

കൊച്ചി: പുതുവർഷ ദിനത്തിൽ കൊച്ചി മെട്രോയിൽ യാത്ര ചെയ്തവരുടെ എണ്ണത്തിൽ റെക്കോർഡ്. മെട്രോയുടെ വിവിധ യാത്രാസംവിധാനങ്ങളായ മെട്രോ ട്രെയിൻ, ഇലക്ട്രിക് ഫീഡർ ബസ്, വാട്ടർ മെട്രോ എന്നിവയിൽ സഞ്ചരിച്ചവരുടെ എണ്ണമാണ് സർവകാല റെക്കോർഡിലെത്തിയത്. പുതുവർഷത്തലേന്നും പുലർച്ചെയുമായി 1,61,683 യാത്രക്കാരാണ് മെട്രോ സംവിധാനങ്ങളിൽ ആകെ യാത്ര ചെയ്തത്. ഡിസംബർ 31ന് മാത്രം ലഭിച്ച 44,67,688 രൂപയുടെ വരുമാനക്കണക്കിലും മെട്രോ റെക്കോർഡ് സൃഷ്ടിച്ചു.
സർവീസ് സമയം നീട്ടിയും മറ്റുമാണ് മെട്രോ ഈ റെക്കോർഡ് നേട്ടം കരസ്ഥമാക്കിയത്. പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായി പുലർച്ചെ രണ്ട് മണി വരെയാണ് കൊച്ചി മെട്രോ ട്രെയിൻ സർവീസ് നടത്തിയത്. ആകെ 1,39,766 പേരാണ് മെട്രോ ട്രെയിനിൽ യാത്ര ചെയ്തത്.
പുലർച്ചെ നാല് മണി വരെയാണ് ഇലക്ട്രിക് ഫീഡർ ബസ് സർവീസ് നടത്തിയത്. ഇതാദ്യമായാണ് ഫീഡർ ബസുകൾ ഇത്തരത്തിൽ പുലർച്ചെ വരെ സർവീസ് നടത്തുന്നത്. ഫോർട്ട് കൊച്ചിയിൽ നിന്ന് പുതുവത്സരാഘോഷങ്ങൾ കഴിഞ്ഞ് വൈപ്പിനിൽ എത്തിയ യാത്രക്കാരെ നഗരത്തിന്റെ പലയിടങ്ങളിലേക്കും എത്തിച്ചത് ഇലക്ട്രിക് ബസുകളിലാണ്. 6817 പേരാണ് ബസിൽ ആകെ യാത്ര ചെയ്തത്.
വാട്ടർ മെട്രോയിൽ 15,000 പേരും യാത്ര ചെയ്തു. മട്ടാഞ്ചേരി - ഹൈക്കോടതി, വൈപ്പിൻ - ഹൈക്കോടതി റൂട്ടിൽ അധിക സർവീസുകൾ നടത്തിയാണ് വാട്ടർ മെട്രോ ഈ നേട്ടം കൈവരിച്ചത്.
Content Highlights: Kochi metro creates history with record passengers at new year day