

മലപ്പുറം: സര്‍ക്കാര്‍ പുതുതായി പ്രഖ്യാപിച്ച സ്ത്രീ സുരക്ഷാ പെന്‍ഷന്‍ പദ്ധതിയുടെ പേരില്‍ തട്ടിപ്പ്. തെരഞ്ഞെടുപ്പ് മറയാക്കി വ്യാജ അപേക്ഷാഫോമുകളുടെ വിതരണം വ്യാപകമാണ് എന്നാണ് പരാതി. മലപ്പുറം ജില്ലയില്‍ വിവിധ ഇടങ്ങളില്‍ വോട്ടര്‍മാരില്‍ നിന്നും ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങി. വഴിക്കടവിലാണ് വ്യാപകമായി ഇത്തരം ഫോമുകള്‍ വിതരണം ചെയ്തത്. വ്യാജ ഫോം വിതരണത്തിന് പിന്നില്‍ എല്‍ഡിഎഫ് ആണെന്ന ആരോപണവുമായി മുസ്‌ലിം ലീഗ് രംഗത്തെത്തി. പെരുമാറ്റ ചട്ട ലംഘനമാണ് നടക്കുന്നതെന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇസ്മായില്‍ മൂത്തേടം പറഞ്ഞു.
മാര്‍ഗനിര്‍ദേശങ്ങള്‍ മാത്രം പുറപ്പെടുവിച്ച സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതിയുടെ പേരിലാണ് ഫോം വിതരണം നടക്കുന്നത്. ഫോമുകള്‍ വ്യാജമാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. പെരുമാറ്റച്ചട്ടത്തിന്റെ കീഴില്‍ വരുന്നതിനാല്‍ അപേക്ഷകള്‍ സ്വീകരിക്കാന്‍ പാടില്ലെന്ന് തെരഞ്ഞെടുപ്പ് ചുമതലയുളള ഡെപ്യൂട്ടി കളക്ടര്‍ സ്മിതാ റാണി പറഞ്ഞു. തെരഞ്ഞെടുപ്പ് ജില്ലാ തല മോണിറ്ററിംഗ് സമിതിയുടെ യോഗത്തിലാണ് ഡെപ്യൂട്ടി കളക്ടര്‍ അപേക്ഷകള്‍ സ്വീകരിക്കാന്‍ പാടില്ലെന്ന നിര്‍ദേശം നല്‍കിയത്.
സ്ത്രീസുരക്ഷാ പദ്ധതി അപേക്ഷാ ഫോം എന്ന പേരില്‍ വിതരണം ചെയ്യുന്ന ഫോമില്‍ പേര്, വീട്ടുപേര്, പിന്‍കോഡ്, വീട്ടുനമ്പര്‍, മൊബൈന്‍ നമ്പര്‍, ആധാര്‍ നമ്പര്‍, ജനന തീയതി, പ്രായം, റേഷന്‍ കാര്‍ഡ് നമ്പര്‍, ബാങ്ക് പേര്, ശാഖ, ഐഎഫ്എസ്സി, അക്കൗണ്ട് നമ്പര്‍ തുടങ്ങിയ വിവരങ്ങളാണ് പൂരിപ്പിക്കേണ്ടത്. നിലവില്‍ ഏതെങ്കിലും സാമൂഹ്യസുരക്ഷാ പദ്ധതിയുടെ ഗുണഭോക്താവാണോ എന്നും കേരളത്തില്‍ എത്രവര്‍ഷമായി സ്ഥിരതാമസമാണെന്നും ചോദിക്കുന്നുണ്ട്. അപേക്ഷയോടൊപ്പം പ്രായം തെളിയിക്കുന്ന രേഖയും റേഷന്‍ കാര്‍ഡിന്റെയും ആധാര്‍ കാര്‍ഡിന്റെയും ബാങ്ക് പാസ്ബുക്കിന്റെയും പകര്‍പ്പും നല്‍കണമെന്നാണ് ആവശ്യം.അതേസമയം, സംഭവത്തില്‍ പ്രതികരണവുമായി സിപിഐഎമ്മിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി എ ടി റെജി രംഗത്തെത്തി. സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ച സമയത്ത് നടത്തിയ ക്യാംപെയ്ന്‍ ആണ് ഇതെന്നും അര്‍ഹതപ്പെട്ട ആളുകളെ കണ്ടെത്താനായി നിര്‍മ്മിച്ച ഡാറ്റ കളക്ഷനാണ് ഇതെന്നുമാണ് റെജിയുടെ വാദം. പദ്ധതിയില്‍ ഉള്‍പ്പെടാന്‍ നാട്ടില്‍ അര്‍ഹരായവരെ കണ്ടെത്താനായി നടത്തിയ ഡാറ്റ കളക്ഷനാണ് അതെന്നും വിവരശേഖരണമാണ് നടത്തിയതെന്നും റെജി പറഞ്ഞു.
Content Highlights- Muslim league complaint against ldf