ശബരിമല സ്വര്‍ണക്കൊള്ള: ജയറാമിനെ സാക്ഷിയാക്കാന്‍ നീക്കം; മൊഴിയെടുക്കാന്‍ സമയം തേടി എസ്‌ഐടി

സൗകര്യമുള്ള ദിവസം മുന്‍കൂട്ടി അറിയിക്കണമെന്നാണ് നിര്‍ദേശം

ശബരിമല സ്വര്‍ണക്കൊള്ള: ജയറാമിനെ സാക്ഷിയാക്കാന്‍ നീക്കം; മൊഴിയെടുക്കാന്‍ സമയം തേടി എസ്‌ഐടി
dot image

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നടന്‍ ജയറാമിനെ സാക്ഷിയാക്കാന്‍ നീക്കം. ജയറാമിന്റെ മൊഴിയെടുക്കാന്‍ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) സമയം തേടി. സൗകര്യമുള്ള ദിവസം മുന്‍കൂട്ടി അറിയിക്കണമെന്നാണ് നിര്‍ദേശം. നേരത്തേ ജയറാമില്‍ നിന്നും പ്രാഥമികമായി വിവരങ്ങള്‍ തേടിയിരുന്നു. കൂടുതല്‍ സാക്ഷികളെ കണ്ടെത്താനും നീക്കമുണ്ട്. സ്വര്‍ണ പാളികള്‍ ജയറാമിന്റെ വീട്ടില്‍ കൊണ്ടുവന്ന വിവരം റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടിരുന്നു.

ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയിലേക്ക് മറ്റൊരു കട്ടിളപ്പടി കൂടി സ്പോണ്‍സര്‍ ചെയ്തിരുന്നുവെന്നുള്ള വിവരം പുറത്തുവന്നിരുന്നു. ഇതിന്റെ പൂജാ ചടങ്ങുകളിലായിരുന്നു ജയറാം പങ്കെടുത്തത്. ആന്ധ്രപ്രദേശ് സ്വദേശിയായ വ്യവസായിയും അയ്യപ്പഭക്തനുമായ ധനികനാണ് ഇതിന് പണം ചെലവഴിച്ചത്. ആന്ധ്രപ്രദേശിലായിരുന്നു നിര്‍മാണം.

2019 ഏപ്രില്‍-ജൂലൈ മാസങ്ങള്‍ക്ക് ഇടയിലായിരുന്നു കട്ടിളപ്പടിയുടെ നിര്‍മാണം എന്നാണ് വിവരം. ഇത് പിന്നീട് ചെന്നൈയില്‍ എത്തിച്ച് സ്വര്‍ണം പൂശി. തുടര്‍ന്ന് ചെന്നൈയില്‍ തന്നെ എത്തിച്ച് പൂജ നടത്തി. ഇതിലാണ് നടന്‍ ജയറാമും ഗായകന്‍ വീരമണിയും പങ്കെടുത്തത്. ഇതേ വാതില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി താന്‍ ജോലി ചെയ്യുന്ന ബെംഗളൂരുവിലെ ശ്രീറാംപുരിലെ അയ്യപ്പ ക്ഷേത്രത്തിലും എത്തിച്ചിരുന്നു.

അതേസമയം സംഭവം വിവാദമായതോടെ അന്വേഷണവുമായി സഹകരിക്കുമെന്ന് ജയറാം വ്യക്തമാക്കിയിരുന്നു. അയ്യപ്പന്‍ തന്ന നിയോഗമാണെന്ന് കരുതിയാണ് പൂജ ചെയ്തതെന്ന് ജയറാം പറഞ്ഞിരുന്നു. ഇത്രയും വലിയ പ്രശ്നമാകുമെന്ന് കരുതിയില്ലെന്നും അദ്ദേഹം റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു.

Content Highlights: Sabarimala Gold Case SIT to make actor Jayaram as witness

dot image
To advertise here,contact us
dot image