ശ്യാമള എസ് പ്രഭു ബിജെപി വിട്ടു

ചെര്‍ളായി ഡിവിഷനില്‍ നിന്നും കൗണ്‍സിലറായിരുന്ന ശ്യാമളയ്ക്ക് ഇത്തവണ ബിജെപി സീറ്റ് നല്‍കിയിരുന്നില്ല

ശ്യാമള എസ് പ്രഭു ബിജെപി വിട്ടു
dot image

കൊച്ചി: ബിജെപി മുന്‍ സംസ്ഥാന ഉപാധ്യക്ഷ ശ്യാമള എസ് പ്രഭു രാജിവെച്ചു. മട്ടാഞ്ചേരിയിലെ ബിജെപി പ്രാദേശിക നേതൃത്വത്തിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് രാജി. കൊച്ചിന്‍ കോര്‍പ്പറേഷനിലെ ചെര്‍ളായി ഡിവിഷനില്‍ സ്വതന്ത്രയായി പത്രിക നല്‍കിയിരുന്നു. 32 വര്‍ഷം തുടര്‍ച്ചയായി ചെര്‍ളായി ഡിവിഷനില്‍ നിന്നും കൗണ്‍സിലറായിരുന്ന ശ്യാമളയ്ക്ക് ഇത്തവണ ബിജെപി സീറ്റ് നല്‍കിയിരുന്നില്ല.

തനിക്കെതിരെ വിമത നീക്കം നടത്തിയവരെ ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥികളാക്കാന്‍ നീക്കം നടത്തുന്നു എന്നും പാര്‍ട്ടിയില്‍ അവഗണന നേരിടുന്നു എന്നും നേരത്തെ ശ്യാമള ആരോപിച്ചിരുന്നു. 1988 മുതല്‍ കൊച്ചി നഗരസഭയിലെ എല്ലാ സ്ഥാനാര്‍ത്ഥി പട്ടികയിലും ശ്യാമള എസ് പ്രഭുവിന്റെ പേര് ഉണ്ടാകുമായിരുന്നു. എന്നാല്‍ ഇത്തവണ ടിക്കറ്റ് നല്‍കാന്‍ ബിജെപി തയ്യാറായില്ല.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ നിര്‍ദേശിച്ചത് പ്രകാരം പി ആര്‍ ശിവശങ്കരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ശ്യാമളയെ വീട്ടിലെത്തി കണ്ടിരുന്നു. എങ്കിലും ചര്‍ച്ചകള്‍ വിഫലമായിരുന്നു. മട്ടാഞ്ചേരി, ഫോര്‍ട്ട് കൊച്ചി മേഖലയില്‍ ബിജെപിക്ക് കൗണ്‍സിലര്‍മാരുള്ളത് അമരാവതിയിലും ചെർളായിയിലും മാത്രമാണ്. ഇതിനിടെയാണ് കൗണ്‍സിലറായിരുന്ന ശ്യാമളയും പാര്‍ട്ടി വിട്ടത്. മട്ടാഞ്ചേരിയില്‍ ചേരിപ്പോര് രൂക്ഷമാണ്. മുതിര്‍ന്ന ബിജെപി പ്രവര്‍ത്തകനായ ആര്‍ സതീഷ് മട്ടാഞ്ചേരി നേതൃത്വത്തിനെതിരെ പരസ്യ പ്രതിഷേധം നടത്തിയിരുന്നു.

Content Highlights: Shyamala S Prabhu resigns Froms bjp

dot image
To advertise here,contact us
dot image