നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല; ബെന്യാമിന്‍

പത്തനംതിട്ടയിലെ ഒരു മണ്ഡലത്തില്‍ ബെന്യാമിന്‍ മത്സരിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് വിശദീകരണം.

നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല; ബെന്യാമിന്‍
dot image

പത്തനംതിട്ട: നിയമസഭ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുന്നില്ലെന്ന് സാഹിത്യകാരന്‍ ബെന്യാമിന്‍. പത്തനംതിട്ടയിലെ ഒരു മണ്ഡലത്തില്‍ ബെന്യാമിന്‍ മത്സരിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് വിശദീകരണം.

'ആ ബെന്യാമിന്‍ ഞാനല്ല


ഇന്നത്തെ മലയാള മനോരമ ദിനപ്പത്രത്തില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാന്‍ സാധ്യതയുള്ളവരുടെ പട്ടികയില്‍ ബെന്യാമിന്‍ എന്ന പേരും കണ്ടു.
എന്നാല്‍ അങ്ങനെയൊരു സാധ്യതയില്ലെന്ന് വിനയപൂര്‍വ്വം അറിയിക്കട്ടെ.
ഓണ്‍ലൈന്‍ - യൂടൂബ് ചാനലുകള്‍ ഇതിനുമുന്‍പും ഇത്തരം വാര്‍ത്തകള്‍ പുറത്തുവിട്ടിട്ടുണ്ട്. അപ്പോഴൊക്കെ അഭിമുഖങ്ങളിലും സംഭാഷണങ്ങളിലും പ്രസംഗങ്ങളിലും അങ്ങനെയൊരു സാധ്യത ഞാന്‍ തള്ളിക്കളഞ്ഞിരുന്നു. ഇത് പിന്നെയും ഒരു മുഖ്യധാരമാധ്യമം പറയുന്നതുകൊണ്ടാണ് വീണ്ടും ഒരു വിശദീകരണം കൂടി നല്‍കുന്നത്.


ഇന്ത്യയിലെ ഏത് പൗരനെയും പോലെ എനിക്കും രാഷ്ട്രീയമുണ്ട്, രാഷ്ട്രീയ നിലപാടുകളുണ്ട്, എളിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാറുണ്ട്, പൊതുവേദികളിലും സോഷ്യല്‍ മീഡിയയിലും എന്റെ അഭിപ്രായങ്ങള്‍ തുറന്നു പറയാറുമുണ്ട്. എന്നാല്‍ അതൊക്കെ ഏതെങ്കിലും സ്ഥാനങ്ങള്‍ക്ക് വേണ്ടിയാണെന്നത് ഞാന്‍ ഇന്നോളം എടുത്തിട്ടുള്ള നിലപാടുകളെ റദ്ദുചെയ്തു കളയുന്നതാണ്.
സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി മാത്രം രാഷ്ട്രീയത്തില്‍ ഇറങ്ങുകയും അഭിപ്രായങ്ങള്‍ പറയുകയും ചെയ്യുന്ന നിരവധി ആളുകള്‍ ഉയര്‍ന്നു വരുന്ന സമൂഹത്തില്‍ മാധ്യമങ്ങള്‍ ഇങ്ങനെയും ഒരു സാധ്യത സംശയിക്കുന്നതില്‍ തെറ്റു പറയാനില്ല. എന്നാല്‍ അങ്ങനെയല്ലാതെയും രാഷ്ട്രീയവും നിലപാടുകളും പറയുന്നവര്‍ ഇവിടെയുണ്ടെന്ന് അറിയിക്കുക എന്റെ ഉത്തരവാദിത്തമാണ്.
ജനാധിപത്യത്തോടോ ജനാധിപത്യമത്സരങ്ങളോടോ എനിക്ക് എന്തെങ്കിലും വിയോജിപ്പ് ഉള്ളതുകൊണ്ടല്ല അത്. മാത്രമല്ല സാധാരണ ജനങ്ങള്‍ക്കിടയില്‍ ഇറങ്ങിപ്രവര്‍ത്തിക്കുന്ന രാഷ്ട്രീയപ്രവര്‍ത്തകരോട് എനിക്ക് നല്ല ബഹുമാനവും ആദരവുമുണ്ട്. അവരോളം ജനമനസുകളെ തൊട്ടുനില്‍ക്കുന്നവര്‍ ആരുണ്ട്. എന്നാല്‍ എന്റെ സ്വപ്നങ്ങളും ജീവിതരീതിയും സ്വഭാവവുമൊക്കെ സാഹിത്യത്തിനു വേണ്ടി ചിട്ടപ്പെടുത്തിയതാണ്. സാഹിത്യ രചനകളിലാണ് എന്റെ ആഹ്ലാദം. അതില്‍ ജീവിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.


പൊതുപ്രവര്‍ത്തനത്തില്‍ അഭിരുചിയുള്ള ധാരളം മികച്ച പ്രതിഭകള്‍ നമുക്കുണ്ട്. അവര്‍ നമുക്ക് നല്ല രാഷ്ട്രീയം സമ്മാനിക്കട്ടെ. ഞാന്‍ എഴുതാന്‍ ആഗ്രഹിക്കുന്ന ചില കൃതികളുണ്ട്. അവ എനിക്ക് മാത്രമേ എഴുതാന്‍ കഴിയൂ എന്ന് എനിക്ക് ബോധ്യമുണ്ട്. ഈ ചെറിയ ജീവിതത്തില്‍ അത് പൂര്‍ത്തീകരിക്കാനാണ് എന്റെ ആഗ്രഹം.
വാര്‍ത്ത വായിച്ച പല സുഹൃത്തുക്കളും വായനക്കാരും വിളിച്ചന്വേഷിച്ചതുകൊണ്ടാണ് ഇത്രയും എഴുതിയത്.


എനിക്ക് രാഷ്ട്രീയമുണ്ട്, അഭിപ്രായങ്ങളും നിലപാടുകളും പറയും. അതിനര്‍ത്ഥം അത് രാഷ്ട്രീയത്തില്‍ ഏതെങ്കിലും സ്ഥാനമാനങ്ങള്‍ക്കുവേണ്ടിയാണ് എന്നല്ല. അതുകൊണ്ട് ഇത്തരം വാര്‍ത്തകളും കൊണ്ട് ഇനിയും ഈ വഴി വരല്ലേ മാധ്യമങ്ങളേ..', ബെന്യാമിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

dot image
To advertise here,contact us
dot image