രാഹുല്‍ മാങ്കൂട്ടത്തില്‍ ഹൈക്കോടതിയിലേക്ക്; ഓണ്‍ലൈനായി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാന്‍ നീക്കം

അന്വേഷണ സംഘത്തിന് മുമ്പാകെ കീഴടങ്ങാന്‍ രാഹുല്‍ തയ്യാറല്ലെന്നാണ് വിവരം

രാഹുല്‍ മാങ്കൂട്ടത്തില്‍ ഹൈക്കോടതിയിലേക്ക്; ഓണ്‍ലൈനായി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാന്‍ നീക്കം
dot image

തിരുവനന്തപുരം: ബലാത്സംഗ കേസില്‍ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചതോടെ ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. സെഷന്‍സ് കോടതിയുടെ ഉത്തരവിന്റെ പകര്‍പ്പ് കിട്ടിയാലുടന്‍ ഓണ്‍ലൈനായി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാനാണ് തീരുമാനമെന്നാണ് വിവരം. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ എസ് രാജീവാകും രാഹുല്‍ മാങ്കൂട്ടത്തിലിനായി ഹാജരാകുക.

അന്വേഷണ സംഘത്തിന് മുമ്പാകെ കീഴടങ്ങാന്‍ രാഹുല്‍ തയ്യാറല്ലെന്നാണ് വിവരം. ഈ സാഹചര്യത്തില്‍ ഹര്‍ജി നാളെ ഉച്ചയോടെ ബെഞ്ചില്‍ കൊണ്ടുവരാന്‍ കഴിയുമോയെന്നാണ് ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം തന്നെ രാഹുലുമായി ബന്ധപ്പെട്ടവര്‍ ഹൈക്കോടതി അഭിഭാഷകരുമായി കൂടിയാലോചന നടത്തിയിരുന്നു.

2025 ഓഗസ്റ്റ് 21ന് ലൈംഗിക പീഡന തെളിവുകൾ പുറത്തുവന്നതോടെ സമ്മർദത്തിന് വഴങ്ങിയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാഹുല്‍ രാജിവച്ചത്. ഓഗസ്റ്റ് 25ന് കോൺഗ്രസ് പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ഇന്ന് (ഡിസംബർ 04ന്) രാഹുലിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. എംഎൽഎയായി നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്ത അതേ ദിവസമാണ് രാഹുലിനെ പാർട്ടി പുറത്താക്കുന്നത്. പാർട്ടി പുറത്താക്കിയതോടെ രാഹുലിന് നിയമസഭാ അംഗത്വം രാജിവെക്കേണ്ടി വരും. രാഹുൽ സ്വയം രാജിവെക്കണമെന്നാണ് നേതൃത്വത്തിന്‍റെ ആവശ്യം.

നിർബന്ധിത ഗർഭഛിദ്രത്തിന്‌ തെളിവുണ്ടെന്നും പ്രതിക്ക്‌ മുൻകൂർ ജാമ്യം അനുവദിക്കുന്നത് തെളിവ്‌ നശിപ്പിക്കാൻ കാരണമാകുമെന്നുമാണ് പ്രോസിക്യൂഷൻ കോടതിയില്‍ വാദിച്ചത്. പൊലീസ് റിപ്പോർട്ടിലും പ്രതിക്കെതിരെ ഗുരുതര പരാമർശങ്ങളാണുള്ളത്. കൂടാതെ മെഡിക്കൽ തെളിവുകളും ഡിജിറ്റൽ തെളിവുകളുമുണ്ട്‌. കുറ്റങ്ങൾ പ്രഥമദൃഷ്‌ട്യാ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ജില്ലാ സെഷന്‍സ് കോടതിയുടെ നടപടി. യുവതിയെ ക്രൂരമായി ഉപദ്രവിച്ചു. കടുത്ത മാനസിക സമ്മർദത്തിലേക്ക് തള്ളിവിട്ടതായും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് മുന്‍കൂര്‍ ജാമ്യം തള്ളിയത്.


Content Highlights: Rahul Mamkootathil to approach Highcourt as Sessions court denied bail

dot image
To advertise here,contact us
dot image