'നമുക്കെതിരെയുള്ള കയ്യേറ്റങ്ങളിൽ നമ്മൾ വാചാലരാകും,കേരളത്തിലെത്തുന്നവരെ മർദിച്ചുകൊല്ലാൻ ഒരു ബുദ്ധിമുട്ടുമില്ല'

'ജീവിക്കാൻ വേണ്ടി കേരളത്തിലെത്തുന്നവരെ കൂട്ടം കൂടി മർദ്ദിക്കുന്നതിനോ കൊല്ലുന്നതിനോ ഒരു ബുദ്ധിമുട്ടുമില്ല'

'നമുക്കെതിരെയുള്ള കയ്യേറ്റങ്ങളിൽ നമ്മൾ വാചാലരാകും,കേരളത്തിലെത്തുന്നവരെ മർദിച്ചുകൊല്ലാൻ ഒരു ബുദ്ധിമുട്ടുമില്ല'
dot image

കൊച്ചി: പാലക്കാട് അതിഥിതൊഴിലാളിയെ ആൾക്കൂട്ടം മർദിച്ചുകൊന്ന സംഭവത്തിൽ പ്രതികരണവുമായി ദുരന്ത നിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടി. കുറ്റക്കാർ ശിക്ഷിക്കപെടുമെന്ന പ്രതീക്ഷയില്ലെന്നും രാഷ്ട്രീയ ബന്ധങ്ങളും സാമ്പത്തിക സ്ഥിതിയും ഉള്ള നാട്ടുകാർ ആണ് പ്രതികൾ എന്ന് വരുമ്പോൾ അവർക്ക് നീതി കിട്ടില്ല എന്നും മുരളി തുമ്മാരുകുടി പറഞ്ഞു. പോകുന്ന നാടുകളിലെല്ലാം നമുക്കെതിരെ ഉണ്ടാകുന്ന അക്രമങ്ങളെയും കടന്നുകയറ്റങ്ങളെയും റേസിസത്തെയും കുറിച്ച് നമ്മൾ വാചാലരാകുമ്പോൾ ജീവിക്കാൻ വേണ്ടി കേരളത്തിലെത്തുന്നവരെ കൂട്ടം കൂടി മർദ്ദിക്കുന്നതിനോ കൊല്ലുന്നതിനോ ഒരു ബുദ്ധിമുട്ടുമില്ല എന്നും അദ്ദേഹം വിമർശിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മുരളി തുമ്മാരുകുടിയുടെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

അവരുടെ ദൈന്യത, നമ്മുടെ സംസ്കാരം
പാലക്കാട് ഒരു ഇതര സംസ്ഥാന തൊഴിലാളിയെ മലയാളികൾ മർദ്ദിച്ചു കൊന്നതിന്റെ വാർത്ത വായിക്കുന്നു, വീഡിയോ ശ്രദ്ധിക്കുന്നു. എന്തൊരു കഷ്ടമാണ്. ജീവിക്കാൻ വേണ്ടി മറുനാടുകളിൽ പോയി പണിയെടുക്കുന്ന മലയാളികൾ ആണ് കേരളത്തിന്റെ ഇന്നത്തെ പുരോഗതിയുടെ ഒരു പ്രധാന ഘടകം എന്ന് എല്ലാവരും അംഗീകരിക്കുന്നു.

മലയാളികൾ പോകുന്ന നാടുകളിൽ നമുക്കെതിരെ ഉണ്ടാകുന്ന ഏതൊരു തരത്തിലുള്ള അക്രമങ്ങളെ, കടന്നു കയറ്റങ്ങളെ റേസിസത്തെ ഒക്കെപ്പറ്റി നമ്മൾ വാചാലരാകുന്നു. എന്നാൽ ജീവിക്കാൻ വേണ്ടി കേരളത്തിൽ എത്തുന്നവരെ കൂട്ടം കൂടി മർദ്ദിക്കുന്നതിനോ കൊല്ലുന്നതിനോ ഒരു ബുദ്ധിമുട്ടുമില്ല.

ഇതിപ്പോൾ ആദ്യത്തേതാണോ?അല്ല. ആൾക്കൂട്ട ആക്രമണം മാത്രമല്ല, ആൾക്കൂട്ട കൊല വരെ നമ്മൾ ഇതരസംസ്ഥാന തൊഴിലാളികളോട് നടത്തിയിട്ടുണ്ട്. ഈ തല്ലുകൊള്ളുന്നവരൊന്നും പ്രത്യേകിച്ച് രാഷ്ട്രീയ,സാമൂഹ്യ ബന്ധങ്ങൾ ഉള്ളവർ അല്ല. അവർക്ക് സാമ്പത്തിക സ്ഥിതി ഇല്ല. എന്തിന് ഭാഷ പോലും അറിയില്ല.

