ആദ്യ ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി

ഡിസംബർ 18നാണ് മുൻകൂർ ജാമ്യഹർജി പരിഗണിക്കുക

ആദ്യ ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി
dot image

കൊച്ചി: ഒന്നാമത്തെ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. ഡിസംബർ 18ന് ഹൈക്കോടതി രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കും. മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് വരെ നേരത്തെ രാഹുലിൻ്റെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു. ഈ നടപടിയും കോടതി ഡിസംബർ 18വരെ നീട്ടിയിട്ടുണ്ട്.

നേരത്തെ രണ്ടാമത്തെ ബലാത്സംഗ കേസിൽ തിരുവനന്തപുരം അഡീഷണല്‍ പ്രിൻസിപ്പൽ സെഷന്‍സ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിന് പിന്നാലെ രണ്ടാഴ്ചയോളം നീണ്ട ഒളിവ് ജീവിതം അവസാനിപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ പുറത്ത് വന്നിരുന്നു. കുന്നത്തൂർമേട് സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിൽ വോട്ട് ചെയ്യാനെത്തിയാണ് 15 ദിവസത്തെ ഒളിവ് ജീവിതം രാഹുൽ മാങ്കൂട്ടത്തിൽ അവസാനിപ്പിച്ചത്. രണ്ടാമത്തെ ലൈംഗികാതിക്രമ കേസിലും ഉപാധികളോടെ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ വോട്ട് ചെയ്യാനെത്തിയത്. എംഎല്‍എ എത്തിയതോടെ വോട്ടിങ് കേന്ദ്രത്തിന് മുന്നില്‍ സിപിഐഎം, ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു.

ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് ഹൈക്കോടതി നേരത്തെ തടഞ്ഞിരുന്നു. ഡിസംബർ 15ന് കേസ് പരി​ഗണിക്കുന്നതിനായി മാറ്റുന്നതായി അറിയിച്ചു കൊണ്ടായിരുന്നു കോടതി നടപടി. കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തോടും പൊലീസിനോടും കോടതി റിപ്പോര്‍ട്ട് സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. കേസ് ഡയറി ഹാജരാക്കണമെന്നും നിർദേശമുണ്ടായിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയതോടെയായിരുന്നു രാഹുൽ ഹെെക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് കെ ബാബു അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ആണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചത്. അതിജീവിതയുടെ പരാതിയനുസരിച്ച് എസ്‌ഐടി ചുമത്തിയ ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്നായിരുന്നു മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ രാഹുല്‍ മാങ്കൂട്ടത്തിൽ വാദിച്ചിരുന്നു

അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത് നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമാണ്. പൊലീസിനാണ് ആദ്യം പരാതി നല്‍കേണ്ടതെന്നും രാഹുല്‍ ഹർജിയിൽ പരാമർശിച്ചിരുന്നു. പരാതിക്കാരിയുടെ എല്ലാ ആക്ഷേപങ്ങളിലും തനിക്ക് മറുപടിയുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണ സംഘത്തിന് വിശദീകരണം നല്‍കാന്‍ തയ്യാറാണ്. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും രാഹുൽ ഹ‍ർജിയിൽ പറഞ്ഞിരുന്നു.

ഇതിനിടെ രണ്ടാമത്തെ ബലാത്സം​ഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് തിരുവനന്തപുരം അഡീഷണല്‍ പ്രിൻസിപ്പൽ സെഷന്‍സ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഉപാധികളോടെയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണണെന്നാണ് നിർദേശം.

ബെംഗളൂരു സ്വദേശിനിയായ 23 കാരിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് രണ്ടാമത്തെ കേസ്. താന്‍ നേരിട്ടത് ക്രൂരമായ ലൈംഗികാതിക്രമമാണെന്ന് അതിജീവിത കഴിഞ്ഞദിവസം മൊഴി നല്‍കിയിരുന്നു. വിവാഹവാഗ്ദാനം നല്‍കി ബന്ധം സ്ഥാപിച്ച രാഹുല്‍ അതിക്രൂരമായി തന്നെ ബലാത്സംഗം ചെയ്തതായാണ് അതിജീവിത എസ്‌ഐടിക്ക് മൊഴി നല്‍കിയത്. ശരീരമാകെ മുറിവേല്‍പ്പിച്ചു കൊണ്ടുള്ള ലൈംഗികാതിക്രമമാണ് രാഹുല്‍ നടത്തിയതെന്നും മൊഴിയിലുണ്ട്. തന്റെ ടെലഗ്രാം നമ്പര്‍ സംഘടിപ്പിച്ച ശേഷം താനുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ അടുപ്പം സ്ഥാപിച്ചു. തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കി. അവധിക്ക് നാട്ടിലെത്തിയ തന്നെ ഭാവി കാര്യങ്ങള്‍ സംസാരിക്കുന്നുണ്ടെന്ന് പറഞ്ഞ് രാഹുലിന്റെ സുഹൃത്ത് ഫെന്നി നൈനാന്റെ കാറില്‍ ഒരു ഹോം സ്റ്റേയിലെത്തിച്ചു. അവിടെ വെച്ച് തന്റെ എതിര്‍പ്പ് അവഗണിച്ച് ക്രൂരമായി ബലാത്സംഗം ചെയ്തു. ബലാത്സംഗത്തിനിടെ 'ഐ വാണ്ട് ടു റേപ്പ് യൂ' എന്ന് രാഹുല്‍ ആവര്‍ത്തിച്ചു. കരഞ്ഞ് കാലുപിടിച്ചിട്ടും ഉപദ്രവം തുടര്‍ന്നു. അതിനിടെ തനിക്ക് പാനിക്ക് അറ്റാക്കും ശ്വാസം മുട്ടലുമുണ്ടായി. എന്നിട്ടും രാഹുല്‍ പിന്മാറിയില്ല. അതിക്രമത്തിന് ശേഷം, തന്നെ വിവാഹം കഴിക്കാനാവില്ലെന്ന് രാഹുല്‍ പറഞ്ഞു. അതോടെ മാനസികമായും ശാരീരികമായും താന്‍ തകര്‍ന്നു. കുറച്ചുനാള്‍ കഴിഞ്ഞ് തന്നോട് ബന്ധം പുനഃസ്ഥാപിക്കാന്‍ രാഹുല്‍ ശ്രമിച്ചു. തനിക്ക് ഒരു കുഞ്ഞ് വേണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. ശേഷം തന്റെ വീടിന് സമീപം കാറുമായെത്തി കയറാന്‍ ആവശ്യപ്പെട്ടു. ഇത് നിരസിച്ചതോടെ ഫോണില്‍ വിളിച്ച് രാഹുല്‍ അസഭ്യം പറഞ്ഞെന്നും അതിജീവിത എസ്‌ഐടിക്ക് മൊഴി നല്‍കി. മൊഴിയും അതിജീവിത കൈമാറിയ തെളിവുകളും മുദ്രവെച്ച കവറില്‍ പൊലീസ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

Also Read:

രാഹുൽ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ ബലാത്സം​ഗക്കേസിൽ മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ക്രിസ്തുമസിന് ശേഷം സർക്കാർ ഹർജി പരി​ഗണിക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

Content Highlights: High Court extends hearing of Rahul Mamkootathil anticipatory bail plea

dot image
To advertise here,contact us
dot image