

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് അഞ്ച് വര്‍ഷത്തെ വിലയിരുത്തലാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വോട്ടര്‍മാര്‍ ഗൗരവത്തോടെ കാണുന്ന തെരഞ്ഞെടുപ്പാണ് തദ്ദേശ തെരഞ്ഞെടുപ്പെന്നും മാറ്റം അനിവാര്യമാണെന്നും സുരേഷ് ഗോപി പറഞ്ഞു. '2025-ല്‍ മാറ്റം പ്രകടമാകും. കോര്‍പ്പറേഷന്‍ ബിജെപിയെ ഏല്‍പ്പിക്കൂ, ബാക്കി കാര്യം ഞങ്ങള്‍ നോക്കിക്കോളാം. അന്‍പത്തി ആറോളം ഇടങ്ങളില്‍ വിജയം സുനിശ്ചിതമാണ്. കവടിയാറിലെയും ശാസ്തമംഗലത്തെയും സ്ഥാനാര്‍ത്ഥികള്‍ ശക്തരാണ്': സുരേഷ് ഗോപി പറഞ്ഞു. ആര്‍ ശ്രീലേഖയെ താന്‍ ഇനി മാഡം എന്ന് മാത്രമേ വിളിക്കുകയുളളുവെന്നും നഗരത്തിന്റെ മുഴുവന്‍ നേതാവായി ശ്രീലേഖ വരുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ ശാസ്തമംഗലം വാര്‍ഡില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് മുന്‍ ഡിജിപി ആര്‍ ശ്രീലേഖയാണ്. കോണ്‍ഗ്രസ് മേയര്‍ സ്ഥാനാര്‍ത്ഥി കെ എസ് ശബരീനാഥനെതിരെ കവടിയാറില്‍ എസ് മധുസൂദനന്‍ നായരെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയത്. ഏഷ്യന്‍ ഗെയിംസില്‍ രണ്ട് മെഡലുകള്‍ നേടിയ സ്‌പോര്‍ട്‌സ് താരവും മുന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റുമായ പദ്മിനി തോമസ് പാളയത്തും ബിജെപി സംസ്ഥാന സെക്രട്ടറി വി വി രാജേഷ് കൊടുങ്ങാനൂരിലും ജനവിധി തേടും. കഴക്കൂട്ടത്ത് അനില്‍ കഴക്കൂട്ടവും പേരൂര്‍ക്കടയില്‍ ടി എസ് അനില്‍കുമാറുമാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍.
Content Highlights: 'Hand over the corporation to BJP, we will take care of the rest': Suresh Gopi