

കല്പറ്റ: കഴുത്തിലെ മാല തട്ടിപ്പറിച്ചോടി ബൈക്കിൽ രക്ഷപ്പെടുന്ന കള്ളന്മാരുടെ പിന്നാലെ പാഞ്ഞ ധൈര്യശാലിയായ വീട്ടമ്മയെ ഓർമയുണ്ടോ?. ഇത് കേൾക്കുമ്പോൾ ആദ്യം ഓർമയിലെത്തുക നവ്യ നായർ വേഷമിട്ട 'ഒരുത്തീ' എന്ന സിനിമയായിരിക്കും. എന്നാൽ ആ സിനിമയ്ക്ക് കാരണമായ ജീവിതത്തിലെ യഥാർത്ഥ നായികയായ സൗമ്യയാണ് ഇത്തവണ വയനാട് കൽപ്പറ്റ നഗരസഭയിലേക്ക് എൽഡിഎഫ് സ്ഥാനാർത്ഥിയായി ജനവിധി തേടുന്നത്.
കൽപറ്റ നഗരസഭയിലെ 12ാം വാർഡ് എമിലിത്തടത്തിൽനിന്നാണ് സൗമ്യ മത്സരത്തിനിറങ്ങുന്നത്. യുഡിഎഫിലെ റംല സുബൈറാണ് സൗമ്യയുടെ എതിരാളി.
മാലപൊട്ടിച്ചോടിയ കള്ളന്മാരെക്കൊണ്ടുപോലും ഈ ചേച്ചി സൂപ്പറാണെന്ന് പറയിപ്പിച്ച സൗമ്യയുടെ ജീവിതത്തിലെ ഒരു വൈകുന്നേരത്തിലെ സംഭവമാണ് 'ഒരുത്തീ' എന്ന ചിത്രത്തിൽ പറയുന്നത്. നാട്ടിലെ ജനകീയ മുഖമായ സൗമ്യ സിപിഐയുടെ ജില്ലയിലെ പ്രധാന യുവനേതാക്കളിൽ ഒരാളാണ്. കൊല്ലം മൈനാഗപ്പള്ളി സ്വദേശിനിയായ സൗമ്യ ഭർത്താവ് ഷൈജുവിന് ജോലിയിൽ സ്ഥലംമാറ്റം ലഭിച്ചാണ് 2017ൽ വയനാട്ടിലേക്ക് എത്തിയത്.
Content Highlights : soumya ldf candidate Kalpetta