

തൃശൂര്‍: പശുവിനെ സംരക്ഷിക്കണമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്ണന്‍. ഗ്രാമങ്ങളില്‍ ഒരു വീട്ടില്‍ സ്വയംപര്യാപ്തതയ്ക്ക് ഒരു പശുവെങ്കിലും വേണം. പശുവിനെ സംരക്ഷിക്കുക എന്ന് പറഞ്ഞാല്‍ ചാടിക്കടിക്കുന്നവരാണ് കോണ്‍ഗ്രസും സിപിഐഎമ്മും. പശുവിനെയും കാളയേയുമൊക്കെ പരസ്യമായി അറക്കുകയാണ്. താന്‍ ടൗണില്‍ ജീവിക്കുന്ന ആളാണ്. പശുവിനെ വളര്‍ത്താന്‍ സാധിക്കാത്ത സാഹചര്യമാണുള്ളതെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് റിപ്പോര്‍ട്ടര്‍ ടിവി സംഘടിപ്പിക്കുന്ന 'ഇലക്ഷന്‍ ഓണ്‍ വീല്‍സ്' എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ബി ഗോപാലകൃഷ്ണന്‍. താന്‍ വെജിറ്റേറിയനല്ലെന്നും ശുദ്ധമായ പോത്തിറച്ചി ലഭിച്ചാല്‍ കഴിക്കുമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഗോപു വെജിറ്റേറിയനാണോ, ബീഫ് കഴിക്കുമോ എന്ന സിപിഐ നേതാവ് വി എസ് സുനിൽ കുമാറിൻ്റെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു ഗോപാലകൃഷ്ണൻ്റെ പ്രതികരണം.
ഗോപാലകൃഷ്ണനൊപ്പം മുന്‍മന്ത്രിയും സിപിഐ നേതാവുമായ വി എസ് സുനില്‍ കുമാര്‍, കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര എന്നിവരും പരിപാടിയില്‍ പങ്കെടുത്തു. തെരഞ്ഞെടുപ്പ് വിഷയങ്ങളെ കുറിച്ച് തുടങ്ങിയ ചര്‍ച്ച ഒരുഘട്ടത്തില്‍ 'പശു'വിലേയ്ക്ക് എത്തുകയായിരുന്നു. പശു ഉണ്ടായിരുന്നെങ്കില്‍ ഒരുപക്ഷേ നേരത്തേ എഴുന്നേല്‍ക്കുമായിരുന്നു എന്ന് പറഞ്ഞുകൊണ്ട് വി എസ് സുനില്‍ കുമാറാണ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ഇതോടെ ഗോപാലകൃഷ്ണന്‍ ഇടപെട്ടു. നിങ്ങള്‍ക്ക് പശുവിനെ വേണമെന്നും തങ്ങള്‍ എന്തെങ്കിലും പറഞ്ഞാല്‍ അപ്പോള്‍ അതിനെ എതിര്‍ക്കുമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഇതിനിടെ അനില്‍ അക്കരെ ഇടപെടുകയും യേശുക്രിസ്തു എവിടെയാണ് ജനിച്ചതെന്നും ചോദിച്ചു. ഇതോടെ യേശുക്രിസ്തു വെജിറ്റേറിയനാണെന്നാണ് ഒരു ബിഷപ്പ് പറഞ്ഞത് എന്നായി ഗോപാലകൃഷ്ണന്‍. പിന്നാലെ സുനില്‍കുമാര്‍ ഇടപെടുകയും ഗോപി വെജിറ്റേറിയനാണോ, ബീഫ് കഴിക്കുമോ എന്ന ചോദ്യം ഉന്നയിക്കുകയും ചെയ്തു. താന്‍ വെജിറ്റേറിയന്‍ അല്ലെന്നും ശുദ്ധമായ പോത്തിറച്ചി തന്നാൽ കഴിക്കുമെന്നുമായിരുന്നു ഗോപാലകൃഷ്ണന്റെ മറുപടി. താന്‍ കളവ് പറയാറില്ലെന്നും സത്യസന്ധമായ കാര്യം മാത്രമേ പറയൂ എന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. പശുവിനെ സംരക്ഷിക്കുക എന്ന് പറഞ്ഞാല്‍ ചാടിക്കടിക്കുന്ന ആള്‍ക്കാരാണ് ഇവർ രണ്ടുപേരുമെന്നും സുനിൽകുമാറിനേയും അനിലിനേയും ലക്ഷ്യംവെച്ച് ഗോപാലകൃഷ്ണന്‍ ഹാസ്യ രൂപത്തില്‍ പറഞ്ഞു.
