റിട്ടേണിംഗ് ഓഫീസർ CPIM ഭീഷണിക്ക് വഴങ്ങി,പത്രികയിലേത് തന്റെഒപ്പ് തന്നെ;മലപ്പട്ടത്ത് പത്രികതള്ളപ്പെട്ട നിത്യശ്രീ

കണ്ണൂരിൽ സ്ഥാനാർത്ഥികളെ സിപിഐഎം ഭീഷണിപ്പെടുത്തിയെന്ന് കോൺഗ്രസ്

റിട്ടേണിംഗ് ഓഫീസർ CPIM ഭീഷണിക്ക് വഴങ്ങി,പത്രികയിലേത് തന്റെഒപ്പ് തന്നെ;മലപ്പട്ടത്ത് പത്രികതള്ളപ്പെട്ട നിത്യശ്രീ
dot image

കണ്ണൂർ: സിപിഐഎമ്മിനെതിരെ ഗുരുതര ആരോപണവുമായി മലപ്പട്ടം കോവുന്തല വാർഡിൽ പത്രിക തള്ളപ്പെട്ട യുഡിഎഫ് സ്ഥാനാർത്ഥി നിത്യശ്രീ രംഗത്ത്. റിട്ടേണിംഗ് ഓഫീസർ സിപിഐഎം ഭീഷണിക്ക് വഴങ്ങിയെന്നും പത്രികയിലേത് തന്റെ ഒപ്പ് തന്നെയാണെന്ന് റിട്ടേണിംഗ് ഓഫീസർ സാക്ഷ്യപ്പെടുത്തിയതാണെന്നും നിത്യശ്രീ പറഞ്ഞു. അപേക്ഷയിലെ ഒപ്പ് വ്യാജമാണെന്ന് കണ്ടാണ് നിത്യശ്രീയുടെ പത്രിക റിട്ടേണിംഗ് ഓഫീസർ തള്ളിയത്.

സൂക്ഷ്മപരിശോധനയ്ക്കിടെ അപേക്ഷയിലെ ഒപ്പ് വ്യാജമാണെന്ന് ആരോപണം ഉയർന്നിരുന്നു ഇതിന് പിന്നാലെ നിത്യശ്രീയെ വിളിച്ചുവരുത്തി റിട്ടേണിംഗ് ഓഫീസറുടെ മുന്നിൽവെച്ച് മറ്റൊരു പേപ്പറിൽ ഒപ്പ് ഇട്ടു നൽകാൻ ആവശ്യപ്പെടുകയായിരുന്നു. നിത്യശ്രീ സമർപ്പിച്ച നോമിനേഷനിലെ ഒപ്പും ആർഒയുടെ മുന്നിൽവെച്ച് ഇട്ടുനൽകിയ ഒപ്പും തമ്മിൽ യാതൊരു ബന്ധവും ഇല്ലെന്ന് കണ്ടെത്തുകയും ഇതോടെ പത്രിക തള്ളുകയുമായിരുന്നുവെന്നാണ് വിവരം.

സിപിഐഎം പ്രവർത്തകർ ഭീഷണിപ്പെടുത്തിയതോടെ റിട്ടേണിങ് ഓഫീസർ പത്രിക തള്ളുകയായിരുന്നുവെന്നും ഓഫീസറുടെ മുന്നിൽവച്ച് തന്നെയാണ് ഒപ്പിട്ടതെന്നും നിത്യശ്രീ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി കളക്ടർക്ക് പരാതി നൽകുമെന്നും നിത്യശ്രീ വ്യക്തമാക്കി. വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതോടെ എൽഡിഎഫിന്റെ എം വി ഷിഗിന എതിരില്ലാതെ വിജയിച്ചു.

അതേസമയം കണ്ണൂരിൽ സ്ഥാനാർത്ഥികളെ സിപിഐഎം ഭീഷണിപ്പെടുത്തിയെന്ന് കോൺഗ്രസ് ആരോപിച്ചു. എല്ലായിടത്തും സ്ഥാനാർത്ഥികളെ നിർത്താൻ ശ്രമിച്ചെന്ന് ഡിസിസി പ്രസിഡൻറ് മാർട്ടിൻ ജോർജ് പറഞ്ഞു. ആന്തൂരിലും മലപ്പട്ടത്തും പത്രിക നൽകിയവരെ സിപിഐഎം ഭീഷണിപ്പെടുത്തി. പത്രിക പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണിയെന്ന് അദ്ദേഹം ആരോപിച്ചു. മലപ്പട്ടത്തെ സ്ഥാനാർത്ഥി റിട്ടേണിങ് ഓഫീസറുടെ മുന്നിൽ വച്ചാണ് പത്രിക നൽകി ഒപ്പിട്ടത്. എന്നിട്ടും ഒപ്പ് വ്യാജം എന്ന് പറഞ്ഞ് കോവുന്തല വാർഡിലെ സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയെന്നും മാർട്ടിൻ ജോർജ് പറഞ്ഞു.

Content Highlights : The returning officer succumbed to the threat of the CPIM says UDF candidate

dot image
To advertise here,contact us
dot image