

ഇടുക്കി: കട്ടപ്പനയില്‍ യുവതിയെ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ കേസിൽ പ്രതിയെന്ന് സംശയിക്കുന്ന ഭര്‍ത്താവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഇടുക്കി ഉപ്പുതറയില്‍ എംസി കവല സ്വദേശി സുബിന്‍ (രതീഷ്) ആണ് മരിച്ചത്. ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു സുബിന്‍.
ജനുവരി ആറിനായിരുന്നു സുബിന്റെ ഭാര്യ രജനിയെ ചോര വാർന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. രജനിയുടെ മരണവുമായി ബന്ധപ്പെട്ട് സുബിനെ പൊലീസ് തിരഞ്ഞുവരികയായിരുന്നു. ഇതിനിടെയാണ് വീടിന് സമീപത്തെ കൃഷിയിടത്തിൽ സുബിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
രജനിയെ മരിച്ച നിലയില്‍ കണ്ടെത്തിയ ദിവസം ഉച്ചയോടെ സുബിന്‍ ബസില്‍ കയറി പോകുന്നത് നാട്ടുകാരില്‍ ചിലര്‍ കണ്ടിരുന്നു. ഇതിന് പിന്നാലെ സുബിൻ തമിഴ്‌നാട്ടിലേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് പൊലീസ് തമിഴ്‌നാട്ടിലെത്തി പരിശോധന നടത്തിയിരുന്നു. ഇതിനിടെ സുബിൻ കേരളത്തിലേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചു. പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് സുബിൻ്റെ മൃതദേഹം കണ്ടെത്തിയത്. മുന്‍പ് രണ്ട് തവണ ആത്മഹത്യാശ്രമം നടത്തി പരാജയപ്പെട്ടയാളാണ് സുബിന്‍. കുടുംബ കലഹം പതിവായിരുന്നതിനാല്‍ ഇതുമായി ബന്ധപ്പെട്ട തർക്കങ്ങളാകാം കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിൻ്റെ നിഗമനം.
Content Highlight; Woman found dead in Kattappana; husband suspected in the murder found dead