

തിരുവനന്തപുരം: അഞ്ചാമത് ലോക കേരള സഭ സമ്മേളനം ജനുവരി 29ന് ആരംഭിക്കും. സമ്മേളനത്തില്‍ 125 രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുക്കും. മൂന്ന് ദിവസത്തെ സമ്മേളനത്തിന് വേദിയാകുന്നത് തിരുവനന്തപുരത്തെ നിശാഗന്ധി ഓഡിറ്റോറിയമാണ്. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കും. അഞ്ചാം തവണയാണ് ലോക കേരളസഭ സമ്മേളിക്കുന്നത്. അംഗങ്ങള്‍ ഉള്‍പ്പെടെ 500 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
പത്ത് കോടി രൂപയോളമാണ് ലോക കേരളസഭ നടത്തിപ്പിനുള്ള ചെലവ് പ്രതീക്ഷിക്കുന്നത്. പരിപാടി ധൂര്‍ത്താണെന്ന പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പ് നിലനില്‍ക്കെയാണ് സര്‍ക്കാര്‍ സമ്മേളനവുമായി മുന്നോട്ട് പോകുന്നത്. സംസ്ഥാനം വലിയ കടബാധ്യതയില്‍പ്പെട്ടിരിക്കുമ്പോള്‍ സര്‍ക്കാര്‍ കോടികള്‍ മുടക്കി ലോക കേരള സഭ നടത്തുന്നുവെന്നാണ് പ്രതിപക്ഷ ആരോപണം. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ലോക കേരള സഭയാണ് ഈ മാസം നടക്കുക. മുന്‍ വര്‍ഷങ്ങളില്‍ ലോക കേരളസഭയുടെ പേരില്‍ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും നടത്തിയ വിദേശയാത്രകള്‍ വിവാദമായിരുന്നു.
സംസ്ഥാന വികസനം, പ്രവാസികളുടെ പ്രശ്‌നങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്ത് സര്‍ക്കാരുകളുടെ ശ്രദ്ധയില്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ലോകകേരള സഭ സ്ഥാപിക്കുന്നത്. 2018 ജനുവരി 12നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ലോക കേരളസഭയ്ക്ക് തുടക്കം കുറിച്ചത്. കേരള സഭ പ്രവാസികളില്‍ നിന്ന് പണം പിരിക്കാനുള്ളതാണെന്ന വിമര്‍ശനങ്ങളും നിലനിന്നിരുന്നു.
Content Highlight; 5th Loka Kerala Sabha to Be Held in Thiruvananthapuram