

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച കേസില്‍ രാഹുല്‍ ഈശ്വറിന് കോടതി വീണ്ടും ജാമ്യം നിഷേധിച്ചു. ഇതോടെ രാഹുൽ ഈശ്വർ ജയിലിൽ തുടരും. രാഹുൽ ഈശ്വർ അന്വേഷണത്തിന് സഹകരിക്കുന്നില്ലെന്ന പ്രൊസിക്യൂഷൻ വാദം തിരുവനന്തപുരം അഡീഷണല്‍ സിജെഎം കോടതി അംഗീകരിച്ചു.
10 ന് രാഹുലിനെ കോടതിയിൽ ഹാജരാക്കണം. അന്ന് കസ്റ്റഡി അപേക്ഷ പരിഗണിക്കും. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി നാലാണ് രാഹുലിന്റെ ജാമ്യാപേക്ഷ തള്ളിയത്. അതിജീവിതക്കെതിരായ എല്ലാ പോസ്റ്റുകളും നീക്കം ചെയ്യാമെന്ന് ജാമ്യാപേക്ഷ പരിഗണിക്കവെ രാഹുൽ ഈശ്വർ കോടതിയെ അറിയിച്ചിരുന്നു. താൻ തെറ്റൊന്നും ചെയ്തിട്ടില്ല, അതിജീവിതയെ അധിക്ഷേപിച്ചിട്ടില്ല. എഫ്‌ഐആർ വായിക്കുന്ന വീഡിയോ ആണ് പോസ്റ്റ് ചെയ്തതെന്നും രാഹുൽ ഈശ്വർ കോടതിയെ അറിയിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ അപമാനിച്ചെന്ന കേസിലാണ് രാഹുൽ ഈശ്വറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ അഞ്ചാം പ്രതിയായ രാഹുൽ ഈശ്വർ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ തുടരുകയാണ്. കേസിൽ വഞ്ചിയൂര്‍ മജിസ്‌ട്രേറ്റ് കോടതി നേരത്തെയും രാഹുൽ ഈശ്വറിന് ജാമ്യം നിഷേധിച്ചിരുന്നു. രാഹുൽ സ്ഥിരം കുറ്റവാളിയാണെന്നും ജാമ്യം നൽകുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. അതിജീവിതയുടെ ഐഡൻ്റിറ്റി രാഹുൽ വെളിപ്പെടുത്തിയെന്നും പ്രോസിക്യൂഷൻ പറഞ്ഞിരുന്നു.
എന്നാൽ രാഹുല്‍ ഈശ്വര്‍ ഒരു ഘട്ടത്തില്‍ പോലും യുവതിയുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെന്നായിരുന്നു അഭിഭാഷകന്‍ വാദിച്ചത്. രാഹുലിന്റെ വീഡിയോയില്‍ അത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ ഈ വാദങ്ങള്‍ കോടതി തള്ളിയിരുന്നു. കുറ്റം നിസാരമായി കാണാനാകില്ലെന്നും ലൈംഗികച്ചുവയോടെ അതിജീവിതയെ അധിക്ഷേപിച്ചെന്ന കുറ്റത്തില്‍ കഴമ്പുണ്ടെന്നും കോടതി വിലയിരുത്തി. തുടർന്ന് രാഹുലിൻ്റെ ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു.
നവംബർ 30നാണ് അതിജീവിതയുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയതിനും അധിക്ഷേപിച്ചതിനും രാഹുലിനെ അറസ്റ്റ് ചെയ്തത്. സൈബര്‍ അധിക്ഷേപത്തിന് ജാമ്യമില്ലാ വകുപ്പ് കൂടി ചേര്‍ത്തായിരുന്നു അറസ്റ്റ്. അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ പത്തനംതിട്ട മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി രഞ്ജിത പുളിക്കല്‍ ആണ് ഒന്നാം പ്രതി. കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യര്‍ അഞ്ചാം പ്രതിയാണ്.
Content Highlights: court denies bail to Rahul Easwar