

കണ്ണൂര്‍: പാലത്തായി കേസില്‍ വര്‍ഗീയ പരാമര്‍ശവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാസെക്രട്ടറിയേറ്റ് അംഗം പി ഹരീന്ദ്രന്‍. പീഡിപ്പിച്ചയാള്‍ ഹിന്ദു ആയതിനാലാണ് കേസില്‍ എസ്ഡിപിഐ നിലപാട് എടുത്തതെന്നും ഉസ്താദുമാര്‍ പീഡിപ്പിച്ച കേസില്‍ പ്രതിഷേധമോ മുദ്രാവാക്യമോ ഇല്ലെന്നും പി ഹരീന്ദ്രന്‍ പറഞ്ഞു. സങ്കുചിത രാഷ്ട്രീയമാണ് പാലത്തായി കേസില്‍ എസ്ഡിപിഐ സ്വീകരിച്ചതെന്നും പി ഹരീന്ദ്രന്‍ പറഞ്ഞു.
'കേരളത്തില്‍ ഉസ്താദുമാര്‍ പീഡിപ്പിച്ച ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും എത്ര വാര്‍ത്തകള്‍ നമ്മള്‍ കേള്‍ക്കുന്നു. ഏത് ഉസ്താദ് പീഡിപ്പിച്ച കേസ് ആണ് കേരളത്തില്‍ ഇത്രയും വിവാദമായിട്ടുള്ളത്. ആ കേസില്‍ എന്ത് സംഭവിച്ചു, നിങ്ങളുടെ പ്രശ്‌നം പീഡിപ്പിക്കപ്പെട്ടുവെന്നതല്ല. പീഡിപ്പിച്ചത് ഹിന്ദുവാണ്, പീഡിപ്പിക്കപ്പെട്ടത് മുസ്ലിം പെണ്‍കുട്ടിയാണ് എന്നതാണ്. ആ ഒരൊറ്റ ചിന്ത മാത്രമാണ് എസ്ഡിപിഐക്കാരുടേത്. അത് ലീഗിന്റെ ചിന്തയാണ്. വര്‍ഗീയതയാണ്. എത്ര ഉസ്താദുമാര്‍ എത്ര കുട്ടികളെ പീഡിപ്പിച്ചു. ആ കേസുകള്‍ക്ക് എന്ത് സംഭവിച്ചുവെന്ന് ഇവരാരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ? നിങ്ങളുടേത് വര്‍ഗീയതാണ്. ഞങ്ങള്‍ കമ്മ്യൂണിസ്റ്റുകാര്‍ അങ്ങനെയല്ല പ്രശ്‌നങ്ങളെ കാണുന്നത്', പി ഹരീന്ദ്രന്‍ പറഞ്ഞു. ബിജെപി മുന്‍ പ്രാദേശിക നേതാവും അധ്യാപകനുമായിരുന്ന കെ പത്മരാജന്‍ ശിക്ഷിക്കപ്പെട്ട കേസിലാണ് സിപിഐഎം നേതാവിന്റെ പ്രസ്താവന.
ഹരീന്ദ്രന്റെ പ്രസ്താവനയ്‌ക്കെതിരെ മുസ്ലിം ലീഗ് രംഗത്തെത്തി. ഹരീന്ദ്രന്റേത് വര്‍ഗീയ പ്രസ്താവനയാണെന്ന് ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുള്‍ കരീം ചേലേരി പറഞ്ഞു. പാലത്തായി കേസില്‍ എങ്ങനെയാണ് മതം കാണാന്‍ കഴിയുന്നുവെന്നും ലീഗ് മതം നോക്കി സമീപനം എടുത്തിട്ടില്ലെന്നും അബ്ദുള്‍ കരീം ചേലേരി പറഞ്ഞു.
അതിനിടെ പത്മരാജനെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു. അധ്യാപകനെ പിരിച്ചുവിട്ടുകൊണ്ട് സ്‌കൂള്‍ മാനേജര്‍ ഉത്തരവ് പുറപ്പെടുവിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. പ്രതിക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചതിന് ശേഷം ഇയാളെ സര്‍വീസില്‍ നിന്ന് നീക്കാന്‍ സ്‌കൂള്‍ മാനേജര്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് അടിയന്തിര നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിലാണ് ഇപ്പോള്‍ നടപടി.
Content Highlights: CPIM Leader P Hareendran Controversial Comment over palathayi case