

ഇടുക്കി: ചെറുതോണിയിൽ സ്‌കൂൾ ബസ് കയറി പ്ലേ സ്‌കൂൾ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ. അപകടമുണ്ടായ വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്കൂളിനോടും പൊലീസിനോടും അടിയന്തരമായി റിപ്പോർട്ട് നൽകാൻ കമ്മീഷൻ ആവശ്യപ്പെട്ടു. സ്‌കൂളിനുണ്ടായത് ഗുരുതര വീഴ്ചയെന്ന് ബാലാവകാശ കമ്മീഷൻ വ്യക്തമാക്കി. വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്‌കൂളിനെതിരെ നടപടി ഉണ്ടാകും. സ്‌കൂൾ സേഫ്റ്റി പ്രോട്ടോകോൾ പാലിച്ചില്ലെന്നും ഇത് യാദൃശ്ചികമായി സംഭവിച്ച അപകടമായി കാണാൻ കഴിയില്ലെന്നുമാണ് ബാലാവകാശ കമ്മീഷൻ അംഗം കെ കെ ഷാജു പറഞ്ഞത്.
പ്രോട്ടോകോളിൽ വീഴ്ചയുണ്ടായി. ക്ലാസ് മുറിയിൽ കുട്ടികൾ കയറും വരെ കുട്ടികളെത്തിയ വാഹനം മുന്നോട്ട് എടുക്കാൻ പാടില്ല. അത് ഉറപ്പുവരുത്തേണ്ട ചുമതല പ്രിൻസിപ്പാളിനാണ്. നാളെ ഒരു സ്‌കൂളിനും ഇത്തരത്തിലുള്ള വീഴ്ച സംഭവികാതിരിക്കാനുള്ള വിധത്തിലുള്ള നിർദേശങ്ങൾ കമ്മീഷന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ചയാണ് വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്‌കൂളിലെ വിദ്യാർത്ഥിയും തടിയമ്പാട് സ്വദേശിയുമായ ഹെയ്‌സൽ ബെൻ (നാല്) സ്‌കൂൾ മുറ്റത്തുണ്ടായ അപകടത്തിൽ മരിച്ചത്. സ്‌കൂൾ ബസിൽ വന്നിറങ്ങിയ വിദ്യാർത്ഥി ക്ലാസിലേക്ക് കയറാനായി ബസിന് പുറകിലൂടെ നടക്കുകയായിരുന്നു. ഇതിനിടെ സ്‌കൂളിലെ മറ്റൊരു ബസ് ഇടിക്കുകയും ശരീരത്തിലൂടെ കയറുകയായിരുന്നുവെന്നുമാണ് വിവരം. ഉടൻ തന്നെ കുട്ടിയെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മറ്റൊരു കുട്ടിക്കും അപകടത്തിൽ പരിക്കേറ്റിരുന്നു.
അതേസമയം അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സ്‌കൂൾ മാനേജ്മെന്റ് രംഗത്ത് വന്നിരുന്നു. ഒരിക്കലും നടക്കാൻ പാടില്ലാത്ത കാര്യമാണ് സംഭവിച്ചതെന്നും ക്ലാസ് മുറിയിലേക്ക് കുട്ടികൾ വഴിതെറ്റിച്ചോടിയതാണ് അപകടകാരണമെന്നുമായിരുന്നു സ്‌കൂൾ അധികൃതരുടെ പ്രതികരണം. സംഭവത്തിൽ ആർക്കെങ്കിലും വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്നും സ്‌കൂൾ അധികൃതർ അറിയിച്ചിരുന്നു.
Content Highlights: four year child accident death in school; Child Rights Commission says the school committed a serious lapse