അപ്പോൾ അവർക്ക് നമ്മുടെ പൊലീസിനെയോ മറ്റു സംവിധാനങ്ങളെയോ സമീപിക്കാൻ പല പരിമിതികൾ ഉണ്ട്. സമീപിച്ചാൽ പോലും രാഷ്ട്രീയ ബന്ധങ്ങളും സാമ്പത്തിക സ്ഥിതിയും ഉള്ള നാട്ടുകാർ ആണ് പ്രതികൾ എന്ന് വരുമ്പോൾ അവർക്ക് നീതി കിട്ടില്ല.

ഇതിന് മുൻപ് ഇതര സംസ്ഥാന തൊഴിലാളികളെ മർദ്ദിച്ചവരോ കൂട്ടംകൂടി കൊന്നവരോ ഒന്നും അവരുടെ കുറ്റകൃത്യങ്ങളുടെ പേരിൽ ശിക്ഷ അനുഭവിക്കുന്നില്ല. അതുകൊണ്ടാണ് ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കപ്പെടുന്നത്. അഞ്ചുപേരെ അറസ്റ്റ് ചെയ്തു എന്ന് വായിച്ചു. അത്രയും നല്ലത്. അവർ ശിക്ഷിക്കപ്പെടുമോ? ഇത്തവണയും കാര്യങ്ങളിൽ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷയില്ല, പക്ഷെ ആഗ്രഹമുണ്ട്.

മലയാളികൾ മറുനാടുകളിൽ എങ്ങനെ സ്വീകരിക്കപ്പെടണമെന്ന് നമ്മൾ ആഗ്രഹിക്കുന്നുവോ അതുപോലെ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ സ്വീകരിക്കാൻ നമ്മളും തയ്യാറാകുന്ന കിനാശ്ശേരിയാണ് ഞാൻ സ്വപ്നം കാണുന്നത്.

അതേസമയം, വാളയാറിൽ ആൾക്കൂട്ട മർദ്ദനത്തിനിരയായി കൊല്ലപ്പെട്ട അതിഥി തൊഴിലാളിക്ക് ക്രൂരമർദ്ദനമേൽക്കേണ്ടിവന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. രാം നാരായണന്റെ തലയിലും ശരീരത്തിലും ഏറ്റ പരിക്കാണ് മരണകാരണമെന്നും റിപ്പോർട്ടിലുണ്ട്.

രാമിൻ്റെ തല മുതൽ കാൽ വരെ നാൽപ്പതോളം മുറിവുകളാണ് ഉണ്ടായിരുന്നത്. മർദിച്ചവർ രാമിൻ്റെ പുറം മുഴുവൻ വടി കൊണ്ട് അടിച്ചുപൊളിച്ചിരുന്നു. ഇത് കൂടാതെ ചവിട്ടിയതിന്റെയും നിലത്തിട്ട് വലിച്ചതിന്റെയും അടയാളങ്ങളും ശരീരത്തിലാകമാനമുണ്ട്. തലയിൽ രക്തസ്രാവം ഉണ്ടായി എന്നും പോസ്റ്റ്‌മോർട്ടത്തിന് മുൻപായി എടുത്ത എക്സ്റേ ഫലത്തിലുണ്ട്.

ഡിസംബർ 18നാണ് ഛത്തീസ്ഗഢ് സ്വദേശി രാം നാരായണനെ മോഷ്ടാവെന്ന് ആരോപിച്ച് ഒരുസംഘം മര്‍ദ്ദിച്ചത്. എന്നാല്‍ കയ്യില്‍ മോഷണവസ്തുക്കളൊന്നും ഉണ്ടായിരുന്നില്ല. നീ ബംഗ്ലാദേശി ആണോടാ എന്നടക്കം ചോദിച്ചായിരുന്നു മർദ്ദനം. സംസാരിക്കാൻ ശ്രമിക്കുമ്പോളെല്ലാം രാമിന് മർദ്ദനമേൽക്കേണ്ടി വന്നുകൊണ്ടിരുന്നു.

വാളയാർ അട്ടപ്പള്ളത്തുവെച്ച് വൈകിട്ട് ആറോടെയാണ് രാമിന് മർദ്ദനമേൽക്കേണ്ടിവന്നത്. അവശനിലയില്‍ രാം നാരായണനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സംഭവത്തില്‍ 10 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും അഞ്ച് പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.

Content Highlights: Muralee Thummarukudy against Palakkad Mob Lynching

dot image
To advertise here,contact us
dot image