

തിരുവനന്തപുരം: വര്‍ക്കല മുന്‍സിപ്പാലിറ്റിയില്‍ സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസില്‍ തര്‍ക്കം. മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് ജസീന ഹാഷിം രാജിവെച്ചു. കോണ്‍ഗ്രസിന്റെ അംഗത്വവും രാജിവച്ചുവെന്ന് ജസീന ഹാഷിം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജസീനയ്‌ക്കെതിരെ മത്സരിച്ച സുമയ്യക്ക് പാര്‍ട്ടി സീറ്റ് നല്‍കി.
ഇതില്‍ പ്രതിഷേധിച്ചാണ് ജസീന ഹാഷിം രാജിവെച്ചത്. 20-ാം വാര്‍ഡില്‍ പാര്‍ട്ടി ആദ്യം പരിഗണിച്ചത് തന്നെയാണെന്ന് ജസീന പറഞ്ഞു. സീറ്റ് നല്‍കാത്തതിനാലല്ല രാജിവെച്ചതെന്നും ജസീന വ്യക്തമാക്കി. വര്‍ക്കല മുനിസിപ്പാലിറ്റിയില്‍ 20-ാം വാര്‍ഡിലാണ് സുമയ്യ മത്സരിക്കുന്നത്. സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന കാര്യം ആലോചനയിലുണ്ടെന്ന് ജസീന പറഞ്ഞു.
അതേസമയം, നഗരസഭയിലെ കുന്നത്തൂര്‍മേട് നോര്‍ത്ത് വാര്‍ഡിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ച് പാലക്കാട് കോണ്‍ഗ്രസിലും കൂട്ടരാജിയുണ്ടായി. കോണ്‍ഗ്രസ് ഡിസിസി മെമ്പര്‍ കിദര്‍ മുഹമ്മദ്, ബ്ലോക്ക്-മണ്ഡലം ഭാരവാഹികള്‍, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ 50 പ്രവര്‍ത്തകരാണ് രാജിവെച്ചത്. പ്രവര്‍ത്തകര്‍ ഡിസിസി അധ്യക്ഷന് രാജിക്കത്ത് കൈമാറി. കുന്നത്തൂര്‍മേട് നോര്‍ത്ത് വാര്‍ഡില്‍ കുടുംബവാഴ്ചയ്ക്ക് ഡിസിസി നേതൃത്വം ഒത്താശ ചെയ്യുന്നുവെന്ന് നേതാക്കള്‍ ആരോപിച്ചു.
പാലക്കാട് ഡിസിസിക്കെതിരെ മഹിള കോണ്‍ഗ്രസ് നേതാവും രംഗത്തെത്തിയിരുന്നു. പാലക്കാട് പല വാര്‍ഡുകളിലും പണം വാങ്ങി ഡിസിസി നേതൃത്വം സീറ്റ് കച്ചവടം നടത്തിയെന്ന് മഹിളാ കോണ്‍ഗ്രസ് നേതാവ് ആരോപിച്ചു. പിരായിരിയിലെ മുന്‍ കൗണ്‍സിലറും മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ പ്രീജാ സുരേഷിന്റേതാണ് ആരോപണം. പിരായിരി പഞ്ചായത്തിലെ കൊടുന്തിരപ്പുള്ളി വാര്‍ഡില്‍ സീറ്റ് നല്‍കാമെന്ന് തനിക്ക് ഉറപ്പ് നല്‍കി. എന്നാല്‍ പണം വാങ്ങി ഡിസിസി നേതൃത്വം മറ്റൊരാള്‍ക്ക് സീറ്റ് നല്‍കിയെന്ന് ശ്രീജ സുരേഷ് ആരോപിച്ചു.
Content Highlights: Conflict in varkala muncipality congress seat sharing