

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ തോല്‍വിക്ക് കാരണം ഭരണവിരുദ്ധ വികാരം തന്നെയെന്ന് സിപിഐ. സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. ഇടതുമുന്നണിയെ നെ സ്‌നേഹിച്ച വിവിധ വിഭാഗങ്ങളില്‍ ശക്തമായ വിമര്‍ശനം നിലനില്‍ക്കുന്നു. ഇതാണ് ഫലത്തില്‍ തെളിയുന്നത്. വോട്ട് ചെയ്യുമെന്ന് കരുതിയ വിവിധ വിഭാഗം ജനങ്ങള്‍ വോട്ട് ചെയ്തില്ല. മാത്രമല്ല എതിരായി വോട്ട് ചെയ്തതായിട്ടാണ് തിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നതെന്നും സിപിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലെ പോരായ്മ, ശബരിമല വിഷയം, ന്യൂനപക്ഷ ഏകീകരണം, ന്യൂനപക്ഷത്തെ പ്രകോപിപ്പിച്ച് നടത്തിയ പ്രസ്താവനകള്‍ എന്നിവ പരാജയ കാരണമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് എല്‍ഡിഎഫ് യോഗത്തില്‍ ഉയര്‍ന്ന ചര്‍ച്ചയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഐ സംസ്ഥാന കൗണ്‍സിലില്‍ രൂക്ഷ വിമര്‍ശനമാണുണ്ടായത്. നേരത്തെ സിപിഐയുടെ സംസ്ഥാന സെക്രട്ടറിയേറ്റിലും എക്‌സിക്യൂട്ടീവിലും മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
മുഖ്യമന്ത്രിക്ക് മേല്‍ സിപിഐഎമ്മിന് നിയന്ത്രണമില്ല എന്ന അതിരൂക്ഷ വിമര്‍ശനമാണ് സിപിഐ സംസ്ഥാന കൗണ്‍സിലില്‍ ഉയര്‍ന്നത്. മുഖ്യമന്ത്രിക്ക് മേല്‍ സിപിഐഎമ്മിന് നിയന്ത്രണം ഉണ്ടെങ്കില്‍ വെള്ളാപ്പള്ളി വിഷയത്തില്‍ തിരുത്തിയെനെ എന്നതും ചൂണ്ടിക്കാണിക്കപ്പെട്ടു. വെള്ളാപ്പള്ളി നടേശനെ അതിര് വിട്ട് മുഖ്യമന്ത്രി ന്യായീകരിച്ചത് തെറ്റാണെന്ന വിമര്‍ശനവും കൗണ്‍സിലില്‍ ഉയര്‍ന്നു.
മുഖ്യമന്ത്രിയുടെ ഏകാധിപത്യം സര്‍ക്കാരിലും മുന്നണിയിലുമുണ്ടെന്ന വിമര്‍ശനവും സംസ്ഥാന കൗണ്‍സിലില്‍ ഉയര്‍ന്നിരുന്നു. സിപിഐ തിരുത്തല്‍ ശക്തിയാകണം എന്ന ആവശ്യവും ചില അംഗങ്ങള്‍ ഉയര്‍ത്തി. തോല്‍വിയേക്കാള്‍ പ്രശ്‌നമാണ് ഇടത് നയവ്യതിയാനം എന്നും ചിലര്‍ ചൂണ്ടിക്കാണിച്ചു. മത നേതാക്കളോട് പരിധിയില്‍ കവിഞ്ഞ അടുപ്പം കാണിക്കുന്നത് തെറ്റാണെന്നും സംസ്ഥാന കൗണ്‍സിലില്‍ അഭിപ്രായം ഉയര്‍ന്നു.
Content Highlights: CPI says anti-government sentiment is the reason for the local body polls defeat