

കോഴിക്കോട്: കേരളത്തിലെ പൊലീസ് എകെജി സെന്ററിന്റെ അജണ്ട നടപ്പിലാക്കുകയാണെന്ന് കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം എന്‍ സുബ്രഹ്‌മണ്യൻ. ശബരിമല സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ എ ഐ നിര്‍മ്മിത ചിത്രം പങ്കുവെച്ചതിന് സുബ്രഹ്‌മണ്യത്തിനെ കസ്റ്റഡിയിലെടുത്തിരുന്നു. പിന്നാലെയാണ് മാധ്യമങ്ങളോട് സുബ്രഹ്‌മണ്യന്‍ പ്രതികരിച്ചത്.
സ്വര്‍ണക്കൊള്ളക്കാരനായ ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമുള്ള ചിത്രം ഷെയര്‍ ചെയ്തതിനാണ് തനിക്കെതിരെ കേസ്. അതേ ചിത്രം പങ്കുവെച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്തില്ലെന്നും സുബ്രഹ്‌മണ്യൻ ആരോപിച്ചു. പ്രാതല്‍ പോലും കഴിക്കാന്‍ അനുവദിക്കാതെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇടയ്ക്കിടെ സിഐയെ ഉന്നതനായ ആരോ വിളിച്ച് നിര്‍ദ്ദേശം കൊടുത്തു. ആദ്യം സ്റ്റേറ്റ്‌മെന്റ് വേണമെന്നാണ് തന്നോട് പറഞ്ഞത്. സ്‌റ്റേറ്റ്‌മെന്റ് എടുക്കുന്നതിനിടെ ആരോ വിളിച്ച് കസ്റ്റഡിയിലെടുക്കണമെന്ന് പറഞ്ഞു. രാവിലെയുള്ള മരുന്ന് കഴിക്കാനായില്ല, പ്രാഥമിക കാര്യങ്ങൾ നിറവേറ്റാനോ പ്രാതല്‍ കഴിക്കാനോ ആയില്ലെന്നും അദ്ദേഹം പറഞ്ഞു.
'പൊലീസിന്റെ ഹരാസ്‌മെന്റാണ്. ഇത് കേരളത്തിലെ എകെജി സെന്ററിന്റെ നിര്‍ദ്ദേശ പ്രകാരമാണ്. എന്തൊക്കെ ഉണ്ടായാലും കേരളത്തിലെ സ്വര്‍ണക്കൊള്ളക്കാരെ പുറത്തുകൊണ്ട് വരാനുള്ള പോരാട്ടം കേണ്‍ഗ്രസ് നടത്തുമ്പോള്‍ അതിന്റെ മുന്നണിപ്പോരാളികളായി ഞങ്ങളുണ്ടാകും. അറസ്റ്റ് ചെയ്താലും ജയിലിലടച്ചാലും പിണറായി വിജയന്റെ സര്‍ക്കാരിനെ പുറത്താക്കാനുള്ള പോരാട്ടത്തില്‍ മുന്നിലുണ്ടാകും', സുബ്രഹ്മണ്യം കൂട്ടിച്ചേർത്തു.
ഇന്ന് രാവിലെയാണ് സുബ്രഹ്‌മണ്യത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്. ബിഎന്‍എസ് 122 വകുപ്പ് പ്രകാരം ചേവായൂര്‍ പൊലീസായിരുന്നു സുബ്രഹ്‌മണ്യത്തിനെതിരെ സ്വമേധയാ കേസെടുത്തത്. പിണറായി വിജയനും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മില്‍ ഇത്രമേല്‍ അഗാധമായ ബന്ധം ഉണ്ടാകാന്‍ എന്തായിരിക്കും കാരണമെന്ന ക്യാപ്ഷനോടെയായിരുന്നു എന്‍ സുബ്രഹ്‌മണ്യന്‍ ചിത്രം പങ്കുവെച്ചത്.
എന്‍ സുബ്രഹ്‌മണ്യത്തെ കസ്റ്റഡിയിലെടുത്ത നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ രംഗത്തെത്തി. ഈ കാട്ടാള സംസ്‌കാരം ഏത് കമ്മ്യൂണിസ്റ്റ് ശൈലിയാണെന്നായിരുന്നു കെ സി വേണുഗോപാലിന്റെ ചോദ്യം.
കൊലക്കേസിലെയോ കൊള്ളക്കേസിലെയോ പ്രതികളെ പിടികൂടുന്നതുപോലെയാണ് സുബ്രഹ്‌മണ്യത്തിന്റെ വീട് പൊലീസ് വളഞ്ഞത്. ഒരാള്‍ക്കും വിമര്‍ശിക്കാന്‍ കഴിയാത്ത ആളായി മുഖ്യമന്ത്രി മാറി. കേന്ദ്രത്തില്‍ മോദിയും അമിത്ഷായും നടപ്പാക്കുന്നതിന്റെ കാര്‍ബണ്‍ പതിപ്പാണ് മുഖ്യമന്ത്രി ഇവിടെ നടപ്പാക്കുന്നതെന്നും കെ സി വേണുഗോപാല്‍ ആരോപിച്ചു.
Content Highlights: n subrahmanyam against pinarayi vijayan