

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അതിജീവിതക്കെതിരായ എല്ലാ പോസ്റ്റുകളും നീക്കം ചെയ്യാമെന്ന് രാഹുൽ ഈശ്വർ. ജാമ്യാപേക്ഷ പരിഗണിക്കവെയാണ് രാഹുൽ ഈശ്വർ കോടതിയെ ഇക്കാര്യം അറിയിച്ചത്. താൻ തെറ്റൊന്നും ചെയ്തിട്ടില്ല. അതിജീവിതയെ അധിക്ഷേപിച്ചിട്ടില്ല. എഫ്‌ഐആർ വായിക്കുന്ന വീഡിയോ ആണ് പോസ്റ്റ് ചെയ്തത് എന്നുമാണ് രാഹുൽ ഈശ്വർ കോടതിയെ അറിയിച്ചത്.
അതിജീവിതക്കെതിരെ ഇനി പോസ്റ്റിടില്ല എന്നും ഇട്ടതെല്ലാം പിൻവലിച്ചു എന്നും ക്ലൗഡിൽ നിന്നും പിൻവലിക്കാമെന്നും രാഹുൽ കോടതിയിൽ പറഞ്ഞു. അതേസമയം, രാഹുൽ ഈശ്വറിനെതിരെ നടപടി ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസിൽ രാഹുലിനായി വീണ്ടും പൊലീസ് കസ്റ്റഡിയപേക്ഷ നൽകി. ജാമ്യം നൽകിയാൽ പ്രതി കുറ്റം ആവർത്തിക്കുമെന്നും കേസുമായി ഇതുവരെ പ്രതി സഹകരിച്ചിട്ടില്ലെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. രാഹുൽ ഇതുവരെ ഫോണും ലാപ്ടോപ്പിന്റെ പാസ്സ്‌വേർഡും അടക്കം നൽകിയിട്ടില്ല. അതിനാൽ തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് കഴിഞ്ഞ്, 10-ാം തിയതി മുതൽ രാഹുലിനെ കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷയിൽ അല്പസമയത്തിയിൽ കോടതി വിധി പുറപ്പെടുവിക്കും.
തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നാല് ആണ് രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ഇന്നലെ പരിഗണിക്കേണ്ടിയിരുന്ന ഹർജി സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. രണ്ട് കോടതികളിലായി രാഹുൽ ജാമ്യാപേക്ഷ നൽകിയതാണ് പ്രശ്നമായത്. നേരത്തെ തിരുവനന്തപുരം സെഷൻസ് കോടതിയിൽ രാഹുൽ ഈശ്വർ ജാമ്യഹർജി നൽകിയിരുന്നു. ഇത് ഡിസംബർ അഞ്ചിന് പരിഗണിക്കാനിരിക്കെ കീഴ്‌ക്കോടതിയിലും ഹർജി നൽകുകയായിരുന്നു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ അപമാനിച്ചെന്ന കേസിലാണ് രാഹുൽ ഈശ്വറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ അഞ്ചാം പ്രതിയായ രാഹുൽ ഈശ്വർ നിലവിൽ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ തുടരുകയാണ്. ജയിലിൽ നിരാഹാരസമരത്തിലും കൂടിയാണ് രാഹുൽ ഈശ്വർ.
Content Highlights: rahul easwar admits to delete vidoes defaming women at rahul mankoottathil case