

മലപ്പുറം: സ്‌കൂളിന് മുന്നില്‍വെച്ച് ലോറിയിടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം. മലപ്പുറം കുരുവമ്പലത്താണ് സംഭവം. കൊളത്തൂര്‍ നാഷണല്‍ എല്‍പി സ്‌കൂളിലെ അറബി അധ്യാപിക നഫീസയാണ് മരിച്ചത്. സ്‌കൂളില്‍ നിന്ന് വിരമിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മരണം. ഇന്നലെ വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം. ഉടന്‍ തന്നെ ടീച്ചറെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വൈകുന്നേരം സ്‌കൂള്‍ വിട്ട് സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. നഫീസയുടെ വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ലോറിയുടെ മുന്‍ഭാഗം നഫീസയുടെ വാഹനത്തില്‍ തട്ടി. സ്‌കൂട്ടര്‍ ചെരിയുകയും നഫീസ ലോറിക്കടിയിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. ടിപ്പര്‍ അമിത വേഗതയിലായിരുന്നുവെന്ന് ദൃസാക്ഷികള്‍ പറഞ്ഞു.
സ്‌കൂള്‍ പരിസരത്ത് ടിപ്പറുകള്‍ പകല്‍ സമയത്ത് നിരോധിച്ചിട്ടുണ്ടെങ്കിലും ഇത് കാറ്റില്‍പറത്തിയാണ് ടിപ്പറുകളുടെ മരണപ്പാച്ചിലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. പല ഡ്രൈവര്‍മാരും അമിത വേഗതയിലാണ് പായുന്നതെന്നും പൊലീസും മോട്ടോര്‍ വാഹന വകുപ്പും ഇതുവരെ നടപടിയെടുത്തിട്ടില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
Content Highlights: Teacher dies tragically after being hit by a lorry in front of her school