

മേപ്പാടി: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായുള്ള കോണ്‍ഗ്രസിന്റെ പുനരധിവാസത്തില്‍ വ്യക്തതയില്ലാതെ ടി സിദ്ദിഖ് എംഎല്‍എ. കോണ്‍ഗ്രസിന്റെ ജന്മദിനമായ ഡിസംബര്‍ 28ന് തറക്കല്ലിടും എന്ന് പറഞ്ഞത് ആഗ്രഹമായിരുന്നുവെന്നാണ് ടി സിദ്ദിഖ് എംഎല്‍എ പറഞ്ഞത്. ജനുവരി പത്തിനുള്ളില്‍ ഇതിന്റെ എല്ലാ കാര്യങ്ങളും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കുമെന്നും ടി സിദ്ദിഖ് പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു ടി സിദ്ദിഖിന്റെ പ്രതികരണം.
വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് ടൗണ്‍ഷിപ്പ് നിര്‍മിച്ച് നല്‍കുമെന്ന് പ്രഖ്യാപിച്ചത് രാഹുല്‍ ഗാന്ധിയാണ്. അത് കോണ്‍ഗ്രസ് പാലിക്കും. ഇത്തരത്തില്‍ സര്‍ക്കാര്‍ നല്‍കിയ വാക്ക് എത്ര തവണ മാറ്റിയിട്ടുണ്ട്?. സര്‍ക്കാരിന്റെ വീട് നിര്‍മാണ പദ്ധതി സിപിഐഎം പദ്ധതിയല്ല. യുഡിഎഫ് എംഎല്‍എമാരും അതിനായി പണം നല്‍കിയിട്ടുണ്ടെന്നും ടി സിദ്ദിഖ് പറഞ്ഞു.
വയനാട്ടില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടന്ന ഡിസംബര്‍ പതിനൊന്നിന് തൊട്ട് തലേദിവസമായ പത്താം തീയതിയായിരുന്നു ടി സിദ്ദിഖ് മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായുള്ള ഭവനപദ്ധതിയുടെ തറക്കല്ലിടല്‍ കോണ്‍ഗ്രസ് സ്ഥാപിതദിനമായ ഡിസംബര്‍ 28ന് നടക്കുമെന്ന് ടി സിദ്ദിഖ് പറഞ്ഞത്. ഡിസംബര്‍ മാസം തന്നെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാകുമെന്നും ഈ മാസം തന്നെ ഭവനപദ്ധതിയുടെ തുടക്കം കുറിക്കുമെന്നും സിദ്ദിഖ് പറഞ്ഞു. രജിസ്‌ട്രേഷന്‍ നടപടികള്‍ കഴിഞ്ഞാല്‍ സ്ഥലം ഏതാണെന്ന് പ്രഖ്യാപിക്കും. അഡ്വാസ് നല്‍കി. നിയമപരമായ എല്ലാ കാര്യങ്ങളും പൂര്‍ത്തിയാക്കിയെന്നും ടി സിദ്ദിഖ് പറഞ്ഞിരുന്നു. എന്നാല്‍ ഡിസംബര്‍ 28 ന് ഒരു നടപടിയും ഉണ്ടായില്ല. ഇതിന് പിന്നാലെ ടി സിദ്ദിഖിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. ടി സിദ്ദിഖിനെതിരെ സിപിഐഎം രംഗത്തെത്തിയിരുന്നു.
മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരെ കോണ്‍ഗ്രസ് വീണ്ടും വഞ്ചിച്ചു എന്നായിരുന്നു സിപിഐഎമ്മിന്റെ ആരോപണം. ദുരന്തബാധിതര്‍ക്കുള്ള വീട് നിര്‍മാണം കോണ്‍ഗ്രസ് സ്ഥാപിതദിനമായ ഡിസംബര്‍ 28ന് തുടങ്ങുമെന്നായിരുന്നു ഒടുവിലെ വാഗ്ദാനം. നിര്‍മാണം പോയിട്ട് ഏറ്റെടുക്കുന്ന ഭൂമി ഏതാണെന്നുപോലും പറയാന്‍ കോണ്‍ഗ്രസിനായില്ല. ദുരന്തബാധിതരുടെ പേരില്‍ പണം പിരിച്ച് വഞ്ചിച്ചത് തിരിച്ചടിയാകുമെന്ന് കണ്ടാണ് തദ്ദേശ തെരഞ്ഞെടുപ്പിന്റെ തലേദിവസം 28ന് വീട് നിര്‍മാണം തുടങ്ങുമെന്ന നുണ ടി സിദ്ദിഖ് എംഎല്‍എയും ഡിസിസി പ്രസിഡന്റ് ടി ജെ ഐസക്കും പറഞ്ഞത്. ഏറ്റെടുത്ത സ്ഥലം ഏതാണെന്ന് മാധ്യമങ്ങള്‍ ആവര്‍ത്തിച്ച് ചോദിച്ചിട്ടും പറയാന്‍ തയ്യാറായില്ല. അഡ്വാന്‍സ് എത്ര നല്‍കിയെന്ന ചോദ്യത്തിന് പരിഹാസമായിരുന്നു മറുപടി. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വഞ്ചന ഒരിക്കല്‍കൂടി വെളിപ്പെട്ടു. സ്ഥലവുമില്ല, വീടുമില്ല. നാടിന്റെ ദുരന്തംവിറ്റ് കാശാക്കിയാണ് ഇൗ വഞ്ചനയെന്നും സിപിഐഎം കുറ്റപ്പെടുത്തിയിരുന്നു.
Content Highlights- T Siddique mla on Mundakai-chooralmala rehabilitation project