്തടിക്കുകയും തുപ്പുകയും ചെയ്തുവെന്ന് അതിജീവിത മൊഴി നൽകിയിട്ടുണ്ട്. ശരീരത്തിൽ പലയിടത്തും മുറിവുണ്ടാക്കി. അതിജീവിതയുടെ മാതാപിതാക്കളെയും സഹോദരിയെയും അപായപ്പെടുത്തുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഭീഷണി മുഴക്കുമെന്നുമാണ് യുവതി പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.
Content Highlights : Mahila Congress leader Bindu Binu sparks controversy after allegedly insulting survivors by calling it a disorder affecting only married women.