

കൊച്ചി: ശാന്തിയുടെയും സമാധാനത്തിന്റെയും സൗഹാര്‍ദത്തിന്റെയും സന്ദേശവുമായി ഒരു തിരുപ്പിറവി ദിനം കൂടി. കാലിത്തൊഴുത്തില്‍ ഉണ്ണിയേശു പിറന്നുവീണ ദിനം. ലോകമെമ്പാടുമുളള ജനങ്ങള്‍ തിരുപ്പിറവിയുടെ സ്മരണ പുതുക്കി ക്രിസ്മസ് ആഘോഷിക്കുന്നു. ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രത്യേക തിരുപ്പിറവി ശുശ്രൂഷകള്‍ നടന്നു. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ ക്രിസ്മസ് തിരുകര്‍മ്മങ്ങള്‍ക്ക് മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് ബാവ മുഖ്യകാര്‍മികനായി. യേശുവിന്റെ നാമം ഭൂമിയില്‍ നിന്ന് എടുത്തുമാറ്റാന്‍ ദൈവത്തിനല്ലാതെ മറ്റാര്‍ക്കും കഴിയില്ല. ഭ്രാന്ത് കൊണ്ട് വെറുപ്പുണ്ടാക്കുന്നവരെ എന്താണ് പറയണ്ടേത്, അവര്‍ക്ക് വേണ്ടിയും ഭരിക്കുന്നവര്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കാം; ക്രിസ്മസ് സന്ദേശത്തില്‍ ക്ലീമിസ് ബാവ പറഞ്ഞു.
പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ നടന്ന തിരുപ്പിറവി ചടങ്ങുകള്‍ക്ക് തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോ നേതൃത്വം നല്‍കി. ക്രൈസ്തവ വിശ്വാസികള്‍ക്ക് എതിരായ ആക്രമണം കൂടിക്കൂടി വരുന്നുവെന്ന് തോമസ് ജെ നെറ്റോ പറഞ്ഞു. സമാധാനം ആഗ്രഹിക്കുന്നവരാണ് എല്ലാവരുമെന്നും ക്രിസ്തു ഹൃദയങ്ങളിലാണ് പിറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം പുനലൂര്‍ ഇടമണ്‍ സെന്റ്‌മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ നടക്കുന്ന എല്‍ദോ പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് മലങ്കര മെത്രാപ്പൊലീത്ത ബസേലിയസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കത്തോലിക്കാ ബാവ കാര്‍മികത്വം വഹിച്ചു.
വത്തിക്കാനിലെ സെന്റ് പീറ്റര്‍ ബസിലിക്കയില്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പ തിരുപ്പിറവി ചടങ്ങുകള്‍ക്കും പാതിരാകുര്‍ബാനയ്ക്കും കാര്‍മികത്വം വഹിച്ചു. മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുളള ലിയോ പതിനാലാമന്റെ ആദ്യ ക്രിസ്മസാണിത്. ഉണ്ണിയേശുവിന്റെ ജനനപ്രഖ്യാപനത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. പിന്നീട് അള്‍ത്താരയ്ക്ക് മുന്നിലുളള ബൈബിള്‍ പ്രതിഷ്ഠാപീഠത്തില്‍ പൊതിഞ്ഞുവെച്ചിരിക്കുന്ന ഉണ്ണിയേശുവിന്റെ രൂപം മാര്‍പാപ്പ അനാവരണം ചെയ്തു. അപരിചിതരോടും ദരിദ്രരോടും ദയ കാണിക്കണമെന്ന് മാര്‍പാപ്പ വിശ്വാസികളോട് ആഹ്വാനം ചെയ്തു. സഹായം വേണ്ടവനെ അവഗണിക്കുന്നത് ദൈവത്തെ അവഗണിക്കുന്നതിന് തുല്യമാണെന്നും ലിയോ പതിനാലാമന്‍ പറഞ്ഞു.
Content Highlights: Christmas 2025, World celebrate christmas today