

അബുദബി സുസ്ഥിരതാ വാരം 2026ന് തുടക്കമായി. ഊര്‍ജ്ജം, ധനകാര്യം, സാങ്കേതികവിദ്യ തുടങ്ങി വിവിധ മേഖലകളിലെ മാറ്റങ്ങളെ വിലയിരുത്തുകയും അതിനെ മികച്ചരീതിയില്‍ ഉപയോഗിക്കുന്നതിനുമുള്ള പദ്ധതികള്‍ തയ്യാറാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്നതും ചലനാത്മകവുമായ നഗരങ്ങളിലൊന്നായ അബുദാബിയാണ് ആഗോള തലത്തില്‍ ഇതിനകം തന്നെ ശ്രദ്ധ നേടിയ സുസ്ഥിരതാ വാരത്തിന് വേദിയാകുന്നത്.
ദി നെക്‌സസ് ഓഫ് നെക്സ്റ്റ് ആള്‍ സിസ്റ്റംസ് ഗോ എന്നതാണ് ഇത്തവണത്തെ പ്രമേയം. ഊര്‍ജ്ജം, ധനകാര്യം, സാങ്കേതികവിദ്യ, കമ്മ്യൂണിറ്റി തുടങ്ങിയ മേഖലകളെ ഭാവി ആവശ്യങ്ങള്‍ക്കനുസൃതമായി ഏത് വിധത്തില്‍ വികസിപ്പിക്കാം എന്നാതാണ് സുസ്ഥിരതാ വാരത്തിലെ പ്രധാന ചര്‍ച്ച. ശുദ്ധമായ ഊര്‍ജ്ജ മേഖലയെ മുന്നോട്ട് കൊണ്ടുപോകുന്നതിലും ധനസഹായം വിപുലീകരിക്കുന്നതിലും നിര്‍മിത ബുദ്ധിയെ അടിസ്ഥാനമാക്കിയുള്ള നൂതന പദ്ധതികള്‍ വികസിപ്പിക്കുന്നതിനും സമഗ്രമായ പരിവര്‍ത്തനം ഉറപ്പാക്കുന്നതിനും പ്രത്യേക പ്രാധാന്യവും സുസ്ഥിരതാ വാരം നല്‍കുന്നുണ്ട്.
വിവിധ മേഖലകളില്‍ ചര്‍ച്ചകള്‍ക്കായി വിദഗ്ധരുടെ വലിയ നിരയും അബുദബിയില്‍ എത്തിയിയിട്ടുണ്ട്. ആഗോള സ്വാധീനം വികസിപ്പിക്കുക, വിവിധ മേഖലകള്‍ക്കിടയിലുള്ള സഹകരണം വര്‍ധിപ്പിക്കുക, ജീവിത പുരോഗതി ത്വരിതപ്പെടുത്തുക എന്നിവയും സുസ്ഥിരതാ വാരത്തിലൂടെ ലക്ഷ്യമിടുന്നു. സുസ്ഥിര പുരോഗതി കൈവരിക്കാന്‍ ലക്ഷ്യമിട്ടുള്ള ആഗോള പ്ലാറ്റ്‌ഫോം എന്ന നിലയിലും ശ്രദ്ധേയമാണ് അബുദാബി സുസ്ഥിരതാ വാരം.
Content Highlights: Abu Dhabi Sustainability Week 2026 has officially begun