ഇതോടെ ഗോപാലകൃഷ്ണന് സുനില്‍കുമാര്‍ ഒരു പശുവിനെ വാഗ്ദാനം ചെയ്തു. വളര്‍ത്താന്‍ തയ്യാറാണോ എന്നും ചോദിച്ചു. സുനില്‍ പശുവിനെ നല്‍കിയാല്‍ വളര്‍ത്താമെന്നായി ഗോപാലകൃഷ്ണന്‍. ഇത് കേട്ടുകൊണ്ടിരുന്ന അനില്‍ അക്കരെ വിഷയത്തില്‍ ഇടപെടുകയും തന്റെ വീട്ടില്‍ വെച്ചൂര്‍ പശു അടക്കമുണ്ടെന്ന് പറയുകയും ചെയ്തു. ഗോപാലകൃഷ്ണന്‍ പശുവിനെ വളര്‍ത്താന്‍ തയ്യാറാണെങ്കില്‍ ഒരു പശു കിടാവിനെ നല്‍കാന്‍ തയ്യാറാണെന്നും പറഞ്ഞു. പശുവിനെ വളര്‍ത്തി വലുതാക്കി കാണിക്കണം. അതിനിടയ്ക്ക് വില്‍ക്കുന്നുണ്ടോ എന്നും അറിയണം. ജനുവരി ഒന്നിന് പൊതുപരിപാടിയില്‍വെച്ച് ഗോപാലകൃഷ്ണന് പശു കിടാവിനെ നല്‍കുമെന്നും അനില്‍ അക്കര പറഞ്ഞു. പശു കിടാവിനെ കിട്ടിയാല്‍ വളര്‍ത്തുമെന്നായി ഗോപാലകൃഷ്ണന്‍. ഇവര്‍ രണ്ട് കൂട്ടരും ചെയ്യുന്നതുപോലെ പൊതുമധ്യത്തില്‍ അറക്കില്ല. പശുവിനെ പരസ്യമായി അറക്കുന്നത് കോണ്‍ഗ്രസാണെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഇതോടെ അനില്‍ അക്കര ഇടപെട്ടു. തന്റെ വീട്ടിൽ ഒന്‍പതോളം പശുക്കളുണ്ടായിരുന്നുവെന്നും കറവ വറ്റിയാല്‍ ഇവയെ വില്‍ക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നും അനില്‍ അക്കര പറഞ്ഞു. ഇതിനിടെ ഗോപാലകൃഷ്ണന് പശുക്കളില്‍ എത്ര ഇനങ്ങളെ അറിയാമെന്ന ചോദ്യമുയര്‍ന്നു. ഇതിന് മറുപടി പറഞ്ഞത് സുനില്‍ കുമാറാണ്. ഗോപാലകൃഷ്ണന് ഒരു വെറൈറ്റിയേ അറിയൂ എന്നും അത് ഗോമാതാവാണെന്നുമായിരുന്നു സുനില്‍കുമാര്‍ പറഞ്ഞത്. അത് സത്യമാണെന്നായിരുന്നു ഗോപാലകൃഷ്ണന്‍ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞത്.
ഇതിന് പിന്നാലെ ചര്‍ച്ച വീണ്ടും യേശുക്രിസ്തുവിലേക്കെത്തി. യേശുക്രിസ്തു ബിജെപിയാണോ എന്ന് ചോദ്യമുയര്‍ന്നതോടെ ഗോപാലകൃഷ്ണന്‍ അതിനുള്ള മറുപടി നല്‍കി. യേശുക്രിസ്തു ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഇടതിനെയും വലതിനെയും ചാട്ടവാര്‍ കൊണ്ട് അടിച്ച് പുറത്താക്കുമെന്നായിരുന്നു ഗോപാലകൃഷ്ണന്‍ പറഞ്ഞത്. നല്ലത് ചെയ്യുന്നവര്‍ക്കൊപ്പം യേശു നില്‍ക്കുമായിരുന്നുവെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.
Content Highlights- If i get pure beef i will eat says bjp leader b gopalakrishnan to reporter special election programme