

തിരുവനന്തപുരം: പാര്‍ലമെന്റിൽ തൊഴിലുറപ്പ് നിയമഭേദഗതി ബില്‍ അവതരണം നടക്കുമ്പോൾ ജർമൻ സന്ദർശനത്തിലായിരുന്ന ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ അധ്യക്ഷനും രാജ്യസഭാ എംപിയുമായ എ എ റഹീം. രാജ്യം അപകടത്തില്‍ ആകുമ്പോള്‍, സഞ്ചരിക്കാനുള്ള 'പ്രത്യേക തരം ബൈക്ക്' എന്ന ക്യാപ്ഷനോട് കൂടി രാഹുല്‍ ഗാന്ധി ബിഎംഡബ്ല്യു ബൈക്കില്‍ ഇരിക്കുന്ന ചിത്രം പങ്കുവെച്ചാണ് പരിഹാസം. 'രാഹുല്‍ ജി, യാത്ര ആസ്വദിച്ചോ' എന്നും റഹീം ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.
രാജ്യം ഏറെ ചര്‍ച്ച ചെയ്യുന്ന ബില്ലിന്റെ സമയത്ത് രാഹുല്‍ ഗാന്ധി വിദേശത്ത് പോയതില്‍ സിപിഐഎം നേതാക്കള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തിന് ഒരു മുഴുവന്‍ സമയ പ്രതിപക്ഷ നേതാവിനെ വേണമെന്നും ജനവിരുദ്ധ ബില്ല് പാര്‍ലമെന്റില്‍ പരിഗണിക്കുമ്പോള്‍ രാഹുല്‍ഗാന്ധി ബിഎംഡബ്ല്യു ബൈക്ക് ഓടിക്കുകയായിരുന്നുവെന്നും രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസ് പ്രതികരിച്ചു.
ജനവിരുദ്ധ ബില്ല് പാര്‍ലമെന്റില്‍ വരുമ്പോള്‍ പ്രതിപക്ഷനേതാവ് എവിടെ എന്ന് ചോദിച്ച ബ്രിട്ടാസ് രാഹുല്‍ഗാന്ധിയുടെ അഭാവത്തില്‍ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാര്‍ക്കും അതൃപ്തിയുണ്ട് എന്ന് ആരോപിച്ചു. ശൈത്യകാല സമ്മേളനത്തിന്റെ കലണ്ടര്‍ രാഹുലിന് നേരത്തേ അറിയാവുന്നതല്ലേ എന്നും ബിജെപി കുടിലതന്ത്രങ്ങള്‍ നടപ്പാക്കും എന്ന് അറിയാവുന്നതല്ലേ എന്നും ബ്രിട്ടാസ് ചോദിച്ചു. ബില്ല് പാര്‍ലമെന്റില്‍ പരിഗണിക്കുമ്പോള്‍ രാഹുല്‍ഗാന്ധി ബിഎംഡബ്ല്യു ബൈക്ക് ഓടിക്കുകയാണ്. ഒരാഴ്ച കഴിഞ്ഞ് ബൈക്ക് ഓടിച്ചാല്‍ പോരെ? ബിഎംഡബ്ല്യു കമ്പനി അവിടെതന്നെ ഉണ്ടാകുമല്ലോ, പൂട്ടിപ്പോകില്ലല്ലോ എന്നും ബ്രിട്ടാസ് ചോദിച്ചു.
ബില്ലില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. മോദിയുടെ ലക്ഷ്യം തൊഴിലാളികളുടെ ശക്തിയെ ദുര്‍ബലപ്പെടുത്താനാണെന്നും ദളിതര്‍, ആദിവാസികള്‍, ഒബിസി വിഭാഗങ്ങള്‍ തുടങ്ങിയവരുടെ അതിജീവനം തകര്‍ക്കാനുമാണെന്ന് രാഹുല്‍ ആഞ്ഞടിച്ചു. കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ബില്‍ പാസാക്കിയതെന്നും പാവപ്പെട്ടവരുടെ ജീവിതം തകര്‍ക്കാന്‍ തങ്ങള്‍ അനുവദിക്കില്ലെന്നും രാഹുല്‍ വ്യക്തമാക്കി. എക്‌സ് പോസ്റ്റിലൂടെയാണ് രാഹുല്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.
തൊഴിലുറപ്പ് നിയമഭേദഗതിയിൽ പാര്‍ലമെന്റില്‍ നിര്‍ണായക ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ജര്‍മന്‍ സന്ദര്‍ശനത്തിലായിരുന്നു രാഹുല്‍ ഗാന്ധി. മ്യൂണിച്ചിലുളള ബിഎംഡബ്ല്യുവിന്റെ പ്ലാന്റ് സന്ദര്‍ശിച്ചശേഷം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയില്‍ രാഹുല്‍ ഇന്ത്യയിലെ ഉത്പാദനം കുറയുന്നതിലെ ആശങ്ക പങ്കുവെച്ചിരുന്നു. അതേസമയം തൊഴിലുറപ്പ് നിയമഭേദഗതി ബില്‍ രാജ്യസഭയിലും പാസാക്കി. കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയാണ് പാസാക്കിയത്. ഇരു സഭകളിലും പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയപ്പോള്‍ അവവകവെയ്ക്കാതെ ഭരണപക്ഷം ബില്‍ പാസാക്കുകയായിരുന്നു.
Content Highlights: A A Rahim criticise Rahul Gandhi absence in Parliament