ഇടുക്കിയിൽ 72കാരിയെ ചുട്ടുകൊന്ന കേസ്; സഹോദരി പുത്രന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

പ്രതി ഒന്നര ലക്ഷം രൂപ പിഴയും ഒടുക്കണം

ഇടുക്കിയിൽ  72കാരിയെ ചുട്ടുകൊന്ന കേസ്; സഹോദരി പുത്രന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി
dot image

ഇടുക്കി: ഇടുക്കിയിൽ 72കാരിയെ ചുട്ടുകൊന്ന കേസില്‍ സഹോദരി പുത്രന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ഇടുക്കി ജില്ലാ കോടതിയാണ് കേസില്‍ ശിക്ഷ വിധിച്ചത്. വെള്ളത്തൂവല്‍ സ്വദേശി സുനില്‍ കുമാറിനെയാണ് കോടതി ശിക്ഷിച്ചത്. പ്രതി ഒന്നര ലക്ഷം രൂപ പിഴയും ഒടുക്കണം.

2021ലാണ് സുനില്‍ കുമാര്‍ സരോജിനി എന്ന 72കാരിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയത്. സരോജിനിക്കൊപ്പം മുട്ടത്തെ വീട്ടിലായിരുന്നു സുനില്‍ കുമാര്‍ താമസിച്ചിരുന്നത്. തന്റെ പേരിലുള്ള സ്വത്തുക്കള്‍ സുനില്‍ കുമാറിന് നല്‍കാമെന്ന് സരോജിനി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ സ്വത്ത് ഭാഗംവെച്ചപ്പോള്‍ മറ്റ് സഹോദരങ്ങളുടെ മക്കള്‍ക്ക് കൂടി നല്‍കിയതാണ് സുനില്‍ കുമാറിനെ പ്രകോപിപ്പിച്ചത്. ഇതോടെ സരോജിനിയെ കൊല്ലാൻ സുനിൽ കുമാർ പ്ലാൻ ചെയ്യുകയായിരുന്നു.

ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു സരോജിനിയുടെ ദേഹത്ത് സുനിൽ കുമാർ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്. പിന്നീട് കൊലപാതകമല്ലെന്ന് വരുത്തി തീര്‍ക്കാന്‍ വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ടു. അടുപ്പില്‍ നിന്ന് തീയാളി റബ്ബര്‍ ഷീറ്റ് കത്തിയാണ് അപകടമുണ്ടായത് എന്നായിരുന്നു സുനില്‍ കുമാര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നത്. പിന്നീട് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് കൊലപാതകം ചുരുളഴിഞ്ഞത്. ഇതിന് പിന്നാലെ സുനിൽ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.

Content Highlight; Idukki Murder Case: Court Sentences Sister’s Son to Life Imprisonment

dot image
To advertise here,contact us
dot image